ന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരായ ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനെന്ന പ്രഖ്യാപനത്തോടെ പ്രത്യേക അപ്പീൽ അതോറിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങൾക്കുള്ള നിയമങ്ങൾ കടുപ്പിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ഇക്കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത ഐ.ടി നിയമങ്ങളുടെ തുടർച്ചയായാണ് ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റികൾ (ജി.എ.സി) എന്ന പുതിയ സംവിധാനം. മാർച്ച് ഒന്നു മുതൽ ജി.എ.സികളുടെ പ്രവർത്തനം തുടങ്ങുമെന്ന് ഐ.ടി മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെയും മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും പരാതി പരിഹാര ഉദ്യോഗസ്ഥന്റെ തീർപ്പിൽ തൃപ്തരല്ലെങ്കിൽ ഉപയോക്താക്കൾക്ക് ജി.എ.സികളെ സമീപിക്കാം. 30 ദിവസത്തിനുള്ളിൽ ഇത്തരം അപ്പീലിൽ സമിതികൾ പരിഹാരം കാണും. സമൂഹ മാധ്യമങ്ങൾക്കും മറ്റു ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമുകൾക്കുമെതിരായ ഉപയോക്താക്കൾക്കുള്ള പരാതികളിൽ അതത് പ്ലാറ്റ്ഫോമുകൾ പരിഹരിക്കാതെ വരുമ്പോൾ തീർപ്പുകൽപിക്കാനുള്ള മൂന്ന് അപ്പലേറ്റ് സമിതികളാണിവ. സമിതികൾ ഓരോന്നിനും ഒരു അധ്യക്ഷൻ, വിവിധ സർക്കാർ വിഭാഗങ്ങളിൽനിന്നും ഐ.ടി വ്യവസായ രംഗത്തുനിന്നുമുള്ള രണ്ടു വീതം മുഴുസമയ അംഗങ്ങൾ എന്നിവരുണ്ടാകും.
‘‘രാജ്യത്തെ ഇന്റർനെറ്റിന് ഉത്തരവാദിത്തവും സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള പൊതുനയങ്ങളും നിയമ ചട്ടക്കൂടും അടങ്ങിയ സംവിധാനമാണ് ജി.എ.സികൾ. ഉള്ളടക്കങ്ങൾക്കെതിരെ ഉപയോക്താക്കളുടെ പരാതികൾ ഇന്റർനെറ്റ് ഇടനിലക്കാരായ വിവിധ പ്ലാറ്റ്ഫോമുകൾ അവഗണിക്കുകയോ തൃപ്തികരമല്ലാത്തവിധം കൈകാര്യം ചെയ്യുകയോ ഉള്ള സാഹചര്യം നിലവിലുള്ളതുകൊണ്ടാണ് ഈ അപ്പീൽ അതോറിറ്റികൾ രൂപവത്കരിച്ചിരിക്കുന്നത്. ഓൺലൈനായും ഡിജിറ്റലായും പ്രവർത്തിക്കുന്ന വെർച്വൽ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ജി.എ.സി. അപ്പീൽ സമർപ്പിക്കുന്നതു മുതൽ ഇതിൽ തീരുമാനം എടുക്കുന്നതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം ഡിജിറ്റലായാണ് നിർവഹിക്കപ്പെടുന്നത്’’ -ഐ.ടി മന്ത്രാലയം വ്യക്തമാക്കുന്നു.
മൂന്നു വർഷമാണ് കാലാവധി. ആദ്യ പാനലിന് കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലുള്ള സൈബർ ക്രൈം കോഓഡിനേഷൻ സെന്റർ സി.ഇ.ഒ ആയിരിക്കും തലവൻ. ഇതിലേക്കുള്ള മുഴുസമയ അംഗങ്ങളായി റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ അശുതോഷ് ശുക്ല, പഞ്ചാബ് നാഷനൽ ബാങ്ക് മുൻ ചീഫ് ജനറൽ മാനേജറും ഇൻഫർമേഷൻ ഓഫിസറുമായ സുനിൽ സോണി എന്നിവരെയും പ്രഖ്യാപിച്ചു.
വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പോളിസി ആൻഡ് അഡ്മിനിസ്ട്രേഷൻ ഡിവിഷനിലെ ജോയന്റ് സെക്രട്ടറി ഇൻ ചാർജ് ആയിരിക്കും രണ്ടാം സമിതി അധ്യക്ഷൻ. നാവികസേന മുൻ കമ്മഡോർ സുനിൽ കുമാർ ഗുപ്ത, എൽ ആൻഡ് ടി ഇൻഫോടെക് മുൻ വൈസ് പ്രസിഡന്റ് കവീന്ദ്ര ശർമ എന്നിവർ അംഗങ്ങളുമാണ്. ഐ.ടി മന്ത്രാലയത്തിലെ മുതിർന്ന ശാസ്ത്രജ്ഞയായ കവിത ഭാട്ടിയ ആണ് മൂന്നാം സമിതിയുടെ മേധാവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.