ബോക്സിങ്ങിൽ മെഡലില്ല; കോമൺവെൽത്ത് ഗെയിംസിനു പിന്നാലെ രണ്ടു പാകിസ്താനി താരങ്ങളെ കാണാനില്ല

ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിനു പിന്നാലെ രണ്ടു ബോക്സിങ് താരങ്ങളെ കാണാനില്ലെന്ന് പാകിസ്താൻ ബോക്സിങ് ഫെഡറേഷൻ (പി.ബി.എഫ്). ഇസ്ലമാബാദിലേക്ക് മടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ബെർമിങ്ഹാമിൽ വെച്ച് താരങ്ങളെ കാണാതാകുന്നത്. സുലൈമാൻ ബലോച്, നസീറുള്ള എന്നിവരെയാണ് കാണാതായതെന്ന് ഫെഡറേഷൻ സെക്രട്ടറി നസീർ താൻഗ് പറഞ്ഞു.

ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ നടന്നുവന്ന കോമൺവെൽത്ത് ഗെയിംസ് കഴിഞ്ഞ തിങ്കളാഴ്ചയാണ് സമാപിച്ചത്. പിന്നാലെ പാകിസ്താൻ ടീം അംഗങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അതേസമയം, താരങ്ങളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്ര രേഖകൾ ഫെഡറേഷന്‍റെ കൈയിലാണുള്ളത്. യു.കെയിലെ പാകിസ്താൻ ഹൈകമീഷനെയും ലണ്ടനിലെ ബന്ധപ്പെട്ട അധികൃതരെയും വിവരം അറിയിച്ചതായി നസീർ പറഞ്ഞു.

സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് ബോക്സിങ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പാസ്പോർട്ടുകൾ ഫെഡറേഷൻ സൂക്ഷിക്കുന്നത്. കാണാതായ ബോക്‌സർമാരെ കുറിച്ച് അന്വേഷിക്കാൻ പാകിസ്താൻ ഒളിമ്പിക് അസോസിയേഷൻ (പി.ഒ.എ) നാലംഗ സമിതിക്ക് രൂപം നൽകി. പാകിസ്താൻ ബോക്സിങ്ങിൽ ഒരു മെഡൽ പോലും നേടാനായില്ല.

അതേസമയം, ഭാരോദ്വഹനത്തിലും ജാവലിൻ ത്രോയിലുമായി രണ്ട് സ്വർണമുൾപ്പെടെ എട്ട് മെഡലുകളാണ് ഗെയിംസിൽ പാകിസ്താൻ നേടിയത്. ഹംഗറിയിൽ നടന്ന ഫിന ലോക ചാമ്പ്യൻഷിപ്പിനിടെ ദേശീയ നീന്തൽ താരം ഫൈസാൻ അക്ബറിനെയും സമാനരീതിയിൽ കാണാതായിരുന്നു. ചാമ്പ്യൻഷിപ്പിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനു മുമ്പാണ് താരത്തെ കാണാതാകുന്നത്.

ബുഡാപെസ്റ്റിൽ എത്തി മണിക്കൂറുകൾക്കുശേഷം പാസ്‌പോർട്ടും മറ്റ് രേഖകളുമായി കാണാതാവുകയായിരുന്നു. ഇതുവരെ താരത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

Tags:    
News Summary - Two Pakistani boxers missing in Birmingham after Commonwealth Games 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.