വരുന്ന സെപ്തംബറിൽ ഐഫോൺ 16 സീരീസ് ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് ആപ്പിൾ പ്രേമികൾ. ഐഫോണിന് ലഭിക്കുന്ന ഏറ്റവും ഗംഭീര അപ്ഡേറ്റായി പറയപ്പെടുന്ന ‘iOS 18’ ആണ് പതിനാറാം ജനറേഷൻ ഐഫോണിൽ എടുത്തുപറയേണ്ട സവിശേഷത. ഡിസൈൻ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി ലൈഫ് തുടങ്ങി നിരവധി മേഖലകളിൽ കമ്പനി മെച്ചപ്പെടുത്തലുകൾ വരുത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാൽ, ഐഫോൺ 16 സീരീസ് വാങ്ങുന്നതിനായി പണം സ്വരൂപിക്കുന്നവർ, ഒരു വർഷം കൂടി നിങ്ങളുടെ കാത്തിരിപ്പ് നീട്ടിയാൽ നന്നാകും, കാരണം, ഐഫോൺ 17 സീരീസിനെ കുറിച്ച് വരുന്ന ലീക്കുകൾ അറിഞ്ഞാൽ, ഒരുപക്ഷെ, നിങ്ങൾ ഐഫോൺ 16 സ്കിപ്പ് ചെയ്തേക്കാം...
അതെ, ഒടുവിൽ അത് സംഭവിക്കാൻ പോവുകയാണ്. പ്രോ മോഡലുകൾ എടുക്കാൻ കാശില്ലാത്തവരും ഒരു സ്മാർട്ട് ഫോണിന് ഒരു ലക്ഷത്തിന് മുകളിലൊക്കെ കാശ് മുടക്കാൻ താൽപര്യമില്ലാത്തവരുമൊക്കെയാണ് പൊതുവെ വനില ഐഫോൺ മോഡലുകൾ തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, അത്തരക്കാർക്ക് നഷ്ടമാകുന്ന രണ്ട് ഗംഭീര ഫീച്ചറുകളുണ്ട്. ഒന്ന് 120Hz റിഫ്രഷ് റേറ്റും, മറ്റൊന്ന് ഓൾവൈസ് ഓൺ ഡിസ്‍പ്ലേയുമാണ്.
ഈ രണ്ട് ഫീച്ചറുകളും ഉപയോഗിച്ചവർക്ക് മാത്രമാണ് അതിന്റെ സുഖം മനസിലാവുക. പ്രത്യേകിച്ച് 120Hz റിഫ്രഷ് റേറ്റ് പിന്തുണക്കുന്ന ഡിസ്പ്ലേയുള്ള ഫോൺ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അനുഭവം ഒരിക്കലും സാധാരണ 60hz ഫോണിൽ നിന്ന് കിട്ടില്ല. ഐഫോൺ 15, ഐഫോൺ 15 പ്രോ എന്നീ ഫോണുകൾ മാറി മാറി യൂസ് ചെയ്ത് നോക്കിയാൽ അറിയാം, വ്യത്യാസം.
ആൻഡ്രോയ്ഡ് ഒ.ഇ.എമ്മുകൾ 15000 രൂപയുടെ ഫോണുകളിൽ വരെ 120Hz റിഫ്രഷ് റേറ്റ് നൽകുന്നുണ്ട്. അമോലെഡ് ഡിസ്‍പ്ലേയുമായി വരുന്ന ഫോണുകളിൽ ആൾവൈസ് ഓൺ ഡിസ്പ്ലേ ഫീച്ചറുകളും നൽകാറുണ്ട്. എന്നാൽ, 70,000 രൂപയിലധികം നൽകി വാങ്ങുന്ന ആപ്പിൾ ഐഫോൺ 15 എന്ന മോഡലിൽ ഇപ്പോഴും 60hz ഡിസ്പ്ലേയാണ്, വരാനിരിക്കുന്ന ഐഫോൺ 16 സീരസിലും കാര്യങ്ങൾ വ്യത്യസ്തമല്ല, എന്നാൽ, ഐഫോൺ 17 സീരീസിനൊപ്പം, ആപ്പിൾ അതിൻ്റെ മുഴുവൻ ഐഫോൺ ലൈനപ്പിലും 120Hz പ്രൊമോഷൻ ഓൾവേസ്-ഓൺ ഡിസ്പ്ലേ സാങ്കേതികവിദ്യ കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ട്.
ഈ വർഷം, ഐഫോൺ 16 പ്രോയും 16 പ്രോ മാക്സും വലിയ ഡിസ്പ്ലേ വലുപ്പത്തിൽ ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 16 പ്രോ 6.12 ഇഞ്ചിൽ നിന്ന് 6.27 ഇഞ്ചിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങൾ. അതേസമയം, ഐഫോൺ 16 പ്രോ മാക്‌സ് 6.86 ഇഞ്ച് ഡിസ്‌പ്ലേയുള്ള എക്കാലത്തെയും വലിയ ഐഫോണായിരിക്കും. നിലവിലെ ഐഫോൺ 15 പ്രോ മാക്സിന് 6.69 ഇഞ്ച് ഡിസ്പ്ലേയാണെന്ന് ഓർമവേണം.
