ഹാരി ബ്രൂക്കിന് ട്രിപ്പ്ൾ സെഞ്ച്വറി, ജോ റൂട്ടിനൊപ്പം വമ്പൻ കൂട്ടുകെട്ട്; വഴിമാറിയത് നിരവധി റെക്കോഡുകൾ

മുൾത്താൻ: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പ്ൾ സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും ഇരട്ട സെഞ്ച്വറിയുമായി ജോ റൂട്ടും നിറഞ്ഞാടിയപ്പോൾ വഴിമാറിയത് ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോഡുകൾ. ഇരുവരും ചേർന്നുള്ള സഖ്യം നാലാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 522 പന്തിൽ 454 റൺസാണ്. 1877ൽ തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2015ൽ വെസ്റ്റിൻഡീസിനെതിരെ ആസ്ട്രേലിയയുടെ ആദം വോക്സും ഷോൺ മാർഷും ചേർന്ന് നേടിയ 449 റൺസിന്റെ റെക്കോഡാണ് വഴിമാറിയത്.

എവേ മത്സരത്തിനെത്തി ഏതൊരു വിക്കറ്റിലെയും മികച്ച പാട്ണർഷിപ്പ് കൂടിയാണ് പിറന്നത്. 1934ൽ ആസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 451 റൺസിന്റെ റെക്കോഡാണ് ഹാരി ബ്രൂക്ക്-ജോ റൂട്ട് സഖ്യം മറികടന്നത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ​മഹേല ജയവർധനെയും ചേർന്നെടുത്ത 624 റൺസാണ് ഏതൊരു വിക്കറ്റിലെയും ഉയർന്ന പാട്ണർഷിപ്പ്. 1997ൽ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും റോഷൻ മഹാനാമയും ചേർന്ന് നേടിയ 576 റൺസ് രണ്ടാമതുള്ളപ്പോൾ, 1999ൽ ന്യൂസിലാൻഡിന്റെ മാർട്ടിൻ ക്രോയും ആൻഡ്രൂ ജോൺസും ചേർന്ന് നേടിയ 467 റൺസ് കൂട്ടുകെട്ടാണ് മൂന്നാമത്. ഇവർക്ക് പിന്നിലാണ് ഇനി ജോ റൂട്ട്-ഹാരി ബ്രൂക് സഖ്യത്തിന്റെ സ്ഥാനം.

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട് കൂടിയാണ് പിറന്നത്. 1957ൽ ബിർമിങ്ഹാമിൽ വെസ്റ്റിൻഡീസിനെതിരെ കോളിൻ കൗഡ്രെ-പീറ്റർ മെയ് സഖ്യം അടിച്ചെടുത്ത 411 റൺസിന്റെ റെക്കോഡാണ് വഴിമാറിയത്.


കഴിഞ്ഞ ദിവസം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ റൺവേട്ടക്കാരനെന്ന നേട്ടം അലിസ്റ്റർ കുക്കിനെ മറികടന്ന് ജോ റൂട്ട് സ്വന്തമാക്കിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ 5000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടവും ടെസ്റ്റില്‍ കലണ്ടര്‍ വർഷത്തിൽ ഏറ്റവും കൂടുതല്‍ 1000 പ്ലസ് റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തം പേരിലാക്കിയിരുന്നു. അഞ്ചാം തവണയാണ് താരം ആയിരത്തിലധികം റൺസ് ഒരു വർഷം നേടുന്നത്. ആറു തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസം സചിൻ തെണ്ടുൽക്കൽ മാത്രമാണ് റൂട്ടിനു മുന്നിലുള്ളത്.

പാകിസ്താന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 556 റൺസിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ട് ഏഴിന് 823 റൺസെന്ന കൂറ്റൻ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പാകിസ്താനെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ സ്കോറാണിത്. 2022ൽ റാവൽപിണ്ടിയിൽ നേടിയ 657 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. 267 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച പാകിസ്താന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. സ്കോർ ബോർഡിൽ റൺ തെളിയും മുമ്പ് ക്രിസ് വോക്സിന്റെ പന്തിൽ ആദ്യ ഇന്നിങ്സിലെ സെഞ്ച്വറി വീരൻ അബ്ദുല്ല ഷഫീഖ് ഗോൾഡൻ ഡക്കായി തിരിച്ചുകയറുകയായിരുന്നു. 

Tags:    
News Summary - Triple century for Harry Brook, great partnership with Joe Root; Many records were broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.