റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഡിജിറ്റൽ കറൻസിയായ 'ഇ റുപ്പി' കഴിഞ്ഞ മാസമായിരുന്നു രാജ്യത്ത് ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. എന്നാലിപ്പോൾ ഇന്ത്യയിൽ ഇ-റുപ്പി ഇടപാടുകൾ ആരംഭിച്ചുകഴിഞ്ഞു. മഹീന്ദ്ര മോട്ടോഴ്സിന്റെ തലവനായ ആനന്ദ് മഹീന്ദ്ര തന്റെ ആദ്യത്തെ ‘ഇ-റുപ്പി ഇടപാട്’ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
റിസർവ് ബാങ്കിൻറെ ബോർഡ് മീറ്റിങ്ങിൽ ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പിയെക്കുറിച്ച് താൻ മനസിലാക്കിയെന്നും ഉടൻ തന്നെ ഒരു തെരുവുകച്ചവടക്കാരനിൽ നിന്ന് പഴം വാങ്ങിച്ചുകൊണ്ട് അത് ഉപയോഗിക്കാൻ തുടങ്ങിയെന്നും ആനന്ദ് മഹീന്ദ്ര ഒരു ട്വീറ്റിൽ പറഞ്ഞു.
"ഇന്നത്തെ റിസർവ് ബാങ്കിന്റെ ബോർഡ് മീറ്റിങ്ങിൽ ഞാൻ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പിയെക്കുറിച്ച് മനസ്സിലാക്കി. മീറ്റിങ് കഴിഞ്ഞ ഉടൻ തന്നെ ഞാൻ സമീപത്തെ പഴക്കച്ചവടക്കാരനായ ബച്ചേ ലാൽ സഹാനിയെ സന്ദർശിച്ചു. ഇ-റുപ്പി സ്വീകരിക്കുന്ന ആദ്യത്തെ കച്ചവടക്കാരിൽ ഒരാളാണ് അദ്ദേഹം. ‘ഡിജിറ്റൽ ഇന്ത്യ ഇൻ ആക്ഷ:ൻ’ !" - ഡിജിറ്റൽ രൂപ ഉപയോഗിച്ച് മാതളനാരങ്ങയാണ് വാങ്ങിയതെന്നും ഇടപാടിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
യു.പി.ഐ ഇടപാടുകൾ നടത്തുന്നത് പോലെ തന്നെയാണ് ഡിജിറ്റൽ റുപ്പിയുടെ ഇടപാടും. വിഡിയോയിൽ ആനന്ദ് മഹീന്ദ്ര ‘ഇ-റുപ്പി ക്യൂ-ആർ കോഡ്’ സ്കാൻ ചെയ്ത് പണമടക്കുന്നതായി കാണാൻ സാധിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമപരമായ ഒരു ഡിജിറ്റൽ കറൻസിയാണ് ഇ റുപ്പി. അതിന്റെ ഇടപാടുകളും ആർബിഐയുടെ നിയന്ത്രണങ്ങളുടെ പരിധിയിലാണ് വരുന്നത്. ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇടപാടുകൾ നടത്താനാകും.
ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയാണ് ആർ ബിഐ സഹകരിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ-റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കുകയുള്ളൂ. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇ-റുപ്പി വൈകാതെ എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.