മലപ്പുറം: ലോകകപ്പ് ഫുട്ബാൾ എത്തിയയോടെ പതാകകളും തോരണങ്ങളുമായി വിപണി ഒരുങ്ങി. മത്സരിക്കുന്ന 32 ടീമുകളുടെയും പതാകകൾ, ജഴ്സികൾ, തുവാലകൾ, ബാഡ്ജുകൾ, ഷാളുകൾ എന്നിവ വിപണിയിൽ ലഭ്യമാണ്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം, ഹോളണ്ട്, പോളണ്ട്, ദക്ഷിണ കൊറിയ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളുടെ പതാകകൾക്കാണ് ആവശ്യക്കാർ ഏറെ. ചെറിയ പതാകക്ക് 75 രൂപയാണ്. 2.5 മീറ്റർ നീളമുള്ളതിന് 475, മൂന്ന് മീറ്റർ നീളമുള്ളതിന് 550, അഞ്ച് മീറ്റർ നീളമുള്ളതിന് 850 എന്നിങ്ങനെയാണ് വില. ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് ഓഡർ പ്രകാരം കടക്കാർ നിർമിച്ച് നൽകും.
മത്സരങ്ങൾ അടുത്തതോടെ വിപണിയിൽ മികച്ച കച്ചവടം നടക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും ഇനി ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. വിൽപനക്കായി ബംഗളൂരുവിൽ നിന്നാണ് സാധനങ്ങൾ എത്തിച്ചത്. കൂടാതെ പ്രാദേശികമായി നിർമിച്ചവയും വിപണിയിലുണ്ട്. മത്സരം തുടങ്ങുന്നതോടെ നമ്മുടെ ചുറ്റുപാടുകളിൽനിന്ന് മറ്റ് രാജ്യങ്ങളുടെ പതാകകളും തോരണങ്ങളും ഇനി പാറികളിക്കും.
വണ്‍ മില്ല്യണ്‍ ഗോള്‍-കാമ്പയിന് 11 മുതല്‍
മലപ്പുറം: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്കുന്ന 'വണ്‍ മില്ല്യണ്‍ ഗോള്‍-കാമ്പയിന് 2022'ന് നവംബര്‍ 11 തുടക്കമാകും. പൊതുജനങ്ങളിലും കുട്ടികളിലും ഫുട്ബാള്‍ കളിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നവംബര്‍ 20 വരെ ഓരോ കേന്ദ്രത്തിലായി 10നും 12നും ഇടയില്‍ പ്രായമുള്ള 100 കുട്ടികള്‍ക്ക് ഒരു മണിക്കൂര്‍ വീതം ഫുട്ബാളില്‍ പ്രാഥമിക പരിശീലനം നല്‍കുന്നതാണ് പദ്ധതി.
ഒരു കേന്ദ്രത്തിലേക്ക് രണ്ട് ബോളും 3000 രൂപയും പദ്ധതി പ്രകാരം നല്‍കും. സ്പോര്‍ട്സ് കൗണ്‍സില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് അസോസിയേഷനുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നവംബര്‍ 20ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെ ഓരോ കേന്ദ്രത്തിലും ഓരോ കുട്ടികള്‍ എത്തിക്കുന്ന 10 പേര്‍ക്ക് വീതം ഓരോ ഗോള്‍ സ്കോര്‍ ചെയ്യുന്നതിനുള്ള അവസരം നല്‍കും. അതിലൂടെ ഈ കാമ്പയിന്റെ ഭാഗമായി ഓരോ കേന്ദ്രത്തിലും 1000 ഗോളുകള്‍ സ്കോര്‍ ചെയ്യാം.
ഇത്തരത്തില്‍ സംസ്ഥാനമാകെ കുറഞ്ഞത് പത്ത് ലക്ഷം ഗോളുകള്‍ നേടുന്ന പ്രചാരണ പരിപാടി നടക്കും. പദ്ധതിയിലൂടെ സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി ആറ് മാസം പരിശീലനം നല്‍കും. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണവും സംഘടിപ്പിക്കും. വിവരങ്ങള്‍ -0483 2734701.
അങ്ങാടികളിൽ ആവേശക്കൊടി പറക്കും
മലപ്പുറം: ലോകകപ്പ് അടുത്തതോടെ ആരവങ്ങൾക്ക് പിറകെ മലപ്പുറം നഗരവും. വലിയങ്ങാടിയിലാണ് മത്സരങ്ങൾക്ക് സ്വാഗതമേകി ആരാധകർ ടീമുകളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും ഉയർത്തിയത്. അങ്ങാടി ഫുട്ബാൾ ഉത്സവ ലഹരിയിലേക്ക് കടന്നിരിക്കുകയാണ്. പ്രദേശത്തെ അമിഗോസ്, റിയൽ സ്പോട്ടിങ് എന്നീ ക്ലബുകളും വ്യാപാരികളും നാട്ടുകാരുമെല്ലാം ചേർന്നാണ് ഇവയെല്ലാം ഒരുക്കിയത്. വലിയങ്ങാടിയിലെ പഴയറോഡിൽ ടീമുകളുടെ തോരണങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ്. പ്രാദേശിക കേന്ദ്രങ്ങളിലും ആരാധകർ കട്ടക്ക് ആരവത്തിന് കൂടെയുണ്ട്. പ്രധാനമായും അർജന്റീന, ബ്രസീൽ ആരാധകരുടെ ബാനറുകളും കട്ടൗട്ടുകളുമാണ് കൂടുതൽ ഉയർന്നിരിക്കുന്നത്. കൂടാതെ സ്പെയിൻ, ജർമനി, പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, ഹോളണ്ട്, പോളണ്ട് തുടങ്ങിയവയുടെയും വെച്ച് തുടങ്ങിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ഇവയുടെ എണ്ണം ഇനിയും ഉയരും. ഫുട്ബാൾ ആരാധകരായ ജലീൽ പള്ളിക്കൽ, ശിഹാബ് അറബി, ഷറഫുദ്ദീൻ, ഫൈസൽ മംഗലതൊടി, ജംഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കട്ടൗട്ടുകളും തോരണങ്ങളും ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.