തായ്‍വാനീസ് ടെക് ഭീമൻ അസൂസ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ യൂറോപ്പില്‍ പുറത്തിറക്കിയിരിക്കുകയാണ്. സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് സജീവമല്ലാത്ത, കമ്പനി അവരുടെ സെൻഫോൺ ഫ്ലാഗ്ഷിപ്പ് സീരീസ് മാത്രം നിലവിൽ പുറത്തിറക്കുന്നുണ്ട്. സെന്‍ഫോണ്‍ 10 എന്ന ഏറ്റവും പുതിയ മോഡൽ പതിവുപോലെ, കൈയ്യിലൊതുങ്ങുന്ന രീതിയിലാണ് കമ്പനി നിർമിച്ചിരിക്കുന്നത്. 5.9 ഇഞ്ച് മാത്രം വലിപ്പമുള്ള സെൻഫോൺ 10, ചെറിയ സ്ക്രീനുള്ള ആൻഡ്രോയ്ഡ് പ്രീമിയം ഫോൺ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടും. മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി ഹെഡ്ഫോൺ ജാക്കും പുതിയ സെൻഫോണിലുണ്ട്. വൈകാതെ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെത്തുന്ന ഫോണിന്റെ വിശേഷങ്ങൾ അറിയാം.
5.9 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‍പ്ലേയാണ് സെന്‍ഫോണ്‍ 10-ന് നൽകിയിരിക്കുന്നത്. 144ഹെട്‌സ് റിഫ്രെഷ് റെയ്റ്റും 1100 നിറ്റ്സ് ബ്രൈറ്റ്‌നെസും HDR10+ പിന്തുണയും ഡിസ്‍പ്ലേക്ക് നൽകിയിട്ടുണ്ട്. ഏതൊരു ഫ്ലാഗ്ഷിപ്പ് ഫോണിനോടും കിടപിടിക്കുന്ന ഡിസ്‍പ്ലേയാണെന്ന് ചുരുക്കം.
അഡ്രിനോ 740 എന്ന കരുത്തുറ്റ ജിപിയു ഉൾപ്പെടുന്ന സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍2 പ്രോസസറാണ് പുതിയ സെൻഫോണിന് കരുത്തേകുന്നത്. 16ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും നൽകിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള സെൻ യൂ.ഐയിൽ പ്രവര്‍ത്തിക്കുന്ന ഫോണിനൊപ്പമെത്തുന്നത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ്. 2.0 + 13 എംപി അൾട്രാ വൈഡ് സെൻസറുമായി ജോടിയാക്കിയ സോണി IMX766 സെൻസറുള്ള 50 എംപി പ്രൈമറി ക്യാമറ മികച്ച ചിത്രങ്ങളും വിഡിയോകളും പകർത്താൻ സഹായിക്കും. RGBW സാങ്കേതികവിദ്യയുള്ള 32MP കാമറയാണ് സെൽഫിക്കായി ഉള്ളത്.
30W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യയും ഉള്ള 4,300mAh ബാറ്ററിയാണ് ഫോണിനുള്ളിലുള്ളത്. IP68 റേറ്റിങ്, 5ജി പിന്തുണ, എൻഎഫ്സി, ബ്ലൂടൂത്ത് 5.3, ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 172 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. 799 യൂറോ ആണ് യൂറോപ്പിലെ വില. (ഏകദേശം 72,000 രൂപ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.