റഷ്യക്കെതിരെ സൈബർ യുദ്ധവുമായി ഒരു കൂട്ടം ഹാക്കർമാർ രംഗത്ത്. അനോണിമസ് (Anonymous) എന്ന പേരിലുള്ള ഹാക്കർമാരുടെ കൂട്ടായ്മ റഷ്യയുടെ വാർത്താ ഏജൻസിയായ ആർ.ടി ന്യൂസ് അടക്കമുള്ള ചാനലുകളും അവയുടെ വെബ് സൈറ്റുകളും ഹാക്ക് ചെയ്തു. സർക്കാർ വെബ് സൈറ്റുകളെയും ആക്രമിച്ചിട്ടുണ്ട്. ഒന്നിലധികം ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് ഹാക്ക് ചെയ്ത വിവരം അനോണിമസ് കൂട്ടായ്മ പുറത്തുവിട്ടത്.
റഷ്യൻ ടി.വി ചാനലുകളിൽ യുക്രേനിയൻ ഗാനങ്ങൾ പ്രദർശിപ്പിച്ചും ക്രെംലിൻ സർക്കാർ നെറ്റ്വർക്കുകൾ പ്രവർത്തനരഹിതമാക്കിയും ഹാക്കർമാർ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ വെല്ലുവിളിക്കുകയാണ്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ ഡ്യുമ (Duma) ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. വെബ്സൈറ്റുകൾ പൂർണ്ണമായും പ്രവർത്തനരഹിതമാക്കുകയും ചിലതിന്‍റെ പ്രവർത്തനം താറുമാറാക്കുകയും ചെയ്തിരിക്കുകയാണ്.
സൈബർസ്‌പേസിൽ റഷ്യയെ നേരിടാൻ 'ഐടി ആർമി' ആരംഭിച്ചതായി ഉക്രെയ്‌ൻ ഉപപ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കടുത്ത സൈബർ യുദ്ധവുമായി അജ്ഞാത സംഘമെത്തുന്നത്. ഹാക്കർ കൂട്ടായ്മയായ അനോണിമസ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്വിറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്. "അനോണിമസ് റഷ്യയുമായി യുദ്ധത്തിലാണ്. കാത്തിരിക്കുക" -അവർ ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടേതടക്കമുള്ള മുന്‍നിര വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് വാർത്തകളിൽ നിറഞ്ഞ കൂട്ടായ്മയാണ് 'അനോണിമസ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.