ഇന്റർലാക്കൻ (സ്വിറ്റ്സർലൻഡ്): ഇന്ത്യയുടെ ഒളിമ്പിക്, ലോക ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്രക്ക് യൂറോപ്പിന്റെ മുകൾത്തട്ട് എന്നറിയപ്പെടുന്ന ജങ്ഫ്രൗജോച്ചിൽ ആദരം. വൻകരയിലെ ഏറ്റവും ഉയർന്ന സ്ഥലമായ ജങ്ഫ്രൗജോച്ചിലെ പ്രശസ്തമായ ഐസ് പാലസിൽ നീരജിന്റെ ചിത്രങ്ങളും സുപ്രധാന നേട്ടങ്ങളും രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചിരിക്കുകയാണ് സ്വിറ്റ്‌സർലൻഡ് വിനോദസഞ്ചാര വകുപ്പ്.
തന്റെ ജാവലിനുകളിലൊന്ന് ഈ വിനോദസഞ്ചാര കേന്ദ്രത്തിന് സമ്മാനിച്ചു താരം. ഇത് ശിലാഫലകത്തിന്റെ അടുത്തായി പ്രദർശിപ്പിക്കും. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ, ഗോൾഫ് താരം റോറി മക്‌ലോയ് തുടങ്ങിയവരുടെയും ഫലകങ്ങൾ ജങ്ഫ്രൗജോച്ചിലെ വാൾ ഓഫ് ഫെയിമിലുണ്ട്. നേട്ടത്തിനും അർപ്പണബോധത്തിനും അംഗീകാരമായാണിതെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
‘അതിശയകരമായ ഈ ഐസ് പാലസിൽ ഇവിടെ ഒരു ഫലകം സ്ഥാപിക്കുക എന്നത് എന്റെ വന്യമായ സ്വപ്നങ്ങൾക്ക് അപ്പുറമായിരുന്നു. എന്നിട്ടും ഞാൻ ഇവിടെയുണ്ട്. യൂറോപ്പിന്റെ മുകൾത്തട്ടിൽ നിൽക്കുമ്പോൾ എനിക്ക് ലോകത്തിന്റെ മുകളിൽ നിൽക്കുന്നതായി തോന്നുന്നു’ -ശിലാഫലകം അനാച്ഛാദന ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി നീരജ് പറഞ്ഞു. തന്റെ ജാവലിൻ ത്രോ കഴിവുകളും താരം പ്രദർശിപ്പിച്ചു. നേരത്തേ സ്വിറ്റ്‌സർലൻഡിലെ ഒളിമ്പിക്‌സ് മ്യൂസിയത്തിന് നീരജ് ജാവലിൻ സമ്മാനമായി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.