ട്രാക്ക് മാറ്റി നത്തിങ്; വില കുറഞ്ഞ ‘ഫോൺ 2a’ വരുന്നു, റിലീസ് ഡേറ്റ്, വില - വിശേഷങ്ങളറിയാം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസിൽ നിന്ന് രാജിവെച്ചതിന് ശേഷം കാൾ പേയ് ലണ്ടൻ ആസ്ഥാനമായി തുടങ്ങിയ സ്റ്റാർട്ടപ്പായിരുന്നു ‘നത്തിങ്’ (Nothing). ഇയർഫോണുകളിലൂടെയായിരുന്നു നത്തിങ്ങിന്റെ തുടക്കം. എന്നാൽ, 2022 ജൂലൈ മാസം നത്തിങ് ഫോൺ 1-ലൂടെ സ്മാർട്ട്ഫോൺ രംഗത്തും അവർ കാലെടുത്തുവെച്ചു. വലിയ വിജയമായ ഫോൺ (1)-ന് ശേഷം കഴിഞ്ഞ വർഷം ഫോൺ (2) വിപണിയിലേക്കെത്തി. ഫോൺ 1-മായി താരതമ്യം ചെയ്യുമ്പോൾ ഫീച്ചറിന്റെ കാര്യത്തിൽ മികച്ച അപ്ഗ്രേഡായിരുന്നു ഫോൺ 2. അതുകൊണ്ട് തന്നെ നല്ല സ്വീകാര്യത ആ മോഡലിന് ലഭിച്ചിരുന്നു. എന്നാൽ, 40000 രൂപയും കടന്നുള്ള ഫോൺ 2-ന്റെ വില പലരെയും അതൃപ്തരാക്കിയിരുന്നു.

ഈ കാരണം കൊണ്ടുതന്നെ നത്തിങ് ബജറ്റ് ശ്രേണിയിലേക്കൊരു സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ​തീരുമാനിച്ചു. നത്തിങ് ഫോൺ 2 എന്ന മോഡലിന്റെ സ്പിൻ ഓഫായ നത്തിങ് ഫോൺ (2a) വരുന്നതായുള്ള റിപ്പോർട്ടുകൾ ആവേശത്തോടെയാണ് ടെക് ലോകം ഏറ്റെടുത്തത്.

നത്തിങ് ഫോൺ 2എ - സവിശേഷതകൾ

സമീപകാലത്തായി വന്ന ചില ലീക്കുകൾ പ്രകാരം, 120Hz റിഫ്രഷ് റേറ്റും സെന്റർ പഞ്ച്-ഹോൾ ഡിസൈനുമുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് നതിങ് ഫോൺ 2എ-ക്ക്. അതായത്, മുൻവശത്ത് നിന്ന് നോക്കിയാൽ നത്തിങ് ഫോണിന് (2) ഏതാണ്ട് സമാനമായിരിക്കും ഫോൺ 2എ. എന്നാൽ, ഫോണിൽ വ്യത്യസ്തമായ ഡിസ്പ്ലേ പാനലാകും ഉപയോഗിക്കുക. കാരണം, നത്തിങ് ഫോൺ 2-ൽ വില കൂടിയ LTPO പാനലാണുള്ളത്. സാധാരണ ഒഎൽഇഡി പാനലുമായിട്ടാകും ഫോൺ 2എ വരിക. പിക്സൽ 7 എ, മോട്ടോ ജി സീരീസുകൾ എന്നിവയുമായിട്ടാകും നത്തിങ്ങിന്റെ മിഡ് റേഞ്ച് ഫോൺ മത്സരിക്കുക.

എന്നാൽ, പിൻഭാഗത്ത് ഫോൺ 2എ-യിൽ വലിയ മാറ്റങ്ങളുണ്ട്. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിന് ചുറ്റും മൂന്ന് ഗ്ലിഫ് ലൈറ്റുകളുള്ള ഫോൺ 2എയ്ക്ക് പുനർരൂപകൽപ്പന ചെയ്ത ബാക്ക് പാനലാകും നത്തിങ് നൽകുക. മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ മിഡ് റേഞ്ച് ഫോണിൽ ഗ്ലിഫ് ലൈറ്റുകൾ കുറവാണ്.

Image: Yogesh Brar

മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. മധ്യനിര ഫോണുകൾക്ക് മികച്ച പ്രകടനം നൽകുന്ന ചിപ്സെറ്റാണിത്. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാകും ഫോൺ ലഭ്യമാവുക. UFS 3.1 സ്റ്റോറേജുമുണ്ടായേക്കും.

രണ്ട് ക്യാമറകളുമായി എത്തുന്ന ഫോണിന് 50MP പ്രൈമറി സെൻസറും 50MP യുടെ തന്നെ അൾട്രാവൈഡ് സെൻസറുമാകും നത്തിങ് നൽകുക. മുൻ മോഡലുകളെ അപേക്ഷിച്ച് വെർട്ടിക്കൽ രീതിയിലാകും ഫോൺ 2എ-യുടെ ക്യാമറകൾ പിൻഭാഗത്ത് സജ്ജീകരിക്കുക. സോണി IMX615 സെൻസറുള്ള 32 മെഗാപിക്സൽ മുൻ ക്യാമറയും പ്രതീക്ഷിക്കാം.

4,500mAh ബാറ്ററിയുമായി എത്തുന്ന ഫോൺ 2എ-ക്ക് 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുണ്ടാകും. 399 ഡോളറാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില. ഇന്ത്യയിൽ 25000 രൂപ.

നത്തിങ് ഫോൺ 2എ ലോഞ്ച് ഡേറ്റ്

നത്തിങ് ഫോൺ 2എ എന്ന ബജറ്റ് ഫോൺ എന്ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. 2024 ഫെബ്രുവരി 27-ന് ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് 2024-ൽ ഫോൺ 2a ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Latest on Nothing Phone 2a: Release Date, Price, Leaks, and Rumors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.