ഒരു ദശകത്തിനിടെ പലതവണ മരിച്ച ബ്ലാക്ബെറി ഇതുവരെ ഇവിടം വിട്ടുപോകാൻ കൂട്ടാക്കുന്നില്ല. അവസാന ഫോണിറങ്ങി രണ്ടുവർഷത്തിനു ശേഷം ആ ബ്ലാക്ക്ബെറി വീണ്ടുമെത്താൻ തക്കംപാർക്കുകയാണ്. രണ്ടു കാര്യങ്ങളിൽ മിടുക്കനാണ് ബ്ലാക്ബെറി-ഫിസിക്കൽ കീബോർഡും മികച്ച സുരക്ഷയും. വരാനിരിക്കുന്നത് ഒറിജിനൽ ബ്ലാക്ക്‌ബെറി ഫോണല്ല, കാരണം ബ്ലാക്ക്ബെറി 2016 മുതൽ ഫോൺ വിപണിക്ക് പുറത്താണ്. അതുകൊണ്ട് മറ്റു പലരുമാണ് ബ്ലാക്ബെറി നിർമിക്കുന്നത്. എന്നാൽ കമ്പനി വർഷങ്ങളായി ബ്രാൻഡ് ലൈസൻസ് മറ്റ് ഫോൺ നിർമാതാക്കൾക്ക് നൽകുന്നത് തുടരുകയാണ്.
ഈ വർഷം ലൈസൻസ് നൽകിയിരിക്കുന്നത് യു.എസിലെ ടെക്സാസിലുള്ള ഓൺവാർഡ് മൊബിലിറ്റിക്കാണ്. ഐഫോൺ നിർമിക്കുന്ന തയ്വാൻ സ്ഥാപനമായ ഫോക്സ്കോണിെൻറ അനുബന്ധ കമ്പനിയായ എഫ്.ഐ.എച്ച് മൊബൈലാണ് ഓൺവേർഡിനായി രൂപകൽപനയും നിർമാണവും നടത്തുക. നോക്കിയയുടെ പാത പിന്തുടർന്ന് സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ബ്ലാക്ബെറി ഒ.എസിനെ തഴഞ്ഞ് ആൻഡ്രോയിഡിനെയാണ് ഈ വരവിൽ ഒപ്പം കൂട്ടിയിരിക്കുന്നത്. ആൻഡ്രോയിഡ് ഒ.എസിലുള്ള 5 ജി ഫോൺ ആണ് 2021ന്‍റെ ആദ്യപകുതിയിൽ വരിക. ഫോക്സ്കോണിെൻറ അനുബന്ധ കമ്പനി എഫ്.ഐ.എച്ച് ആണ് പുതിയ ബ്ലാക്ക്‌ബെറി നിർമിക്കുക. ആദ്യഘട്ടത്തിൽ യൂറോപ്പിലും വടക്കേ അമേരിക്കൻ വിപണികളിലുമാണ് എത്തുക. ഇന്ത്യയിലടക്കം എന്നെത്തുമെന്ന് സൂചനയില്ല.
തിരിച്ചുവരവിൽ ബ്ലാക്ബെറിക്ക് വഴികാട്ടിയായി മുൻഗാമികൾ രണ്ടുണ്ട്. മോട്ടറോളയുടെ പേരിൽ ഫോൺ ഇറക്കുന്ന ചൈനീസ് കമ്പനി ലെനോവോയും നോക്കിയ ഫോൺ നൽകുന്ന ഫിന്നിഷ് കമ്പനി എച്ച്.എം.ഡി ഗ്ലോബലും. ബ്ലാക്ബെറിക്ക് ഇപ്പോൾ ഒരനുകൂല ഘടകമുണ്ട്. ഒരുകാലത്ത് ബ്ലാക്ബെറിയുടെ പതനത്തിന് കാരണം വിലക്കുറവുമായി ചൈനീസ് കമ്പനികളുടെ കടന്നുകയറ്റമായിരുന്നു. 2011 ആഗസ്റ്റിലാണ് ഷവോമി ചൈനയിൽ ആദ്യ ഫോണിറക്കുന്നത്. ഷവോമി ഇന്ത്യയിലെത്തുന്നത് 2014 ജൂലൈയിലാണെങ്കിലും ഓൺലൈൻ വിൽപനകളിലൂടെ ചൈനീസ് കമ്പനികൾ ചരിത്രവിജയം നേടി. ഇപ്പോൾ വിവരച്ചോർച്ചയുടെ പേരിൽ ചൈനീസ് ഫോണുകളോട് ലോകമൊട്ടാകെ എതിർപ്പ് അലയടിക്കുകയാണ്. ഈ അവസരമാണ് സുരക്ഷക്കും സ്വകാര്യതക്കും പേരുകേട്ട ബ്ലാക്ബെറി മുതലാക്കാനിറങ്ങുന്നത്.
