മട്ടാഞ്ചേരി: ഗോദയിലെ മിന്നുന്ന താരങ്ങളായി മാറിയിരിക്കുകയാണ് ഇരട്ട സഹോദരിമാർ. ഫോർട്ട്കൊച്ചി സ്വദേശി ബോണി തേഡ് ഐ - ജാൻസി ദമ്പതികളുടെ മക്കളായ ദിനയും ദിയയുമാണ് കരുത്തിന്റെ കലയായ ഗുസ്തിയിൽ ശ്രദ്ധേയരായിരിക്കുന്നത്. ദിയ കേരളത്തെ പ്രതിനിധാനം ചെയ്ത് ദേശീയ മത്സരത്തിൽ ജഴ്സി അണിഞ്ഞപ്പോൾ ദിന ഈ വർഷത്തെ സംസ്ഥാന ഗുസ്തിമത്സര ജേതാവാണ്.
ബുധനാഴ്ച ഫോർട്ട്കൊച്ചി പട്ടാളം മൈതാനിയിൽ നടന്ന ജില്ല ഒളിമ്പിക്സ് ഗെയിംസിലെ ഗുസ്തി മത്സരത്തിൽ 63 കിലോ ഫൈനലിൽ ഈ ഇരട്ടകളാണ് ഏറ്റുമുട്ടിയത്.
ഒരേ ഉദരത്തിൽ ഒരുമിച്ച് കഴിഞ്ഞവരാണെങ്കിലും ഗോദയിലെ അങ്കത്തിൽ ഇരുവരും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. കാണികളും കൈയടിച്ച് പ്രോത്സാഹിപ്പിച്ചതോടെ വാശിയും ഏറി. അവസാനം ദിന സ്വർണം നേടി. പെൺകുട്ടികളുടെ സ്വയരക്ഷക്ക് എന്ന നിലയിലാണ് ഫോർട്ട്കൊച്ചിയിലെ കൊച്ചിൻ റസ്ലിങ് അക്കാദമിയിൽ ചേർന്ന് ഷിബു ചാർലിയുടെ ശിക്ഷണത്തിൽ ഗുസ്തി പഠിച്ചതെന്ന് സഹോദരിമാർ 'മാധ്യമ'ത്തോട് പറഞ്ഞു. പിന്നെ ഗോദയിൽ ഒരു കൈ നോക്കാനിറങ്ങി. ഇരുവരും പ്ലസ് ടു കഴിഞ്ഞ് ഇനി ഉപരിപഠനത്തിന് വിദേശത്ത് കോഴ്സിന് ചേരാനുള്ള ശ്രമത്തിലാണ്. വിദേശത്തായാലും ഗുസ്തി തുടരുമെന്ന് ഇരുവരും പറഞ്ഞു. മാതാപിതാക്കളുടെയും സഹോദരൻ ഡോൺ ബോണിന്റെയും പിന്തുണയാണ് പിൻബലമെന്നും ഇവർ പറഞ്ഞു. നൃത്തത്തിലും ഫോട്ടോഗ്രഫിയിലും ഹ്രസ്വചിത്ര നിർമാണത്തിലും ഇരുവരും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.