ജൈ​ടെ​ക്സി​ന്‍റെ ആ​ദ്യ ദി​നം ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ലെ​ത്തി​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ

മു​ഹ​മ്മ​ദ്​ ആ​ളി​ല്ലാ കാ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

ഡിജിറ്റൽ ലോകം ദുബൈയിൽ

ദുബൈ: പറക്കും കാർ, തീ അണക്കുന്ന ഫയർ ഫൈറ്റർ റോബോട്ട്, ആളില്ലാ ടാക്സി, രോഗികളെ ചികിത്സിക്കുന്ന റോബോട്ട്... സാങ്കേതിക വിദ്യകളുടെ വിസ്മയച്ചെപ്പ് തുറന്നിരിക്കുകയാണ് ദുബൈ. ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയായ Gulf Information Technology Exhibition (ജൈടെക്സ്) ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ തുടക്കം. ആദ്യദിനം യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള സന്ദർശിച്ചു. ആഗോള സാങ്കേതികവിദ്യ മേഖലക്ക് ദുബൈയുടെ പിന്തുണയുറപ്പിക്കുകയാണ് ഇതിലൂടെയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 200ഓളം കമ്പനികൾ ഉൾപ്പെടെ 5000ത്തോളം സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. ആദ്യദിനംതന്നെ ആയിരക്കണക്കിനാളുകളാണ് ജൈടെക്സിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.

20 ലക്ഷം ചതുരശ്ര മീറ്ററിൽ 25 ഹാളിലായാണ് ഇത്തവണത്തെ പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഭാഗം ഇക്കുറി കൂടുതലുണ്ട്. 'എന്‍റർ ദി നെക്സ്റ്റ് ഡിജിറ്റൽ യൂനിവേഴ്സ്' എന്ന പ്രമേയത്തിലാണ് 42ാം എഡിഷൻ നടക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കമ്പനികൾ മേളയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് മാത്രം 200ലേറെ കമ്പനികൾ പങ്കെടുക്കുന്നു. കേരളത്തിൽ നിന്ന് 40 സ്റ്റാർട്ടപ്പുകളുണ്ട്. 170 രാജ്യങ്ങളിലെ സന്ദർശകരും 90ൽ അധികം രാജ്യങ്ങളുടെ പവിലിയനുണ്ട്. ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ മെറ്റാവേഴ്സിന്‍റെ മറ്റൊരു ലോകവും ജൈടെക്സിൽ കാണാം.

ജൈടെക്സിൽ കേരളവും

ദുബൈ: ആഗോള മേളയിൽ കേരളത്തിന്‍റെ സാന്നിധ്യമറിയിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ. സബീൽ ഹാൾ-5ലാണ് കേരളത്തിൽ നിന്നുള്ള 40 സ്റ്റാർട്ടപ്പുകൾ നൂതന സാങ്കേതിക വിദ്യകളുമായി എത്തിയിരിക്കുന്നത്. കേരള സർക്കാറിന്‍റെ സ്റ്റാർട്ടപ്പ് മിഷന് കീഴിലാണ് നൂറോളം പുതുതലമുറ സംരംഭകർ ദുബൈയിൽ എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രോഡക്ടുകൾ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന് പുറമെ ഐ.ടി മിഷന് കീഴിലെ 30ഓളം കമ്പനികളും എത്തിയിട്ടുണ്ട്.