എൻറർപ്രൈസ് തലത്തിലുള്ള സുരക്ഷയും ബിസിനസ് സംവിധാനങ്ങളും കാരണം വർഷങ്ങളോളം ബ്ലാക്ബെറി കോർപറേറ്റ് ലോകത്തിെൻറ ഇഷ്ടതോഴനായിരുന്നു. സർക്കാറിനും സംരംഭക ഉപഭോക്താക്കൾക്കും സുരക്ഷ ഒരുക്കുന്ന കമ്പനിയാണ് ഓൺവാർഡ് മൊബൈലിറ്റി. അതുകൊണ്ട് ഈ വരവിലും ബ്ലാക്ബെറി ലക്ഷ്യമിടുന്നത് സുരക്ഷിത ഫോൺ വേണ്ട എൻറർപ്രൈസ് പ്രഫഷനലുകളെയാണ്.
നാലുപാടും വിവരച്ചോർച്ച വിവാദം ഉയരുന്ന ഈ സാഹചര്യത്തിൽ സുരക്ഷിതമായ ഒരു ഫോണിന് ഏറെ ആവശ്യക്കാരുണ്ടാകാം. വർഷങ്ങളായി സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഐഫോണാണ്. ബ്ലാക്ക്‌ബെറിയിൽ നീളമുള്ള ഇ-മെയിലുകൾ ടൈപ്പുചെയ്യുന്നത് ടച്ച്സ്ക്രീനിൽ ടൈപ്പുചെയ്യുന്നതിനേക്കാൾ എളുപ്പമാണെന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് എല്ലാവരേയും വീട്ടിലിരുന്നുള്ള ജോലി സമ്പ്രദായത്തിലേക്ക് മാറ്റിയ ഈ സമയത്ത് ഡാറ്റ സുരക്ഷ കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് ബ്ലാക്ക്‌ബെറി വിശ്വസിക്കുന്നു. ആശയവിനിമയം, സ്വകാര്യത, ഡാറ്റ എന്നിവ പരിരക്ഷിക്കുന്നതിൽ ബ്ലാക്ക്‌ബെറി സ്മാർട്ട്‌ഫോണുകൾ പ്രശസ്തമാണ്. അതിനാൽ ഇത് നല്ല അവസരമാണെന്നും ഓൺവാർഡ് മൊബൈലിറ്റി സി.ഇ.ഒ പീറ്റർ ഫ്രാങ്ക്ളിൻ വ്യക്തമാക്കി.
അടുത്തിടെ വന്ന സാംസങ് ഗാലക്സി നോട്ട് 20, വരാനിരിക്കുന്ന ഐഫോൺ 12 തുടങ്ങി ഒന്നാംനിരക്കാരല്ല, ഇടത്തരക്കാരാണ് ഇത്തവണ ബ്ലാക്ബെറിയുടെ എതിരാളികൾ. അതുകൊണ്ട് വിലയും കുറയുമെന്ന് കരുതാം. ടൈപ്പു ചെയ്യാൻ സ്ക്രീൻ കീബോർഡുകളും പറഞ്ഞെഴുതിക്കാൻ വോയ്സ് അസിസ്റ്റൻറുകളും വ്യാപകമായ ഇക്കാലത്ത് പഴയ കീബോർഡ് അരങ്ങുവാഴുമോ എന്ന് കണ്ടറിയണം. ക്വർട്ടി കീബോഡിനൊപ്പം വാട്സ്ആപ്പിെൻറ മുൻഗാമിയായി കരുതാവുന്ന 256 ബിറ്റ് എൻക്രിപ്ഷെൻറ സുരക്ഷയുള്ള ബ്ലാക്ബെറി മെസഞ്ചർ (ബി.ബി.എം) ആയിരുന്നു പണ്ട് ഏറെ ആകർഷണീയം.
കാനഡയിലെ ഒണ്ടാറിയോ ആസ്ഥാനമായി 1984 ൽ സ്ഥാപിതമായ റിസർച്ച് ഇൻ മോഷൻ (RIM) 2000 ഏപ്രിലിലാണ് ആദ്യ മൊബൈൽ ഫോൺ ഇറക്കിയത്- ബ്ലാക്ബെറി 957 എന്ന പേരിൽ. 2007ൽ ടച്ച്സ്ക്രീനുമായി ഐഫോൺ, പിന്നാലെ 2008ൽ ആൻഡ്രോയിഡ് എന്നിവ എത്തിയതോടെ ആ പ്രതാപം പതിയെ മങ്ങി. എങ്കിലും 2012 വരെ സ്മാർട്ട്ഫോൺ വിപണിയിൽ മൂടിചൂടാമന്നനായി വാണു. കുലീനതയുടെ അടയാളമായിരുന്ന ഫോണിന് 2012ൽ 80 ദശലക്ഷം ഉപയോക്താക്കളാണുണ്ടായിരുന്നത്.
