പാരീസ്: ആപ്പിൾ ഐഫോൺ 12ൽ റേഡിയേഷൻ പരിധി കൂടുതലാണെന്ന കണ്ടെത്തലിനെതിരെ ആപ്പിൾ. കഴിഞ്ഞ ദിവസമാണ് യുറോപ്യൻ യൂണിയൻ നിശ്ചയിച്ചതിലും അധികമാണ് ആപ്പിളിലെ റേഡിയേഷൻ പരിധിയെന്ന കണ്ടെത്തൽ ഫ്രാൻസിലെ ഏജൻസി നടത്തിയത്. തുടർന്ന് ഐഫോൺ വിൽപന നിർത്താനും ഏജൻസി നിർദേശിച്ചിരുന്നു.
ഫ്രാൻസിന്റെ നീക്കം യുറോപ്പിൽ ഐഫോൺ 12ന്റെ നിരോധനത്തിലേക്ക് നയിക്കുമെന്നും ആശങ്കയുയർന്നിരുന്നു. ജർമ്മനി സമാന നീക്കത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്പെയിനിലെ ഒ.സി.യു കൺസ്യൂമർ ഗ്രൂപ്പ് ഐഫോൺ 12ന്റെ വിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് റേഡിയേഷൻ പരിധി സംബന്ധിച്ച് ഐഫോൺ 12ന് ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലെ റേഡിയേഷൻ പരിധിക്കുള്ളിൽ നിന്നാണ് ഫോൺ പുറത്തിറക്കുന്നതെന്നും ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആപ്പിളിലും തേർഡ് പാർട്ടി ലാബുകളിലും നിരവധി തവണ ഫോണിന്റെ പരിശോധന നടത്തിയിട്ടുണ്ടെന്നും ആപ്പിൾ വിശദീകരിക്കുന്നു.
റേഡിയേഷൻ പരിധി ഉയർന്നതിനെ തുടർന്ന് ഐഫോൺ 12ന്റെ വിൽപന നിർത്തണമെന്ന് ആപ്പിളിനോട് ഫ്രാൻസ് നിർദേശിച്ചിരുന്നു. ഫ്രാൻസിലെ റേഡിയേഷൻ നിരീക്ഷണ ഏജൻസിയായ അൻഫാറാണ് ഐഫോൺ 12ൽ 'Specific Absorption Rate (SAR)' കൂടുതലാണെന്ന് കണ്ടെത്തിയത്. ഐഫോൺ 12ന്റെ വിൽപന നിരോധിക്കുകയാണെന്നാണ് ഏജൻസി അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് ആപ്പിളിനോട് വിൽപന നിർത്താൻ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.