ലണ്ടൻ: പരിചയവും പ്രതിഭയും സമം ചേർന്ന പ്രകടനവുമായി മൈതാനം നിറഞ്ഞ നിലവിലെ ചാമ്പ്യൻ നൊവാക് ദ്യോകോവിച്ചിനു മുന്നിൽ അടിയറവ് പറഞ്ഞ് പഴയ എതിരാളിയായ സ്റ്റാൻ വാവ്റിങ്ക. തുടക്കത്തിൽ ആധികാരികമായും ഒടുക്കം കടുത്ത പോരാട്ടത്തിലും കളി പിടിച്ചാണ് സെർബിയൻ താരം ചാമ്പ്യൻഷിപ്പിലേക്ക് ഒരു ചുവട് കൂടി അടുത്തത്. മൂന്നുവട്ടം ഗ്രാൻഡ് സ്ലാം ചാമ്പ്യനായ വാവ്റിങ്ക അതിൽ രണ്ടുവട്ടവും ഫൈനലിൽ ദ്യോകോയെ വീഴ്ത്തിയായിരുന്നു കപ്പുയർത്തിയത്. ഇത്തവണയും പതിവ് തുടരാമെന്ന പ്രതീക്ഷയോടെ എത്തിയ 38 കാരൻ പക്ഷേ, നേരിട്ടുള്ള മൂന്നു സെറ്റിൽ കളി കൈവിട്ടു. സ്കോർ 6-3 6-1 7-6 (7-5).
അതത് ദിവസത്തെ കളി അവസാനിപ്പിക്കാൻ സമയപരിധിയുള്ളതിനാൽ ആൻഡി മറേ- സിറ്റ്സിപാസ് മത്സരം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് പൂർത്തിയാക്കിയത്. കളി സിറ്റ്സിപാസ് ജയിച്ചു.
അതേ സമയം, ഇന്ത്യൻ പ്രതീക്ഷയായ രോഹൻ ബൊപ്പണ്ണയും ആസ്ട്രേലിയൻ താരം മാത്യു എബ്ഡെനും ചേർന്നുള്ള പുരുഷ കൂട്ടുകെട്ട് ആദ്യ മത്സരം ജയിച്ച് രണ്ടാം റൗണ്ടിലെത്തി. അർജന്റീന ജോഡികളെ 6-2 6-7 (5-7) 7-6 (10-8)നാണ് അവർ മറികടന്നത്. 43കാരനായ ബൊപ്പണ്ണയും 35കാരനായ എബ്ഡനും ചേർന്ന് ഈ വർഷം എ.ടി.പി ടൂറിൽ രണ്ട് ഡബ്ൾസ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ജോഡികളായ ജേക്കബ് ഫിയേൺലി- ജൊഹാനസ് മൺഡേ എന്നിവരാകും എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.