15 വർഷമായി ഗൂഗിളിൽ, പിരിച്ചുവിട്ടത് വിഡിയോ കോളിനിടെ, ഞെട്ടലിൽ ദീപ്തി കൃഷ്ണൻ

ജോലി സംബന്ധമായ വിഡിയോ കോളിലായിരുന്നു ദീപ്തി കൃഷ്ണനെന്ന ഗൂഗിൾ ജീവനക്കാരി. പെട്ടന്ന് കോൾ വിച്ഛേദിക്കപ്പെട്ടു. പിന്നാലെ സ്ക്രീനിൽ തെളിയുന്നത് ‘ആക്സസ് ഡിനൈഡ്’ എന്ന സന്ദേശമാണ്. 15 വർഷം നീണ്ടുനിന്ന തന്റെ കരിയറിലുടനീളം ദീപ്തി ഗൂഗിളിനൊപ്പമായിരുന്നു. തന്റെ ഭർത്താവിനെ കണ്ടെത്തിയത് പോലും അവിടെ നിന്നായിരുന്നു. എന്നാൽ, അതേ ഗൂഗിൾ, തന്നെ പിരിച്ചുവിടാൻ തെരഞ്ഞെടുത്ത രീതിയിലുള്ള നിരാശ പങ്കുവെക്കുകയാണ് ദീപ്തി കൃഷ്ണ.

ഇന്റർനെറ്റ് പ്രശ്‌നം കാരണമാണ് കോൾ വിച്ഛേദിക്കപ്പെട്ടതെന്ന് വിചാരിച്ച് താൻ പേജ് റീഫ്രഷ് ചെയ്തുകൊണ്ടേയിരുന്നു. ശേഷം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഇവിടെ എന്റെ സമയം കഴിഞ്ഞുവെന്ന് അറിയിക്കുന്ന ഒരു ഇമെയിലായിരുന്നു. ഏറെ കാലം മായാതെ എന്റെയുള്ളിൽ നിൽക്കാൻ പോകുന്ന ചിത്രം. - ഗൂഗിൾ ഇന്ത്യയുടെ എച്ച്.ആർ ഓപ്പറേഷൻസ് മാനേജ്‌മെന്റ് കൈകാര്യം ചെയ്തിരുന്ന ദീപ്തി ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

"എന്റെ ജീവിതത്തിന്റെ പകുതിയും ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. എനിക്ക് അറിയാവുന്ന ഏക തൊഴിൽദാതാവ് ഗൂഗിളാണ്. എന്റെ ഇന്റേൺഷിപ്പ് പോലും ഇവിടെ ഉണ്ടായിരുന്നു," -അവർ പറയുന്നു.

ഗൂഗിൾ പിരിച്ചുവിട്ട 12,000 ജീവനക്കാരിൽ ഒരാളാണ് ദീപ്തി കൃഷ്ണനും. മറ്റുള്ളവരെ പോലെ പിരിച്ചുവിടൽ നേരിടേണ്ടി വരുന്നതിനെ കുറിച്ച് ആലോചിക്കുകയും അതിന് വേണ്ടി തയ്യാറാവുകയും ചെയ്തിരുന്നെങ്കിലും അങ്ങനെ സംഭവിച്ചപ്പോൾ അമ്പരന്നുപോയെന്നും ദീപ്തി കുറിച്ചു. 15 വർഷം നീണ്ട ബന്ധത്തിൽ നിന്ന് നിമിഷങ്ങൾക്കുള്ളിൽ വേർപിരിയേണ്ടി വരുന്നതായുള്ള ഒരു തോന്നലാണ് തനിക്കെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - After 15 years with Google India, employee gets laid off during video call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.