ന്യൂഡല്‍ഹി: മൊബൈല്‍ ടെലിഫോണ്‍ മേഖലയെ പിടിച്ചുലക്കുന്ന നിരക്കിളവുകളുമായി റിലയന്‍സ് ജിയോ വരുന്നതോടെ മറ്റൊരു നിരക്കു യുദ്ധത്തിന് വഴിയൊരുങ്ങി. ഈ രംഗത്തെ മറ്റു കുത്തകകളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവരും നിരക്കിളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കൂടാതെ എയര്‍സെല്‍, എം.ടി.എസ് എന്നിവയും ജിയോയോട് മത്സരിക്കാനുണ്ട്. ഇതില്‍ ചില കമ്പനികള്‍ ജിയോ വരും മുമ്പേ ചെറിയ നിരക്കിളവ് പ്രഖ്യാപിച്ചവയാണ്. ജിയോക്ക് തുല്യമായ നിരക്ക് പ്രഖ്യാപിച്ചില്ളെങ്കില്‍ ഉപഭോക്താക്കളുടെ വന്‍ കൂടുമാറ്റം സംഭവിക്കുമെന്ന ആശങ്കയിലാണ് സമാന കമ്പനികള്‍. എന്നാല്‍, ജിയോ സിം പുറത്തിറങ്ങിയാലുള്ള ജനങ്ങളുടെ പ്രതികരണത്തിന് അനുസരിച്ചായിരിക്കും മറ്റു കമ്പനികള്‍ നിരക്കിളവിന്‍െറ തോത് നിശ്ചയിക്കുകയെന്നാണ് വിലയിരുത്തല്‍. നിരക്കിളവ് മത്സരം കടുപ്പിക്കുമെങ്കിലും അതിനെ ഇല്ലാതാക്കില്ളെന്ന് സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറയുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ 10 കോടി ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് 4ജി പ്രഖ്യാപന വേളയില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു. ഒരു ജി.ബി ഡാറ്റ 50 രൂപക്കാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

4ജി നെറ്റ്വര്‍ക് കണക്ഷനെടുത്താല്‍ സംസാരസമയവും മെസേജും റോമിങ്ങും പൂര്‍ണ സൗജന്യമായിരിക്കുമെന്ന മോഹിപ്പിക്കുന്ന വാഗ്ദാനവും ജിയോ മുന്നോട്ടുവെക്കുന്നു. എന്നാല്‍, നിരക്കിളവ് മത്സരം ഉപഭോക്താക്കള്‍ക്ക് ഗുണംചെയ്യുമ്പോള്‍ 35,000 കോടിയുടെ കടബാധ്യത വരുത്തിവെച്ചിരിക്കുന്ന സ്വകാര്യ ടെലികോം മേഖലക്ക് ഇതത്ര ശുഭകരമല്ളെന്നാണ് വ്യവസായ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ സ്പെക്ട്രം ലേലങ്ങള്‍ വരുമ്പോള്‍ ഈ ബാധ്യത ഇനിയും കൂടും. അതേസമയം, കമ്പനികള്‍ നിരക്കിളവിലേക്ക് ഉടന്‍ എടുത്തുചാടില്ളെന്ന് പ്രവചിക്കുന്ന വിദഗ്ധരുമുണ്ട്. ജിയോ അവരുടെ ആവനാഴിയിലെ എല്ലാ അസ്ത്രവും പുറത്തെടുത്തിട്ടില്ളെന്നാണ് പൊതുവെ കരുതുന്നത്. ജനുവരിയോടെ കൂടുതല്‍ പ്ളാനുകള്‍ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍, എന്ത് നിരക്കിളവുവന്നാലും സേവനവും അതിന്‍െറ ഗുണമേന്മയുമായിരിക്കും മാര്‍ക്കറ്റില്‍ ജിയോയുടെ സ്ഥാനം ഉറപ്പിക്കുക എന്നതില്‍ രണ്ടുപക്ഷമില്ല. പ്രതീക്ഷിക്കുന്ന ഗുണനിലവാരം കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തിക്കൊണ്ടുപോയാല്‍ മാത്രമേ ജിയോക്ക് വിജയം സാധ്യമാകൂവെന്നാണ് കമ്പനികാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഏതുല്‍പന്നവും വിപണിയിലിറക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ കിട്ടാന്‍ ആഗ്രഹിക്കുന്നവരാകും ജിയോ സിമ്മിനോടും ആദ്യ ഘട്ടത്തില്‍ അതിവേഗം പ്രതികരിക്കുക എന്നും മറ്റ് ഉപഭോക്താക്കള്‍ കാത്തിരുന്ന് തീരുമാനമെടുക്കുന്നവരായിരിക്കുമെന്നും മത്സരരംഗത്തുള്ള കമ്പനികള്‍ കരുതുന്നു.


റിലയന്‍സിന് പിന്നാലെ ഓഫറുകളുമായി ബി.എസ്.എന്‍.എല്ലും
ന്യൂഡല്‍ഹി: വന്‍ ഓഫറുകളുമായി എത്തിയ റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ പുതിയ ഓഫറുമായി പൊതുമേഖലാ ടെലികോം കമ്പനി ബി.എസ്.എന്‍.എല്‍ രംഗത്ത്. വയര്‍ലൈന്‍ ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 249 രൂപക്ക് അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് പ്ളാനാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുന്നത്. പുതിയ ഓഫര്‍ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരും. 2 എം.ബി.പി.എസാണ് വേഗം. ആറു മാസത്തേക്കാണ് പുതിയ പ്ളാന്‍. അതിനുശേഷം സാധാരണ പ്ളാനുകളിലേക്ക് മാറേണ്ടിവരും. അതേസമയം തുടര്‍ച്ചയായി ഒരുമാസം ഈ പ്ളാന്‍ ഉപയോഗിച്ചാല്‍ പരമാവധി 300 ജി.ബി ഡാറ്റയാണ് പരിധി. അതായത് ഒരു ജി.ബിക്ക് ഒരു രൂപയില്‍ താഴെ മാത്രമാണ് ഉപയോക്താക്കള്‍ക്ക് ചെലവാകുകയെന്നും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതിയ ഓഫറിലൂടെ ബി.എസ്.എന്‍.എല്‍ വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡ് സര്‍വിസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും ബി.എസ്.എന്‍.എല്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഡിസംബര്‍ 31 വരെ ഒരു ജി.ബി ഡാറ്റക്ക് 50 രൂപയും സൗജന്യ കോളുകളുമായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബി.എസ്.എന്‍.എല്ലിന്‍െറ ഓഫര്‍ പ്രഖ്യാപനം. ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും പുതിയ ഡാറ്റ പ്ളാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1,099 രൂപക്ക് അണ്‍ലിമിറ്റഡ് 3ജി സേവനം നല്‍കുന്ന ഡാറ്റാ പ്ളാനാണ് ഒന്ന്. ഇതില്‍ വേഗനിയന്ത്രണം ഉണ്ടാകില്ല. 561, 549,156 രൂപയുടെ ഡാറ്റ പ്ളാനുകളില്‍ 5ജിബി,10ജിബി, 2ജിബി ഡാറ്റ ഓഫര്‍ ചെയ്യുന്ന പ്രത്യേക താരിഫുകളും അവതരിപ്പിച്ചിട്ടുണ്ട്. 561 രൂപയുടെ പ്ളാനിന് രണ്ടുമാസവും 549 രൂപയുടെ പ്ളാനിന് 30 ദിവസവും 156 രൂപയുടെ പ്ളാനിന് 10 ദിവസവുമാണ് കാലാവധി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.