ലണ്ടൻ: വിംബിൾഡണിൽ ഇറ്റാലിയൻ താരം ലൊറൻസോ മുസറ്റിയെ പരാജയപ്പെടുത്തി ഫൈനൽ ബർത്ത് ഉറപ്പിച്ച് നൊവാക് ദ്യോകോവിച്. സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് 6-4, 7-6(2), 6-4 എന്ന സ്കോറിനാണ് 25-ാം സീഡായ മുസറ്റിയെ സെർബിയൻ താരം കീഴടക്കിയത്. ഇതോടെ ഫൈനൽ പോരാട്ടം കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായി. ഡാനിൽ മെദ്വദേവിനെ വീഴ്ത്തിയ കാർലോസ് അൽകാരസ് നേരത്തെ ഫൈനലിൽ പ്രവേശിച്ചിരുന്നു.
ആദ്യ സെറ്റ് വെല്ലുവിളിയില്ലാതെ പൂർത്തിയാക്കാൻ ദ്യോകോവിചിന് കഴിഞ്ഞപ്പോൾ, രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. പരിചയ സമ്പന്നനായ സെർബിയൻ താരം ടൈബ്രേക്കർ സ്വന്തമാക്കി. മൂന്നാം സെറ്റിൽ പഴുതുകളില്ലാത്ത അടവുമായി കളം നിറഞ്ഞതോടെ ദ്യോകോ വിബിംൾഡണിലെ തന്‍റെ പത്താം ഫൈനലിലേക്ക് പ്രവേശിച്ചു. ജയിച്ചാൽ കിരീടം നേടുന്ന പ്രായമേറിയ താരമെന്ന നേട്ടവും ദ്യോകോവിച്ചിന് സ്വന്തമാക്കാം.
ടെന്നിസിലെ തലമുറ മാറ്റം അറിയിച്ച് കടന്നുവന്ന അൽകാരസ്, കഴിഞ്ഞ വർഷം അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ദ്യോകോവിചിനെ കീഴടക്കി വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. 2022ൽ യു.എസ് ഓപ്പൺ നേടി വരവറിയിച്ച അൽകാരസിന്‍റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമായിരുന്നു അത്. ഇത്തവണ ഫൈനലിൽ ജയിച്ചാൽ റോജർ ഫെഡററുടെ എട്ട് വിംബിൾഡൺ കിരീടമെന്ന നേട്ടത്തിനൊപ്പം എത്താൻ ദ്യോകോവിചിനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.