'നത്തിങ് ഫോൺ' ഈസ് സംതിങ്; സ്മാർട്ട്ഫോൺ പ്രേമികളെ ഞെട്ടിച്ച ഫോണിന്റെ വിശേഷങ്ങൾ, വിലയും പുറത്ത്

വൺപ്ലസിൽ നിന്ന് രാജിവെച്ച കാൾ പേയ് സ്വന്തമായി തുടങ്ങിയ ടെക്നോളജി കമ്പനിയാണ് നത്തിങ്. ഓഡിയോ ഉത്പന്നങ്ങളിലൂടെയായിരുന്നു അവരുടെ തുടക്കം. എന്നാലിപ്പോൾ നത്തിങ് ഫോൺ (1) എന്ന സ്മാർട്ട്​ഫോണിലൂടെ ലണ്ടൻ ആസ്ഥാനമായ കമ്പനി ആഗോള ശ്രദ്ധ നേടുകയാണ്. നത്തിങ് ഇയർ വൺ എന്ന ഓഡിയോ പ്രൊഡക്ട് പോലെ അർദ്ധസുതാര്യമായ രൂപകൽപ്പനയാണ് ഫോണും പിന്തുടരുന്നത്.


ഫോണിന്റെ പിൻഭാഗത്തെ ഡിസൈൻ പ്രദർശിപ്പിക്കുന്ന പല വിഡിയോകളും പുറത്തുവന്നിരുന്നു. ഇതുവരെയുണ്ടായിരുന്ന സ്മാർട്ട്ഫോൺ ഡിസൈനുകളെ പൊളിച്ചെഴുതും വിധം വ്യത്യസ്തവും ആകർഷകവുമാണ് നത്തിങ് ഫോൺ (1)-ന്റെ രൂപകൽപ്പന. പിൻഭാഗത്ത് എൽ.ഇ.ഡി ലൈറ്റുകളുടെ മേളമാണ്. കാമറാ മൊഡ്യൂളിന് ചുറ്റിലും, വയർലെസ് ചാർജിങ് ഭാഗത്തും, ഫോൺ ചാർജ് ചെയ്യാനുള്ള യു.എസ്.ബി ടൈപ് സി പോർട്ടിന് കുറുകെയും എൽ.ഇ.ഡി ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അവ, നോട്ടിഫിക്കേഷൻ എൽ.ഇ.ഡികളായും പ്രവർത്തിക്കും.

Full View

ഫോണിന്റെ വിലവിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആമസോൺ ജർമനി നത്തിങ് ഫോൺ (1) അവരുടെ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പം നൽകിയ ഫോണിന്റെ വിവധ വകഭേദങ്ങളുടെ വില പ്രമുഖ ലിക്സ്റ്ററായ മുകുൾ ശർമയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

8+128GB വകഭേദത്തിന് 469.99 യൂറോ ആണ് വില. അത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 38,773.90 രൂപ വരും. 8+256GB മോഡലിന് 41,249.56 രൂപയും 12+256GB മോഡലിന് 45,378.57 രൂപയുമായിരിക്കും വില. എന്നാൽ, ഇന്ത്യയിൽ നിർമിക്കുമെന്ന് അറിയുന്ന ഫോൺ രാജ്യത്ത് വിൽപ്പനക്കെത്തുമ്പോൾ ഇതിലും കുറഞ്ഞ വിലയായിരിക്കുമെന്ന സൂചനയുമുണ്ട്.


സ്നാപ്ഡ്രാഗണിന്റെ 778G+ എന്ന കരുത്തുറ്റ മിഡ്റേഞ്ച് പ്രൊസസറാണ് നത്തിങ് ഫോൺ 1-ൽ ഉൾപെടുത്തിയിരിക്കുന്നത്. 6.55- ഇഞ്ച് വലിപ്പമുള്ള സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേക്ക് HDR10+ പിന്തുണയും 120Hz റിഫ്രഷ് റേറ്റുമുണ്ടായിരിക്കും. 12 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്‌റ്റോറേജുമുണ്ടായിരിക്കും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50MP+16MP ഡ്യുവൽ പിൻ ക്യാമറകളും 4,500mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും നത്തിങ് സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതകളാണ്. 16MP-യാണ് സെൽഫി ഷൂട്ടർ. 

നത്തിങ് ഫോണിനൊപ്പം വരുന്ന നത്തിങ് ഇയർ (1)

നത്തിങ് ഫോണുകൾ ഓഫ്ലൈൻ ആയും വിൽക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴിയും ഇവ വിൽപ്പനയ്ക്ക് എത്തിയേക്കാം. ഫ്ലിപ്പ്കാർട്ടിലെ പ്രീ- ഓർഡർ സംവിധാനം വഴിയും ഫോൺ വാങ്ങാനാകും. ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു. ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിരവധി ആകർഷകമായ ഓഫറുകളുമുണ്ടാകും. 2000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റായി നൽകുമെന്ന ഉറപ്പിലാണ് പ്രീ- ഓർഡർ ആരംഭിക്കുന്നത്.  ഈ ഉപഭോക്താക്കൾക്ക് മുൻ‌ഗണന പ്രകാരം ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാൻ അനുവദിക്കുന്ന പ്രീ-ഓർഡർ പാസ് ലഭിക്കും.



Tags:    
News Summary - Nothing Phone (1) Is Something Price Leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.