ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സമൂഹത്തിന് അപകടകരമായേക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ, അത് ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബൈഡൻ.
തന്റെ കാഴ്ചപ്പാടിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിന് മുമ്പ് സാങ്കേതിക കമ്പനികൾക്ക് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ബൈഡൽ വ്യക്തമാക്കി. നിർമിത ബുദ്ധി അപകടകാരിയാണോ..? എന്ന ചോദ്യത്തിന് അത് ‘കണ്ടറിയാമെന്നും’ എന്നാൽ ‘അതിന് സാധ്യതയുണ്ടെന്നു’മാണ് ബൈഡൻ മറുപടി നൽകിയത്.
രോഗം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ എ.ഐ സഹായിക്കുമെന്ന് ബൈഡൻ പറഞ്ഞു, എന്നാൽ "നമ്മുടെ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും അത് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ" ആ സാങ്കേതികവിദ്യയുടെ സൃഷ്ടാക്കൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. യുവാക്കളുടെ മാനസികാരോഗ്യത്തിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം, സുരക്ഷാസംവിധാനങ്ങൾ ഇല്ലെങ്കിൽ പുതിയ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കാണിക്കുന്നതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
എ.ഐ-യെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള വർധിച്ചുവരുന്ന ചർച്ചകൾക്കിടയിലാണ് ബൈഡന്റെ പരാമർശം. സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് വരെ സാങ്കേതികവിദ്യയുടെ വികസനം താൽക്കാലികമായി നിർത്തണമെന്ന് പല പ്രമുഖരും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.