പുകവലി നിർത്തണമെന്ന് ആഗ്രഹമുണ്ടാകും. പക്ഷേ, ആ ശീലം പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയുന്നില്ല. ഇങ്ങനെ ആശയക്കുഴപ്പത്തിൽ കഴിയുന്നവർക്ക് പ്രശ്നം പരിഹരിക്കാൻ പുതിയൊരു മാർഗം തുറന്നിരിക്കുന്നു. ടെക്നോളജിയുടെ കാലമാണല്ലോ. ഇക്കാര്യത്തിലും അൽപം ടെക്നോളജിയാകാം. കൈയിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ചിലാണ് പരിഹാരം ഒളിച്ചിരിക്കുന്നത്!
ആലോചിച്ചുനോക്കൂ: പുകവലിക്കാനായി പോക്കറ്റിൽനിന്ന് സിഗരറ്റ് എടുക്കുമ്പോൾ ‘അരുതേ’ എന്ന് ഉപദേശിക്കുന്ന ഒരു സ്മാർട്ട് ഫോൺ. സംഗതി ഭാവനയല്ല; ഇങ്ങനെയുള്ള സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ ബ്രിറ്റ്സൽ സർവകലാശാലയിൽനിന്നാണ് വാർത്ത വന്നിരിക്കുന്നത്. പുകവലി ഉപേക്ഷിക്കുക എന്നത് ആളുകളെ സംബന്ധിച്ച് വലിയ പ്രയാസമാണ്. നിക്കോട്ടിൻ അഡിക്ഷൻ എക്കാലവും നിലനിൽക്കാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടാണ്, ഒരിക്കൽ പുകവലി ഉപേക്ഷിച്ചവർ പിന്നെയും അത് തുടരുന്നത്.
ഇങ്ങനെ മടങ്ങിപ്പോകുന്നവർ 75 ശതമാനം വരുമത്രെ. ഈ മടങ്ങിപ്പോക്ക് ഒഴിവാക്കാനാണ് സ്മാർട്ട് ഫോൺ. ഫോണിലെ പ്രത്യേക ആപ് ആണ് സഹായി. ഗവേഷകർ നമ്മുടെ കൈയുടെ ചലനങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ഒരു ‘മോഷൻ സെൻസർ’ വികസിപ്പിച്ചു. ഒരാൾ പോക്കറ്റിൽനിന്ന് സിഗരറ്റ് എടുക്കുമ്പോഴും സിഗരറ്റ് കത്തിച്ച് ചുണ്ടിലേക്ക് വെക്കുമ്പോഴുമെല്ലാം സെൻസറിന് കാര്യങ്ങൾ തിരിച്ചറിയാനാകും. അന്നേരം, സ്മാർട്ട് വാച്ചിൽ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കും. ആദ്യം വാച്ച് വൈബ്രേറ്റ് ചെയ്യും, അതോടൊപ്പം പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പുകൾ സന്ദേശങ്ങളായും വിഡിയോകളായും പ്രത്യക്ഷപ്പെടും.
സ്മാർട്ട് വാച്ച് വികസിപ്പിച്ച ഗവേഷകർ ഇതൊക്കെ പ്രായോഗികമായി നടക്കുമോ എന്നറിയാൻ ചില പരീക്ഷണങ്ങൾ നടത്തിനോക്കി. സ്ഥിരം പുകവലിക്കാരായ 18 പേരെ തിരഞ്ഞെടുത്തു. അവർക്ക് സ്മാർട്ട് വാച്ചും നൽകി. രണ്ടാഴ്ചയോളം ഇവരെ നിരീക്ഷിച്ചപ്പോൾ സംഗതി സക്സസ്! സ്മാർട്ട് വാച്ച് കൃത്യമായ സമയത്തുതന്നെ ‘പുകവലിക്കരുതേ’ എന്ന് ഓർമപ്പെടുത്തുന്നുവെന്നും പുകവലിയിൽനിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.