എന്നാൽ, ഐഫോൺ 17 എത്തുമ്പോൾ എല്ലാം അടിമുടി മാറും. അടുത്ത വർഷം, ആപ്പിൾ അതിൻ്റെ ഐഫോൺ 17 വാനില മോഡലുകളിലുടനീളം ഈ വലുപ്പ മാറ്റങ്ങൾ വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനർത്ഥം നമുക്ക് 6.27 ഇഞ്ച് ഐഫോൺ 17 ഉം 6.86 ഇഞ്ച് ഐഫോൺ 17 പ്ലസും കാണാൻ കഴിയുമെന്ന് ചുരുക്കം.
അതെ, ഐഫോൺ ഉപയോഗിക്കുന്നവർ ഏറ്റവും രസംകൊല്ലിയായി കണക്കാക്കുന്ന കാര്യമാണ് നോച്ച്. നോച്ചില്ലാതെ എഡ്ജ് ടു എഡ്ജ് സ്ക്രീൻ അനുഭവം ലഭിക്കുന്ന ഐഫോൺ സ്മാർട്ട്ഫോൺ പ്രേമികളുടെ സ്വപ്നമാണ്. എന്നാൽ, ഐഫോൺ 17 സീരീസിലൂടെ ഒരുപക്ഷെ അത് യാഥാർഥ്യമായേക്കാം.
ഐഫോണിൻ്റെ ഡിസ്‌പ്ലേയ്‌ക്ക് അടിയിലായി എംബഡഡ് ചെയ്‌ത ഫെയ്‌സ് ഐഡി സംവിധാനത്തിൽ കുറച്ച് കാലമായി കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഐഫോൺ 16 പ്രോ മോഡലുകളിൽ അണ്ടർ-ഡിസ്‌പ്ലേ ഫേസ് ഐഡി സാങ്കേതികവിദ്യ അരങ്ങേറ്റം കുറിക്കുമെന്ന് ഡിസ്‌പ്ലേ അനലിസ്റ്റ് റോസ് യംഗ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പിന്നാലെ, അദ്ദേഹം തൻ്റെ നിലപാട് മാറ്റി, ഈ സവിശേഷത 2025 ഐഫോണുകളിൽ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.
മുൻ കാമറയുടെ ഒരു സർക്കുലർ കട്ടൗട്ട് മാത്രമായിരിക്കും ഡിസ്‍പ്ലേയുടെ മുകളിലുണ്ടായിരിക്കുക. ഇത് സംഭവിക്കുകയാണെങ്കിൽ, ഐഫോൺ 16 സീരീസ് സ്കിപ് ചെയ്യാൻ വേറെ കാരണം വേണ്ടല്ലോ..??
പിൻക്യാമറയിൽ ഗംഭീരമായ നവീകരണങ്ങൾ ആപ്പിൾ പലപ്പോഴായി നടത്തിയെങ്കിലും സെൽഫി ക്യാമറ അതേപടി തുടരുകയാണ്. 12എംപി വൈഡും 12എംപി അൾട്രാവൈഡ് സെൻസറും ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറയുമായാണ് ആപ്പിൾ ഐഫോൺ 11 പുറത്തിറക്കിയത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി മുൻ ക്യാമറയുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തപ്പോൾ, വാനില മോഡലുകളിൽ ആപ്പിൾ ഒരു വലിയ, ആശ്ചര്യകരമായ മാറ്റം കൊണ്ടുവന്നു. രണ്ട് മോഡലുകളിലും 48 എംപി വൈഡ് ക്യാമറ സെൻസർ അവതരിപ്പിച്ചു. ഐഫോൺ 14 പ്രോ മോഡലുകൾക്ക് ശേഷം പ്രോ മോഡലുകളിൽ ഈ സെൻസർ വരുന്നത്.
ഐഫോൺ 17 സീരീസിലൂടെ 12 മെഗാപിക്സൽ സെൽഫീ ഷൂട്ടർ ഒഴിവാക്കി എല്ലാ മോഡലുകളിലും 24 മെഗാപിക്സൽ അവതരിപ്പിക്കും. ഐഫോണുകളിലെ മുൻകാമറ നൽകുന്ന ചിത്രങ്ങളെയും വിഡിയോകളെയും വെല്ലാൻ ആൻഡ്രോയ്ഡ് ഫോണുകൾ വിയർക്കാറാണ് പതിവ്. ക്യാമറ 24 എംപിയിലേക്ക് മാറുന്നതോടെ ഔട്ട് പുട്ടിൽ വലിയൊരു ക്വാളിറ്റി അപ്ഗ്രേഡും നമുക്ക് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.