ബി.എസ്.എൻ.എൽ 4ജി ഇനിയും വൈകും

തൃശൂർ: സ്വകാര്യ ടെലികോം സേവന ദാതാക്കൾ 5ജി മുന്നേറ്റം തുടങ്ങിയിരിക്കെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിന്‍റെ 4ജി ഇനിയും വൈകുമെന്ന് ഉറപ്പായി. ഈവർഷം ആദ്യം 4ജിയിലേക്ക് പ്രവേശിക്കുമെന്ന ടെലികോം മന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം അപ്രസക്തമാക്കി വർഷത്തിന്‍റെ രണ്ടാം പകുതിയിലേക്ക് ലോഞ്ചിങ് മാറ്റിയതായി ബി.എസ്.എൻ.എൽ ട്വീറ്റ് ചെയ്തു.

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കും നഷ്ടവും കൂടുന്ന ബി.എസ്.എൻ.എല്ലിന് വിപണിയിൽ വീണ്ടും തിരിച്ചടിക്ക് ഇടയാക്കുന്നതാണ് ഈ തീരുമാനം. സ്വദേശി ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ബി.എസ്.എൻ.എൽ 4ജി വികസിപ്പിച്ചാൽ മതിയെന്ന കേന്ദ്ര സർക്കാറിന്‍റെ തീരുമാനമാണ് സേവനം നീളാൻ പ്രധാന കാരണം. സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ വിദേശ ഉപകരണങ്ങൾ ഉപയോഗിച്ച് 4ജിയും 5ജിയും വികസിപ്പിച്ചപ്പോൾ കേന്ദ്രം ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിൽ ബി.എസ്.എൻ.എല്ലിന് സ്വദേശി മതിയെന്ന് ശഠിക്കുകയായിരുന്നു. ഇത് നൽകാൻ പറ്റുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ ഏറെ സമയമെടുത്തു.

ഒടുവിൽ ടാറ്റ കൺസൾട്ടൻസി സർവിസസിന്‍റെ സഹായത്തോടെയാണ് 4ജി വികസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലും പിന്നീട് ഈ വർഷം ജനുവരി-ഫെബ്രുവരിയിലും പറഞ്ഞ 4ജി ലോഞ്ചിങ് ആണ് ഇപ്പോൾ വർഷത്തിന്‍റെ രണ്ടാം പകുതിയിലേക്ക് നീട്ടിയത്. അതേസമയം, 4ജി 2024ലേ നടപ്പാകാൻ സാധ്യതയുള്ളൂ എന്നാണ് ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഈ അവസരം മുതലെടുക്കാൻ ഉടൻ

4ജി അവതരിപ്പിക്കേണ്ട ബി.എസ്.എൻ.എല്ലാണ് ജിയോക്കും എയർടെല്ലിനും തമ്മിൽ മത്സരിക്കാനായി കളമൊഴിഞ്ഞ് നിൽക്കുന്നത്. ഇത് ബി.എസ്.എൻ.എല്ലിലും കൊഴിഞ്ഞുപോക്ക് കൂടാൻ ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.എസ്.എൻ.എൽ 4ജി ആകുമ്പോഴേക്കും രണ്ട് സ്വകാര്യ കമ്പനികൾ രാജ്യമാകെ 5ജി വ്യാപിപ്പിക്കും.

Tags:    
News Summary - BSNL 4G will be delayed further

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.