ലോകപ്രശ്സത റാപ്പറും ഫാഷൻ രംഗത്തെ തരംഗവുമായ കാന്യെ വെസ്റ്റ് രണ്ട് വർഷങ്ങൾക്ക് ശേഷം ട്വിറ്ററിൽ തിരിച്ചെത്തി. മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിനോട് ഒരു പരിഭവം ബോധിപ്പിക്കാനായിരുന്നു താരമെത്തിയത്. കാന്യെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിലക്കിയിരുന്നു. ഇൻസ്റ്റയുടെ നയങ്ങൾക്ക് വിരുദ്ധമായ രീതിയിലുളള ഉള്ളടക്കമാണ് വിലക്കിലേക്ക് നയിച്ചത്. അതിന് പിന്നാലെ ട്വിറ്ററിൽ ഫേസ്ബുക്ക് തലവൻ സക്കർബർഗിനൊപ്പമുള്ള തന്റെ പഴയ ഫോട്ടോ കാന്യെ പങ്കുവെക്കുകയായിരുന്നു. കൂടെയൊരു കുറിപ്പും - ''ഇത് നോക്കൂ മാർക്, നിങ്ങൾ എങ്ങനെയാണ് എന്നെ ഇൻസ്റ്റാഗ്രാമിൽ നിന്ന് പുറത്താക്കിയത്... നീ എന്റെ ആളായിരുന്നു...''
കാന്യെ പങ്കുവെച്ച ജൂത വിരുദ്ധ പോസ്റ്റാണ് ഇൻസ്റ്റഗ്രാം വിലക്കിന് കാരണമായത്. അമേരിക്കൻ ജൂത കമ്യൂണിറ്റിയാണ് അതിനെതിരെ ആദ്യം രംഗത്തുവന്നത്. ആന്റി-സെമിറ്റിക് പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിന്റെ നയങ്ങൾക്ക് വിരുദ്ധമാണ്. പോസ്റ്റ് നിലവിൽ ഇൻസ്റ്റ അധികൃതർ തന്നെ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, ജൂതൻമാരെ പ്രകോപിപ്പിച്ചതിന് നീക്കം ചെയ്ത പോസ്റ്റ് ഏതാണെന്ന് മെറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രമുഖ റാപ്പർ സീൻ ഡിഡ്ഡി കോംബ്‌സുമായുള്ള ചാറ്റുകളാണ് കാന്യെ വെസ്റ്റിന് തിരിച്ചടിയായതെന്ന് സൂചനയുണ്ട്. കോംബ്സുമായി താരം നടത്തിയ സംഭാഷങ്ങളുടെ സ്ക്രീൻഷോട്ടും കാന്യെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 'യേശു യഹൂദനാണ്' എന്നാണ് അതിന് അടിക്കുറിപ്പായി എഴുതിയത്. കോംബ്‌സിനെ നിയന്ത്രിക്കുന്നത് ജൂതന്മാരാണെന്നാണ് കാന്യെ അതുകൊണ്ട് ഉദ്ദേശിച്ചതെന്ന് എൻ. ബി.സി ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. കാലങ്ങളായി ജൂത വിരുദ്ധർ ഉപയോഗിച്ചുവരുന്നതാണ് 'യേശു യഹൂദനാണ്' എന്ന പദങ്ങൾ. മുമ്പും ആന്റി-സെമിറ്റിക് പരാമർശങ്ങൾ കാന്യെ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.