വിദേശ ധനസഹായ നിയമം ലംഘിച്ചു; ബൈജൂസ് 9000 കോടി രൂപ നൽകണമെന്ന് ഇ.ഡി; തള്ളി കമ്പനി

ന്യൂഡൽഹി: വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചതിന് 9,000 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എഡ്‌ടെക് സ്റ്റാർട്ടപ്പ് ആയ ബൈജൂസിന് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. എന്നാൽ ഇ.ഡിയിൽ നിന്ന് അത്തരം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ കർണാടകയിലെ ബംഗളുരുവിൽ മൂന്നിടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്ന് ഇ.ഡി ആവകാശപ്പെട്ടിരുന്നത്.

2011നും 2023നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസിന് ലഭിച്ചതെന്നാണ് ഇ.ഡി പറയുന്നത്. ഇതേ കാലയളവിൽ വിദേശ അധികാരപരിധികളിലേക്ക് ഏകദേശം 9,754 കോടി രൂപ ബൈജുവിന് അയച്ചതായാണ് ഇ.ഡിവൃത്തങ്ങൾ പറയുന്നത്. എന്നാൽ അത്തരത്തിലുള്ള ആശയവിനിമയങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ വിദ്യാർഥന എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കലുകള്‍ക്ക് തുടക്കമിട്ടത്. 2022 വരെയുള്ള കാലയളവിലായി എഡ്യുടെക് രംഗത്തെ എതിരാളികളായേക്കുമെന്ന് വിലയിരുത്തപ്പെട്ട കമ്പനികളെ അടക്കം ഏറ്റെടുത്തു. ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്സ്, ഒസ്മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലാബിന്‍ആപ്പ്, സ്‌കോളര്‍, ഹാഷ്ലേണ്‍, ആകാശ് എജ്യൂക്കേഷന്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങി ഇരുപതിലധികം കമ്പനികളെയാണ് ബൈജൂസ് ഏറ്റെടുത്തത്. 2017ലാണ് ബൈജൂസ് യുണീകോണ്‍ പട്ടം സ്വന്തമാക്കിയത്.

8,200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. 2020 ജനുവരിയില്‍ 65,500 കോടി രൂപയായിരുന്ന ബൈജൂസിന്റെ മൂല്യം 2021 ഏപ്രിലില്‍ 1.23 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്തിയാണ് ബൈജൂസ് നിരവധി കമ്പനികളെ സ്വന്തമാക്കിയത്. ഇതില്‍ പലതും വിദേശ കമ്പനികളുമാണ്. ബൈജൂസിന്റെ മൂല്യം പിന്നീട് 1.80 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍, അധികകാലം ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ബൈജൂസിനായില്ല.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ൽ ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് അഞ്ചു വര്‍ഷ വായ്പ എടുത്തു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ പലിശ തിരിച്ചടവില്‍ വീഴ്ചയുണ്ടായി. പ്രതിസന്ധിക്കിടെ ബൈജൂസിന്റെ തലപ്പത്ത് നിന്ന് ഉന്നതർ രാജിവെക്കുന്നതും തുടരുകയാണ്.

Tags:    
News Summary - Byju's asked to pay ₹ 9,000 crore for violating foreign funding laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.