ഐഫോൺ 14 റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫോണുമായി ബന്ധപ്പെട്ട് ഇതുവരെ ലീക്കായ പല കാര്യങ്ങളെയും അസ്ഥാനത്താക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഐഫോൺ 14 സീരീസിന്റെ വില, അതുപോലെ പ്രോ മോഡലുകളുടെ ഡിസ്‍പ്ലേ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മാക്റൂമേഴ്സ്.
ഗുണം കൂടിയാലും വില കുറയും
ഐഫോൺ 14, ഐഫോൺ 14 മാക്‌സ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് സെപ്തംബർ ഏഴിന് അവതരിപ്പിക്കുന്നത്. വലിയ മാറ്റങ്ങളുമായി എത്തുന്ന ഐഫോൺ 14 സീരീസിന് ഐഫോൺ 13 ലൈനപ്പിനെക്കാൾ വില കൂടിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മാക്റൂമേഴ്സിനെ ഉദ്ധരിച്ച് ട്രെൻഡ്‌ഫോഴ്‌സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വർദ്ധിച്ചുവരുന്ന ആഗോള പണപ്പെരുപ്പവും മൊബൈൽ വിപണിയിലെ ഇടിവും കണക്കിലെടുത്ത് ആപ്പിൾ, പുതിയ ഐഫോണുകളുടെ വില ഉയർത്തിയേക്കില്ല.
അതിനാൽ, വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐഫോൺ 14 സീരീസിന് ഐഫോൺ 13 ലൈനപ്പിനെ അപേക്ഷിച്ച് പ്രാരംഭ വില കുറവായിരിക്കാം. ഐഫോൺ 14-ന്റെ വില 749 ഡോളർ (59,600 രൂപ) മുതൽ ആരംഭിക്കാം, ഐഫോൺ 14 മാക്സിന്റെ പ്രാരംഭ വില 849 ഡോളർ (67,500 രൂപ) ആയിരിക്കും. ലോഞ്ച് ചെയ്ത സമയത്ത് ഐഫോൺ 13 ന്റെ പ്രാരംഭ വില 799 ഡോളർ ആയിരുന്നു (63,600 രൂപ).
എന്നാൽ, ഐഫോൺ 14 പ്രോ മോഡലുകളുടെ പ്രാരംഭ വില ഐഫോൺ 13 പ്രോ മോഡലുകളേക്കാൾ കൂടുതലായിരിക്കും, 999 ഡോളറായിരുന്നു (79,500 രൂപ) 13 പ്രോയുടെ പ്രാരംഭ വില. ഐഫോൺ 14 പ്രോയുടെ പ്രാരംഭ വില 1,049 ഡോളറായിരിക്കുമെന്നാണ് (83,500 രൂപ) റിപ്പോർട്ട്. അതേസമയം 14 പ്രോ മാക്സിന് 1,149 ഡോളർ ( 91,400 രൂപ) മുതൽ നൽകേണ്ടിവരും.
നോച്ചിന് പകരം വരുന്നത്....
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ ഡിസ്‍പ്ലേയിൽ നിലവിലുള്ള നോച്ചിന് പകരം 'ഹോൾ - പിൽ' ഷേപ്പിലുള്ള കട്ടൗട്ട് വരുമെന്നാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കിയത്. എന്നാൽ, പുതിയ ലീക്കുകൾ പ്രകാരം പിൽ ഷേപ്പിലുള്ള വലിയൊരു കട്ടൗട്ട് മാത്രമായിരിക്കും 14 പ്രോ മോഡലുകളുടെ ഡിസ്‍പ്ലേയിൽ ഉണ്ടാവുക.
രണ്ട് തരം ചെറിയ നോച്ചുകൾ ഡിസ്‍പ്ലേയുടെ മുകളിൽ ക്രമീകരിക്കുന്നതിന് പകരം രണ്ടും കൂടി ഒരുമിച്ചുചേർക്കാൻ ആപ്പിൾ ചില സോഫ്റ്റ്വെയർ ഗിമ്മിക്കുകൾ ഉപയോഗിക്കുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ടർ മാർക്ക് ഗുർമാൻ ട്വിറ്ററിൽ കുറിച്ചു. മാക്റൂമേഴ്സ് ആണ് ഡിസ്‍പ്ലേയുമായി ബന്ധപ്പെട്ട ഈ പ്രധാന വിവരം ആദ്യം പുറത്തുവിട്ടത്.
രണ്ട് കട്ടൗട്ടുകൾക്കിടയിൽ വരുന്ന സ്‍പേസിൽ മൈക്കും ക്യാമറയും ആപ്പുകൾ ഉപയോഗിക്കുന്നതായി അറിയിക്കാൻ ഓറഞ്ച്, പച്ച ഇൻഡിക്കേറ്ററുകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ നോച്ചിന്റെ വലത് കോണിലാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. ഇൻഡിക്കേറ്ററുകളിൽ ടാപ്പുചെയ്താൽ ഉപയോക്താക്കൾക്ക് ഫോണിന്റെ മൈക്കും ക്യാമറയും ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണാനും കഴിയും.
അതേസമയം, ഡിസ്‍പ്ലേയുടെ അകത്തായി നീളമേറിയ ഗുളികയുടെ ആകൃതിയിലുള്ള കട്ട്ഔട്ട് വരുന്നത് ആപ്പിൾ പ്രേമികൾ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയണം. ആപ്പിൾ ഐഫോൺ എക്സ് എന്ന മോഡലിൽ നോച്ച് കൊണ്ടുവന്നപ്പോൾ നീരസം പ്രകടിപ്പിച്ച് പലരും എത്തിയിരുന്നു. നോച്ചിന്റെ വലിപ്പം തന്നെയാണ് അവരെ ചൊടിപ്പിച്ചത്. ആൻഡ്രോയ്ഡ് ഫോണുകൾ ഫുൾ സ്ക്രീൻ ഡിസ്‍പ്ലേയുള്ള ഫോണുകൾ അവതരിപ്പിക്കുന്ന കാലത്തായിരുന്നു വലിയ നോച്ചുമായി തുടർച്ചയായി ആപ്പിൾ ഐഫോണുകൾ അവതരിപ്പിച്ചത്.
ക്യാമറയിലും വലിയ മാറ്റം
ബാറ്ററി, റാം, മറ്റ് അപ്‌ഗ്രേഡുകൾ എന്നിവ അവതരിപ്പിക്കുന്നതിനൊപ്പം ക്യാമറ ആപ്പും ആപ്പിൾ നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 14 പ്രോ മോഡലുകളിൽ 48 മെഗാപിക്സൽ ക്യാമറകൾ, വലിയ സെൻസറുള്ള അൾട്രാ വൈഡ് ലെൻസ്, എ 16 ചിപ്‌സെറ്റ് എന്നിവ പ്രതീക്ഷിക്കാം.
ഐഫോൺ 14 മോഡലുകൾ ഐഫോൺ 13ന് ഏകദേശം സമാനമായിരിക്കും. ചെറിയ മാറ്റങ്ങൾ മാത്രം നോൺ-പ്രോ മോഡലുകളിൽ പ്രതീക്ഷിച്ചാൽ മതി. ഐഫോൺ 14 സീരീസ് സാറ്റലൈറ്റ് കമ്യൂണിക്കേഷനും പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.