സൈബർ സുരക്ഷ, മീഡിയ ടെക്, എജൂടെക്, സംരംഭകത്വം, ഹെൽത്ത്, ഫിൻടെക്, കൺസ്യൂമർ ടെക്, ഇൻഷുറൻസ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽനിന്ന് പങ്കെടുക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങളുടെ ആവശ്യകത കൂടിവരുന്നത് മുന്നിൽക്കണ്ട് കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റയഡ് എന്ന കമ്പനി തയാറാക്കിയ ഇലക്ട്രോണിക് വാഹന ചാർജിങ് കേന്ദ്രം ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഹോട്ടൽ, ആശുപത്രികൾ, പാർക്കിങ് ഏരിയകൾ തുടങ്ങിയവയിലെല്ലാം ഈ ചാർജിങ് കേന്ദ്രം സ്ഥാപിക്കാം. ഫാസ്റ്റ് ചാർജിങ്ങും അല്ലാത്തതുമുണ്ട്. നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ പുതിയ ഫാക്ടറി ഒരുക്കാനുള്ള പദ്ധതിയിലാണ്.

ജൈ​ടെ​ക്സി​ലെ കേ​ര​ള പ​വി​ലി​യ​നി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​ വാ​ഹ​ന ചാ​​ർ​ജി​ങ്​ മെ​ഷീ​ൻ

ക്ലൗഡ് കൺട്രോൾ, എഡ്ജ് ടോക്, ജിഗ്സ് ബോർഡ്, അൻസുർടെക്, േപ്ല സ്പോർട്സ്, മെറ്റനോവ, ഇൻസ്പാർക്ക്, നിവിയോസിസ്, കിഡ്സ് ബഡി, ഗെറ്റ്ലീഡ്, റാപിഡോർ, സ്കൈനിച്ചെ, ഓഫിസ് കിറ്റ്, പിൻമൈക്രോ, പിക്സ് ഡൈനാമിക്സ്, പ്രോഫേസ്, റെസ്നോവ, റൂനോ, ഓർഗ ആയൂർ, യുഫാംസ്, റൂമിൻഡോ, ചാനൽ അയാം ഡോട് കോം, കുവോക്സ്, ലൈഫോളജി, ക്വിക് പേ, ബിഗോ ഹികോണിക്സ്, ലൈട്രൈൻ ടെക്നോലാബ്സ്, നിയർവാല ഡോട്കോം, മൈ കെയർ, ഫ്രഷ് ക്രാഫ്റ്റ്, സാസ് ഓർഡർ, ടോയ്ലറ്റ്, ബെൻലികോസ്, ഗ്രീൻ ആഡ്സ്, ഫ്രീ സ്പേസ്, മെയ്ക് മൈ ബോട്ട്, ടോഡോ സെയിൽസ് എന്നീ സ്റ്റാർട്ടപ്പുകളാണ് ട്രേഡ് സെന്‍ററിൽ എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായ കേരളത്തിൽനിന്നുള്ള സ്ഥാപനങ്ങൾക്ക് വിദേശികൾക്കിടയിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുൻ വർഷങ്ങളിലും സ്റ്റാർട്ടപ്പ് മിഷൻ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം കമ്പനികൾ എത്തുന്നത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മറ്റ് വിദേശ രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

തീയണക്കാൻ റോബോട്ടും

അബൂദബി: അഗ്നിരക്ഷ സേനകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇടുങ്ങിയ സ്ഥലങ്ങളിൽ എത്താൻ കഴിയാതിരിക്കുക എന്നത്. ഈ സ്ഥലങ്ങളിലേക്ക് ജീവനക്കാർ നടന്നെത്തിയാണ് തീ അണക്കുന്നത്. ഒരേസമയം കൂടുതൽ ജീവനക്കാർക്ക് ഇവിടെ എത്താൻ കഴിയണമെന്നുമില്ല. ഇതിനെല്ലാം പരിഹാരം അവതരിപ്പിക്കുകയാണ് ജൈടെക്സിൽ അബൂദബി സിവിൽ ഡിഫൻസ്. പത്ത് അഗ്നിരക്ഷ സേനക്കാർ ചെയ്യുന്ന ജോലി ഒറ്റക്ക് ചെയ്യുന്ന തെർമൈറ്റ് റോബോട്ടിനെയാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്.

