കഴിഞ്ഞ വിംബിൾഡണിൽ നിലവിലുണ്ടായിരുന്ന റഷ്യൻ താര വിലക്ക് നീക്കി ഓൾ ഇംഗ്ലണ്ട് ക്ലബ്. ദേശത്തിന്റെ പേരിലല്ലാതെ ഇവർക്ക് മത്സരിക്കാം. റഷ്യക്കൊപ്പം ബെലറൂസ് താരങ്ങൾക്കും വിലക്ക് ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ മൂന്നിന് ഈ വർഷത്തെ വിംബിൾഡൺ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഇളവ് ലോക ആറാം നമ്പർ താരം ഡാനിൽ മെദ്‍വദേവ്, വനിത രണ്ടാം നമ്പർ അരിന സബലെങ്ക തുടങ്ങിയ പ്രമുഖർക്ക് അനുഗ്രഹമാകും.
യുക്രെയ്നു മേൽ റഷ്യ നടത്തിയ അധിനിവേശത്തെ ഇപ്പോഴും എതിർക്കുന്നുവെന്നും യുക്രെയ്നിലെ ജനതക്കൊപ്പം നിൽക്കുന്നുവെന്നും ഓൾ ഇംഗ്ലണ്ട് ക്ലബ് ചെയർമൻ ഇയാൻ ഹെവിറ്റ് പറഞ്ഞു. വിംബിൾഡണിനു പുറമെ ഇംഗ്ലണ്ടിൽ നടക്കുന്ന മറ്റു ടൂർണമെന്റുകളായ ക്യൂൻസ്, ഈസ്റ്റ്ബോൺ എന്നിവയിലും ഇരുരാജ്യങ്ങളിലെയും താരങ്ങൾക്ക് അനുമതിയുണ്ടാകും. റഷ്യ, ബെലറൂസ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് നേരത്തെ ഓൾ ഇംഗ്ലണ്ട് ക്ലബിനും ലോൺ ടെന്നിസ് അസോസിയേഷനും രാജ്യാന്തര സംഘടന പിഴയിട്ടിരുന്നു.
റാങ്കിങ്ങിൽ ആദ്യ 10ലുള്ള റഷ്യൻ താരങ്ങളായ മെദ്‍വദേവ്, ആൻഡ്രേ റുബലേവ്, ഡാരിയ കസാറ്റ്കിന എന്നിവർക്കെല്ലാം ഇതോടെ അവസരമൊരുങ്ങും. ഈ വർഷം ആസ്ട്രേലിയൻ ഓപൺ ജേതാവായ അരീന സബലെങ്ക ബെലറൂസ് താരമാണ്.
മത്സരത്തിന് മുമ്പ് താരങ്ങൾ യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ സർക്കാറിനൊപ്പമല്ലെന്ന സത്യവാങ്മൂലം നൽകേണ്ടിവരും. സർക്കാർ സഹായം സ്വീകരിക്കുകയുമരുത്. സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളുടെ സ്പോൺസർഷിപ്പും ഉള്ളവരാകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.