ആസ്‌ട്രേലിയക്കാരെ തങ്ങളുടെ ഫേസ്ബുക് പേജുകളില്‍ നിന്ന്​ വിലക്കി സി.എൻ.എൻ; കാരണമിതാണ്​...!

ഹോങ്കോങ്​: ആസ്‌ട്രേലിയക്കാർക്ക്​ ഇനിമുതൽ സി.എൻ.എൻ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും വാർത്തകളും ഫേസ്​ബുക്കിലൂടെ വായിക്കാൻ കഴിയില്ല. പോസ്റ്റുകള്‍ക്കു താഴെയുള്ള കമൻ്റുകള്‍ക്ക് ഇനിമുതൽ ലേഖനം പ്രസിദ്ധീകരിച്ച കമ്പനിയായിരിക്കും ഉത്തരവാദി എന്ന കോടതി വിധിയെ തുടര്‍ന്നാണ്​ തങ്ങളുടെ ഫേസ്ബുക് പേജുകളില്‍ സി.എൻ.എൻ ആസ്‌ട്രേലിയക്കാര്‍ക്ക് വിലക്കേർപ്പെടുത്തിയത്​.

ദിവസങ്ങൾക്ക്​ മുമ്പ്,​ ഇതുമായി ബന്ധപ്പെട്ട്​ മൂന്ന് പ്രമുഖ ആസ്‌ട്രേലിയൻ മാധ്യമ സ്ഥാപനങ്ങൾ മുന്നോട്ടുവെച്ച വാദം രാജ്യത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. ആളുകൾ അവരുടെ ഫേസ്ബുക്ക് (FB) വാർത്താ പേജുകളിൽ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ല എന്നായിരുന്നു മാധ്യമ സ്ഥാപനങ്ങൾ വാദിച്ചത്​. ഒരു കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതായിരുന്നു അവർ.

വാർത്താ മാധ്യമങ്ങൾ പങ്കുവെക്കുന്ന ലേഖനങ്ങളിലും വാർത്തകളിലും മാനഹാനിയുണ്ടാക്കുന്നതും പ്രകോപനപരവുമായ ഒന്നും ഇല്ലെങ്കിലും അതിന്​ താഴെ വായനക്കാര്‍ ആരെങ്കിലും വ്യക്തിഹത്യാപരമായ കമൻറുകള്‍ ഇടുകയാണെങ്കില്‍ അതിനും വാര്‍ത്ത പ്രസിദ്ധീകരിച്ച കമ്പനി തന്നെയായിരിക്കും ഉത്തരവാദി എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. എന്നാൽ, ബ്രിട്ടനിലെയും അമേരിക്കയിലെയും നിയമങ്ങള്‍ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച കമ്പനികൾക്ക്​ വലിയ പ്രശ്‌നങ്ങളില്ലാത്ത വിധത്തിലാണ്.

കോടതി വിധിക്ക് ശേഷം, സി.എൻ.എൻ ഫേസ്​ബുക്കിനെ സമീപിക്കുകയും, ടെക്​ ഭീമനോട് ''ഫേസ്​ബുക്ക്​ പേജുകളിലെ കമൻറ്​ ബോക്​സ്​ പ്രവർത്തനരഹിതമാക്കി തങ്ങളെയും മറ്റ്​ പ്രസാധകരെയും പിന്തുണയ്ക്കുമോ'' എന്ന്​ ചോദിക്കുകയും ചെയ്​തിരുന്നു. എന്നാൽ, അവർ അതിന്​ വിസമ്മതിക്കുകയാണ്​ ചെയ്തതെന്ന്​ സി.എൻ.എൻ വക്താവ്​ പറഞ്ഞു.

"ഫേസ്ബുക്ക്, അവരുടെ പ്ലാറ്റ്ഫോമിൽ വിശ്വാസയോഗ്യമായ പത്രപ്രവർത്തനത്തിനും ഉപയോക്താക്കൾക്കിടയിലെ ഉൽപാദനപരമായ സംവാദങ്ങൾക്കുമുള്ള ഇടം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിൽ ഞങ്ങൾ നിരാശരാണ്," -സിഎൻഎൻ വക്താവ് വ്യക്തമാക്കി. ആസ്‌ട്രേലിയയിലെ തങ്ങളുടെ സ്വന്തം പ്ലാറ്റ്​ഫോമുകളിൽ വാർത്ത പ്രസിദ്ധീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - CNN will no longer publish news and articles on Facebook in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.