മട്ടാഞ്ചേരി: കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് കായിക മേഖലക്ക് പുത്തനുണർവുമായി ഫോർട്ട്കൊച്ചിയിൽ ഫുട്ബാൾ മത്സരങ്ങൾ. ലഹരിക്കെതിരെ യുവജനങ്ങളെ ഉണർവിെൻറ പാതയിലേക്ക് നയിക്കാൻ കൊച്ചി സിറ്റി പൊലീസും പുതുവത്സരാഘോഷ ഭാഗമായി കൊച്ചിൻ കാർണിവൽ കമ്മിറ്റിയും മറ്റ് വിവിധ സംഘടനകളും ഡിസംബറിൽ എട്ടോളം ടൂർണമെൻറാണ് കൊച്ചി മേഖലയിൽ നടത്തുന്നത്. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, തോപ്പുംപടി, പള്ളുരുത്തി മേഖലകളാക്കി തിരിച്ച് ഇടക്കൊച്ചി ആശ്വാസ് ഭവൻ, തോപ്പുംപടി അംബേദ്കർ സ്റ്റേഡിയം, കൊച്ചിൻ കോളജ് മൈതാനം, ഫോർട്ട്കൊച്ചി വെളിഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഉണർവ് ഫുട്ബാൾ മത്സരം നടക്കുക. 16നും 17 നും മേഖല മത്സരങ്ങളും 18ന് സെമിയും 19ന് ഫൈനലും നടക്കുമെന്ന് മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടാതെ നിയമസംവിധാനത്തോടും നിയമവ്യവസ്ഥിതിയോടും ചേർന്നുനിന്ന് എങ്ങനെ ഒരു നല്ല സാമൂഹിക ജീവിതം കെട്ടിപ്പടുക്കാം എന്ന സന്ദേശം കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രചരിപ്പിക്കാൻ വേണ്ടിയാണ് ജനകീയ ഫുട്ബാൾ മത്സരമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ഫുട്ബാൾ അസോസിയേഷെൻറ അംഗീകാരവുമായാണ് സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഫുട്ബാൾ മത്സരവും നടക്കുന്നത്. പഴയകാല ഫുട്ബാൾ താരങ്ങൾ പങ്കെടുക്കുന്ന വെറ്ററൻസ് ഫുട്ബാൾ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
38 വർഷമായി ഫുട്ബാൾ ടൂർണമെൻറിെൻറ 'ഓൾ റൗണ്ടറായി ഹമീദ്'
മട്ടാഞ്ചേരി: ഫുട്ബാൾ ടൂർണമെെൻറന്ന് കേൾക്കുമ്പോൾ കൊച്ചിയിലെ കായിക പ്രേമികളുടെ മനസ്സിലേക്ക് ഓടി വരുന്ന നാമമാണ് പി.എം. ഹമീദ്. കഴിഞ്ഞ 38 വർഷങ്ങളായി ഹമീദ് ഒറ്റക്ക് ഒരു ഫുട്ബാൾ ടൂർണമെൻറ് മുടക്കം കൂടാതെ നടത്തിവരികയാണ്.
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം നടത്തുന്ന മത്സരമാണിത്. മത്സര നടത്തിപ്പിന് ടീമുകളെ ബുക്ക് ചെയ്യുന്നത് മുതൽ ടീമിന് നൽകേണ്ട പ്രൈസ് മണി , നടത്തിപ്പിനുള്ള തുക എന്നിവ കണ്ടെത്തുന്നതിന് പുറമെ കോർട്ട് വരക്കൽ, പന്തൽ ഒരുക്കൽ, അനൗൺസ്മെൻറ് തുടങ്ങി എല്ലാം ചെയ്യുന്നത് ഹമീദ് ഒറ്റക്ക് തന്നെ. ഇനി പറഞ്ഞുവെച്ചിട്ടുള്ള റഫറിമാർ ആരെങ്കിലും ഒരാൾ വന്നില്ലെങ്കിൽ സൈഡ് റഫറിയായി കൊടി ഉയർത്തുന്നതും ഈ ഹമീദായിരിക്കും. ഒരർഥത്തിൽ പറഞ്ഞാൽ ഒറ്റയാൻ ഓൾ റൗണ്ടർ. കേരളത്തിലെ പ്രശ്സ്ത ഫുട്ബാൾ ടീമുകളെ ടൂർണമെൻറിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുള്ളതും ഹമീദിെൻറ മിടുക്കാണ്. ഐ.എം. വിജയൻ, ഹാമിൽടൺ ബോബി, സേവ്യർ പയസ് തുടങ്ങി അന്തർദേശീയ താരങ്ങൾ വരെ ഹമീദിെൻറ ടൂർണമെൻറിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഫോർട്ടുകൊച്ചി കൽവത്തി ഗവ. സ്കൂളിൽ ആറാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന ഹമീദിനെ ഫുട്ബാൾ പരിശീലകനായ അബുക്കയാണ് കളി കളത്തിലേക്ക് ഇറക്കിയത്.
കൊച്ചിൻ യങ്സ്റ്റേഴ്സ് ക്ലബിെൻറ റൈറ്റ് ഔട്ട് സ്ട്രൈക്കറായിരുന്ന ഹമീദ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജോലിയിലേക്ക് നീങ്ങിയെങ്കിലും കാൽപന്തുകളിയോടുള്ള അദമ്യമായ അഭിനിവേശം പിടിച്ചു നിർത്താനായില്ല. ഒടുവിൽ താൻ മനസ്സിൽ സ്നേഹിക്കുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ പേരിൽ തന്നെ ഒരു ടൂർണമെൻറ് തുടങ്ങി. ശനിയാഴ്ച മുപ്പത്തിയെട്ടാമത് ടൂർണമെൻറ് ഫോർട്ട്കൊച്ചി വെളി ഫിഫ മൈതാനിയിൽ ആരംഭിക്കുകയാണ്. ഇതിെൻറ ഓട്ടത്തിലാണ് 68 കാരനായ ഹമീദ്. മരണം വരെ ടൂർണമെൻറ് തുടരണമെന്നതാണ് തെൻറ ആഗ്രഹമെന്ന് ഹമീദ് മാധ്യമത്തോട് പറഞ്ഞു. ടി.എം. സുബൈദയാണ് ഭാര്യ. ഹനീഷ് ,സനൂജ ,സനീഷ എന്നിവർ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.