സ്മാർട്ട്‌ഫോൺ വിപണിയിൽ ബ്ലാക്ക്‌ബെറി ബ്രാൻഡ് തിരിച്ചുവരവ് നടത്തുന്നത് ഇതാദ്യമല്ല. 1996 സെപ്റ്റംബറിൽ 'ഇൻററാക്ടിവ് പേജർ 900' എന്ന ഉപകരണമാണ് ആദ്യം നിർമിച്ചത്. ബ്ലാക്ബെറിയുടെ പേരെഴുതിയ ആദ്യം ഉപകരണം 1999 ജനുവരി 19ന് മൊബൈൽ ഡാറ്റയുടെ ലോകംകാട്ടിത്തന്ന 'ബ്ലാക്ബെറി 850' എന്ന ഇമെയിൽ പേജറാണ്. അധികം നീളമില്ലാത്ത സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും മാത്രം ശേഷിയുള്ള പേജറുകൾ ഏറെനാൾ ജീവിച്ചില്ല. വർഷങ്ങൾക്കുശേഷം 2004 ഏപ്രിൽ ഒന്നിനാണ് ഇന്നുകാണുന്ന ജി-മെയിലിെൻറ പോലും ജനനം.
2013ൽ ഇറങ്ങിയ സെഡ് 10 ആണ് പൂർണ ടച്ച്സ്ക്രീൻ ഫോൺ. രണ്ടാംതലമുറയിൽ ഏറ്റവും അവസാനം ഇറങ്ങിയത് 2015 മേയിൽ ബ്ലാക്ബെറി 10 ഒ.എസിലുള്ള 'ബ്ലാക്ബെറി ലീപ്' എന്ന േഫാണാണ്. ആൻഡ്രോയിഡിെൻറ പടയോട്ടത്തിൽ പിടിച്ചുനിൽക്കാനാവാതെ ഫോൺ നിർമാണം ഉപേക്ഷിച്ച് 2016ൽ ടി.സി.എൽ കമ്യൂണിക്കേഷന് ഫോൺ നിർമാണ ലൈസൻസ് നൽകി. ടി.സി.എല്ലിെൻറ ആദ്യ ബ്ലാക്ബെറി ഫോൺ 2017ൽ വന്ന ബ്ലാക്ബെറി കീ വൺ ആണ്. ഈ മൂന്നാം തലമുറയിൽ 2018 ഒക്ടോബറിൽ ആൻഡ്രോയിഡിലുള്ള 'ബ്ലാക്ബെറി കീ 2 എൽ.ഇ' ആണ് ആ പേരിൽ ഇറങ്ങിയ അവസാന ഫോൺ. ഈ ഫെബ്രുവരിയിൽ ടി.സി.എൽ കമ്യൂണിക്കേഷൻ ബ്ലാക്ക്ബെറി ബ്രാൻഡഡ് മൊബൈൽ ഉപകരണങ്ങൾ 2020 സെപ്റ്റംബർ മുതൽ വിൽക്കില്ലെന്ന് പ്രഖ്യാപിച്ചു. അതിനുശേഷം ഈമാസം വരെ കമ്പനിക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. ഇനി അടുത്തവർഷം ഓൺവാർഡ് മൊബൈലിറ്റിയിലൂടെ വരുന്നത് നാലാം തലമുറയാണ്.
സുരക്ഷയിലും ഉപഭോക്തൃ സ്വകാര്യതയിലും ആപ്പിളിനും ഒരുപടി മേലെയായിരുന്നു ബ്ലാക്ബെറി. സ്വന്തം ബ്ലാക്ബെറി ഓപറേറ്റിങ് സിസ്റ്റത്തിലായിരുന്നു പ്രവർത്തനം. രാഷ്ട്രത്തലവന്മാരും സെലിബ്രിറ്റികളും അക്കാലത്ത് ഉപയോഗിച്ചിരുന്നത് ബ്ലാക്ബെറിയായിരുന്നു. അത്രക്ക് വിശ്വാസ്യത നേടിയിരുന്നു. ബ്ലാക്ബെറി മെസഞ്ചറിെൻറ (ബി.ബി.എം) സന്ദേശവിവരങ്ങൾ സർക്കാറുകൾക്ക് കൊടുക്കാൻ പോലും കമ്പനി മടിച്ചു. അക്കാലത്ത് ആർക്കും ചോർത്താനാവാത്ത സുരക്ഷിതമായ സന്ദേശമാർഗമായിരുന്നു ബി.ബി.എം. ആൻഡ്രോയിഡ് ഫോണുകളുടെ മലവെള്ളപ്പാച്ചിലും ബ്ലാക്ബെറിയുടെ വിലകൂടുതലും പിന്നാലെ ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കും ബ്ലാക്ബെറിക്ക് വിനയായി. മറ്റ് ഫോണുകളിലെ ടച്ച്സ്ക്രീനുകളുടെ വൈവിധ്യവും ക്വർട്ടി കീബോർഡിൽനിന്ന് വിട്ടുമാറാത്ത ബ്ലാക്ബെറിയുടെ ശാഠ്യവും പതനം പൂർണമാക്കി. ലോക വിപണിയിൽനിന്ന് പതിയെ മാഞ്ഞു. അവസാനം ആൻഡ്രോയിഡ് ഫോണിറക്കിയെങ്കിലും രക്ഷപ്പെട്ടില്ല. രണ്ടാംവരവിലും കീേബാർഡിനെ നെഞ്ചോടുേചർത്ത് പിടിച്ചിട്ടുണ്ട് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.