ബാറ്ററി ലൈഫ് 700 ദിവസം വരെ; ഗാലക്സി സ്മാർട് ടാഗ് 2 അവതരിപ്പിച്ച് സാംസങ്

ആപ്പിൾ എയർടാഗിന് എതിരാളിയായി സാംസങ് അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസായിരുന്നു ഗാലക്സി സ്മാർട് ടാഗ്. രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു സാംസങ് സ്മാർട് ടാഗ് ലോഞ്ച് ചെയ്തത്. ഇപ്പോൾ അതിന്റെ രണ്ടാമത്തെ പതിപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി. ഒക്ടോബർ 11ന് ആഗോളവിപണിയിലെത്തുന്ന ഉപകരണത്തിന്റെ പേര് ഗാലക്സി സ്മാർട് ടാഗ് 2 എന്നാണ്.

സ്മാർട് ടാഗ് 2 നമ്മുടെ പഴ്സിലും താക്കോലിൽ കീചെയ്നായും അതുപോലെ ബാഗുകളിലുമൊക്കെ ഇട്ടുവെച്ചാൽ, അവയൊക്കെ എവിടെ മറന്നുവെച്ചാലും എളുപ്പം കണ്ടെത്താൻ സാധിക്കും. ഇത്തവണ കൂടുതൽ ട്രാക്കിങ് സവിശേഷതകളും ദൈർഘ്യമേറിയ ബാറ്ററി ലൈഫുമായാണ് കുഞ്ഞൻ ടാഗ് എത്തിയിരിക്കുന്നത്.


ഇതിലെ ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപഭോക്താവിന് അയാളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഒരു ടെക്‌സ്റ്റ് സന്ദേശത്തിന്റെ സഹായത്തോടെ ടാഗില്‍ ചേര്‍ക്കാൻ സാധിക്കും. നമ്മൾ ടാഗ് ഇട്ടുവെച്ചിട്ടുള്ള വസ്തുവോ, വളര്‍ത്തു മൃഗമോ എവിടെയെങ്കിലും നഷ്ടമായാല്‍, അവ മറ്റാര്‍ക്കെങ്കിലും കണ്ടുകിട്ടുകയാണെങ്കില്‍ അയാള്‍ക്ക് അവരുടെ എൻ.എഫ്.സി സംവിധാനമുള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ടാഗ് സ്‌കാന്‍ ചെയ്ത് ഉടമയുടെ വിവരങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്. എൻ.എഫ്.സി സംവിധാനമുള്ള ഏത് സ്മാര്‍ട്‌ഫോണിലും എൻ.എഫ്.സി റീഡറിലും, വെബ് ബ്രൗസറിലും ഇത് പ്രവര്‍ത്തിക്കും.

പവര്‍ സേവിങ് മോഡില്‍ ഗാലക്‌സി സ്മാര്‍ട് ടാഗിലെ ബാറ്ററി ദൈര്‍ഘ്യം 700 ദിവസമാണ്. സാധാരണ മോഡിൽ ഇടുകയാണെങ്കില്‍ 500 ദിവസം ചാര്‍ജ് ലഭിക്കും. പഴയ പതിപ്പിനെ അപേക്ഷിച്ച് പുതി സ്മാർട് ടാഗിന് ഇരട്ടിയോളം ബാറ്ററി പവറാണ് നൽകിയത്. ഐപി 67 റേറ്റിങ്ങോടുകൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളത്തിൽ വീണാലും കാര്യമായ കേടുപാട് സംഭവിക്കില്ല.


കൂടുതൽ മെച്ചപ്പെട്ട കോമ്പസ് വ്യൂ ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഈ സംവിധാനത്തിലൂടെ ആരോകളുടെ(Arrow) സഹായത്തോടെ നഷ്ടമായ വസ്തുക്കള്‍ എളുപ്പം കണ്ടെത്താം. യുഡബ്ല്യുബി പിന്തുണയ്ക്കുന്ന ഗാലക്‌സി ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുക. സ്മാര്‍ട് തിങ്‌സ് ഫൈന്‍ഡ് ആപ്പിലും സാംസങ് അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്.

Tags:    
News Summary - Samsung Galaxy SmartTag2 Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.