ഐഒഎസിന് ആൻഡ്രോയ്ഡിനേക്കാൾ പതിന്മടങ്ങ് സുരക്ഷയുണ്ടെന്ന് ഇടക്കിടെ അവകാശപ്പെടാറുള്ള ആപ്പിളിനെ ഞെട്ടിച്ചിരിക്കുകയാണ് ചൈനയിലെ ഹാക്കർമാർ. ഐഒഎസ് 15.0.2 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ഐഫോൺ 13 പ്രോ സെക്കൻറുകൾ കൊണ്ടാണ് ഹാക്ക് ചെയ്ത് കാണിച്ചുകൊടുത്തത്.
ചൈനയിലെ ചെംഗ്ഡുവിൽ നടക്കുന്ന അന്താരാഷ്ട്ര ഹാക്കിംഗ് മത്സരമായ ടിയാൻഫു കപ്പിൽ പങ്കെടുത്ത ഹാക്കർമാർ അതീവ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ഐ.ഒ.എസിനെ പൂപറിക്കുന്ന ലാഘവത്തോടെയാണ് കീഴ്പ്പെടുത്തിയത്. വർഷാവർഷം സംഘടിപ്പിക്കുന്ന ടിയാൻഫു കപ്പിൽ ഹാക്കർമാർക്ക് അവരുടെ ഹാക്കിങ് കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികളുടെ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തി, അവ ഭേദിച്ച് ലക്ഷങ്ങൾ സമ്മാനമായി നേടുകയാണ് ഹാക്കർമാർ.
പരിപാടിയിൽ പങ്കെടുത്ത കുൻലൂൺ ലാബ് ടീമാണ് 15 സെക്കൻറുകൾ മാത്രമെടുത്ത് തത്സമം ഐഫോൺ 13 പ്രോ ഹാക്ക് ചെയ്തത്. ഫോബ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 13 പ്രോ ഹാക്ക് ചെയ്യാനായി സഫാരി ബ്രൗസറിലെ ഒരു സുരക്ഷാ വീഴ്ച്ചയാണ് ടീം ഉപയോഗപ്പെടുത്തിയത്.
അതേസമയം, ആപ്പിൾ ഉപകരണങ്ങളെ ജയിൽബ്രേക്ക് ചെയ്യുന്നതിൽ പ്രശസ്തരായ ടീം പാംഗുവാണ് (Pangu) വിദൂര ജയിൽബ്രേക്കിംഗിലൂടെ ഐഒഎസ് 15-ൽ പ്രവർത്തിക്കുന്ന ഐഫോൺ 13 ഹാക്ക് ചെയ്ത് 300,000 ഡോളർ സമ്മാനമായി നേടിയത്. കുൻലൂൺ ലാബിന് ഹാക്ക് ചെയ്യാൻ 15 സെക്കൻറുകൾ വേണ്ടിവന്നെങ്കിൽ, ടീം പാംഗുവിന് വെറും ഒരു സെക്കൻറ് മാത്രം മതിയായിരുന്നു.
ഐഫോൺ 13 പ്രോയിൽ നിന്ന് ഫോട്ടോകൾ, ആപ്പുകൾ എന്നിവ ആക്‌സസ് ചെയ്യാനും ഡാറ്റ ഇല്ലാതാക്കാനും ഹാക്കർമാർക്ക് കഴിഞ്ഞത്രേ. പുതിയ ഐഫോണിലെ സുരക്ഷാ തലങ്ങളെ മറികടക്കാൻ "iOS15 കേർണലിലെയും A15 ചിപ്പിലെയും ഒന്നിലധികം വീഴ്ച്ചകൾ" ഉപയോഗപ്പെടുത്താൻ ഹാക്കർമാർക്ക് കഴിഞ്ഞതായും ഫോർബ്സ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.