ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വാരിയ ഇന്ത്യൻ സംഘം ചൊവ്വാഴ്ച ഇംഗ്ലണ്ടിൽ നിന്ന് ഡൽഹിയിൽ പറന്നിറങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിൽ താരങ്ങൾക്ക് കായികപ്രേമികളും സംഘടനകളും പരിശീലകരും കുടുംബാംഗങ്ങളും ഗംഭീര വരവേൽപ്പാണ് നൽകിയത്.
ഓരോരുത്തരായി പുറത്തേക്ക് വരുമ്പോൾ ആർപ്പുവിളികളോടെ എതിരേറ്റു. സ്നേഹചുംബനങ്ങൾ നൽകിയും ആശ്ലേഷിച്ചും ഹാരമണിയിച്ചും കുടുംബാംഗങ്ങളും പരിശീലകരും സുഹൃത്തുക്കളും ഇവരെ സ്വീകരിച്ചു. 215 അംഗ സംഘത്തെയാണ് ഇന്ത്യ ബർമിങ്ഹാമിലേക്ക് അയച്ചത്. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഇവർ നേടി. മെഡൽപട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ചരിത്രത്തിലാദ്യമായി ട്രിപ്പ്ൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി ജേതാവ് അബ്ദുല്ല അബൂബക്കർ തുടങ്ങിയവരെല്ലാം ഇന്നലെ ഡൽഹിയിലെത്തി.
ഇരുവരും 3000 മീ. സ്റ്റീപ്ൾചേസ് വെള്ളി മെഡലുകാരൻ അവിനാശ് സാബ് ലെയും തുടർന്ന് ബംഗളൂരു സായിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി വൈകി ബർമിങ്ഹാമിൽ നടന്ന സമാപനച്ചടങ്ങിൽ ബോക്സിങ് ചാമ്പ്യൻ നിഖാത് സരീനും വെറ്ററൻ ടേബ്ൾ ടെന്നിസ് താരം അജന്ത ശരത് കമലും ദേശീയ പതാകയേന്തി. വർണാഭമായ പരിപാടികളോടെയാണ് 22ാമത് ഗെയിംസിന് തിരശ്ശീല വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.