മിനിറ്റില്‍ 2500 ഗാലൻ വാട്ടര്‍ പമ്പ് ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ റോബോട്ട്. അതീവ അപകടകരമായ മേഖലകളിലെ തീ അണക്കുന്നതിന് ഏറെ ഉപകാരപ്രദമായിരിക്കും ഈ റോബോട്ട്. തീപിടിത്തത്തില്‍ കുടുങ്ങി റോബോട്ട് നശിച്ചാലും പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതാണ് പ്രധാന സവിശേഷത. ജീവനക്കാർക്ക് ജീവഹാനിയുണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്നതാവും സുരക്ഷിതം.

ജൈ​ടെ​ക്സി​ൽ അ​വ​ത​രി​പ്പി​ച്ച തീ ​അ​ണ​ക്കു​ന്ന റോ​ബോ​ട്ട്​

ഡീസലിലാണ് റോബോട്ടിന്റെ പ്രവര്‍ത്തനം. ഇന്ധനം നിറച്ചശേഷം തുടര്‍ച്ചയായ 20 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനാവും. 300 മീറ്റര്‍ അകലെ നിന്ന് റോബോട്ടിനെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. തീ കെടുത്താൻ പോകുമ്പോള്‍ മുന്നിലെ തടസ്സം സൃഷ്ടിക്കുന്ന 1.5 ടണ്‍വരെ ഭാരമുള്ള വസ്തുക്കള്‍ റോബോട്ടിന്‍റെ മുന്നിലെ കൈ ഉപയോഗിച്ച് നീക്കാനാകും.

റോബോട്ടിന് പിന്നിലെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഉപയോഗിച്ച് പുക പുറന്തള്ളാനും സൗകര്യമുണ്ട്. തുരങ്കത്തിനുള്ളില്‍ അപകടത്തില്‍പെട്ട് കാര്‍ കത്തിയുണ്ടാകുന്ന പുക ഒഴിവാക്കാനും തീ കെടുത്താനും റോബോട്ടിന് സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താപനില അറിയുന്നതിനുള്ള സെന്‍സര്‍, കാമറകള്‍ എന്നിവയും റോബോട്ടിലുണ്ട്. റെയില്‍വേ ട്രാക്ക് അടക്കം ദുര്‍ഘടമായ പാതകളിലൂടെ സഞ്ചരിക്കുന്നതിനായി റോബോട്ടിന് ചക്രങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇവിടെയുണ്ട്​ പറക്കും കാർ

ദുബൈ: ഭാവിയുടെ വാഹനമായി അറിയപ്പെടുന്ന പറക്കും കാർ കാണണമെങ്കിൽ ജൈടെക്സിലേക്ക് വന്നാൽ മതി. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ശേഷിയുള്ള കാറാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. 760 കിലോയാണ് ഭാരം. പ്രീമിയം കാർബൺ ഫൈബർ ഉപയോഗിച്ചാണ് നിർമാണം. 35 മിനിറ്റ് തുടർച്ചയായി പറക്കാൻ കഴിയും. ഈ കാർ ദുബൈ മറീനയിൽ നിന്ന് പറന്നുയരുന്ന വീഡിയോ വൈറലായിരുന്നു. ചൈനീസ് കമ്പനിയായ ഇവിടോളും ടെക് കമ്പനിയായ എക്സ് പെങ്ങും ഇ.വി മാനുഫാക്ചററുമാണ് പറക്കും കാർ വികസിപ്പിച്ചത്. രണ്ടുപേർക്ക് ഇരിക്കാം. സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഡ്രൈവറുടെ ആവശ്യമില്ല.

