വനിത ഏഷ്യാ കപ്പ്: വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; നേപ്പാളിനെ വീഴ്ത്തിയത് 82 റൺസിന്

ദാംബുല്ല: വനിത ഏഷ്യാ കപ്പിൽ നേപ്പാളിനെയും വീഴ്ത്തി തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ച് ഇന്ത്യ. 82 റൺസിനായിരുന്നു ഇന്ത്യൻ ജയം. 179 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസിലൊതുങ്ങുകയായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ യു.എ.ഇയെ 78 റൺസിനും വീഴ്ത്തിയ ഇന്ത്യൻ വനിതകൾ നേരത്തെ സെമിഫൈനൽ ഉറപ്പാക്കിയിരുന്നു.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നേപ്പാൾ നിരയിൽ ആർക്കും തിളങ്ങാനായില്ല. 18 റൺസെടുത്ത സീത റാണ മഗറാണ് ടോപ് സ്കോറർ. ഇവർക്ക് പുറമെ ക്യാപ്റ്റൻ ഇന്ദു ബർമ (14), റുബീന ഛേത്രി (15), ബിന്ദു റാവൽ (17 നോട്ടൗട്ട്) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അരുന്ധതി റെഡ്ഡി, രാധ യാദവ് എന്നിവർ രണ്ട് വീതവും രേണുക സിങ് ഒന്നും വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപണർ ഷഫാലി വർമയുടെ ​വെടിക്കെട്ട് അർധസെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി ഷഫാലി വർമ-ഹേമലത ഓപണിങ് കൂട്ടുകെട്ട് തകർപ്പൻ തുടക്കമാണ് നൽകിയത്. 14 ഓവറിൽ 122 റൺസ് സ്കോർ ബോർഡിൽ ചേർത്ത ശേഷമാണ് ഇവർ വഴിപിരിഞ്ഞത്. 42 പന്തിൽ 47 റൺസെടുത്ത ഹേമലതയെ സീത റാണ മഗറിന്റെ പന്തിൽ ബെൽബാഷി പിടികൂടുകയായിരുന്നു. വൈകാതെ 48 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 81 റൺസെടുത്ത ഷഫാലിയും മടങ്ങി. മഗറിന്റെ പന്ത് കയറിയടിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ കാജൽ ശ്രേസ്ത സ്റ്റമ്പ് ചെയ്യുകയായിരുന്നു. മലയാളി താരം സജന സജീവൻ 12 പന്തിൽ 10 റൺസെടുത്ത് പുറത്തായി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജമീമ റോഡ്രിഗസ് (15 പന്തിൽ പുറത്താകാതെ 28), റിച്ച ഘോഷ് (മൂന്ന് പന്തിൽ പുറത്താകാതെ ആറ്) എന്നിവർ ചേർന്നാണ് സ്കോർ 175 കടത്തിയത്.

Tags:    
News Summary - Women's Asia Cup: India beat Nepal too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.