ജൈ​ടെ​ക്സി​ൽ അ​വ​ത​രി​പ്പി​ച്ച പ​റ​ക്കും കാ​ർ

ഭാവിയുടെ വാഹനം എന്നാണ് പറക്കും കാർ അറിയപ്പെടുന്നത്. ദുബൈയിൽ ഇത്തരം കാറുകൾക്കും വിമാനങ്ങൾക്കും മാത്രമായി വിമാനത്താവളം നിർമിക്കാൻ പദ്ധതിയുണ്ട്. യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കാറുകൾക്ക് പുറമെ ഓൺലൈൻ ഡെലിവറി വസ്തുക്കളും ഇത്തരം വാഹനങ്ങൾ വഴി എത്തിക്കാൻ പദ്ധതിയുണ്ട്. കുത്തനെ പറന്നുയരാനും താഴാനും ഇൗ കാറിന് കഴിയും. ദുബൈ ചേംബർ ഓഫ് കോമേഴ്സിന്‍റെ പിന്തുണയോടെയാണ് കാർ വികസിപ്പിച്ചത്. ഇലക്ട്രിക് കാറാണിത്. നൂതന ൈഫ്ലറ്റ് കൺട്രോൾ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. 2020ലാണ് ഇതിന്‍റെ നിർമാണം തുടങ്ങിയത്. 2024ഓടെ വ്യാപകമായി വിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

അബൂദബിയിലെ സ്വയം നിയന്ത്രിത ബസ് ജൈടെക്സിൽ

അബൂദബി: അടുത്തമാസത്തോടെ അബൂദബിയില്‍ നിരത്തിലിറങ്ങുന്ന സ്വയം നിയന്ത്രിത മിനി ബസ് ജൈടെക്സിൽ പ്രദർശനത്തിന്. ഏഴുപേര്‍ക്ക് ഇരുന്നും നാലുപേര്‍ക്ക് നിന്നും ഇതില്‍ യാത്ര ചെയ്യാനാവും. യാസ് ഐലന്‍ഡില്‍ ഒമ്പത് സ്റ്റോപ്പുകളാണ് വാഹനത്തിനുള്ളത്. ഡബ്ല്യു ഹോട്ടല്‍, യാസ് വാട്ടര്‍ വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ് തുടങ്ങിയ സ്റ്റോപ്പുകളിലാണ് മിനി ബസ് നിര്‍ത്തുക. മേഖലയിലെ ആദ്യ ഡ്രൈവര്‍ രഹിത ടാക്‌സി സര്‍വിസ് നടത്തുന്ന ടിക്‌സായി ആണ് മിനി ബസിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

ജൈ​ടെ​ക്സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച സ്വ​യം നി​യ​ന്ത്രി​ത മി​നി ബ​സ്

ഡിജിറ്റല്‍ മാപ്പുകള്‍, സാങ്കേതിക വിദ്യകള്‍, റഡാറുകള്‍, കാമറകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് സംയോജിത ഗതാഗത കേന്ദ്രത്തിലെ പ്രോജക്ട് മാനേജറായ സുല്‍ത്താന്‍ അല്‍ മെന്‍ഹാലി പറഞ്ഞു. ഡ്രൈവര്‍ രഹിത ടാക്‌സി സര്‍വിസിന്‍റെ യാസ് ഐലന്‍ഡിലെ ആദ്യ പരീക്ഷണ ഘട്ടം മാര്‍ച്ചില്‍ കമ്പനി പൂര്‍ത്തിയാക്കിയിരുന്നു. 16000 കിലോമീറ്ററിലേറെ ദൂരമാണ് ഇത്തരം ടാക്‌സികള്‍ പിന്നിട്ടത്. 2700ലേറെ യാത്രികരാണ് ഡ്രൈവറില്ലാ കാറിലെ യാത്ര ബുക്ക് ചെയ്തതെന്നും അധികൃതര്‍ പറയുന്നു. യാസ് ഐലന്‍ഡിലും സഅദിയാത്ത് ഐലന്‍ഡിലും സ്മാര്‍ട്ട് ട്രാൻസ്പോര്‍ട്ട് രണ്ടാം ഘട്ടം ആരംഭിച്ചതായി അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Tags:    
News Summary - Digital world in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.