ഡ്രോൺ ടെക് സ്റ്റാർട്ടപ് സ്ഥാപകരായ ദേവികയും ദേവനും (വലത്ത്) ചീഫ് ​ടെക്നിക്കൽ ഓഫിസർ അതുലും

വിളയറിയും വിളവറിയും ഡ്രോൺ ഡാ!

കൃഷിയോടും കാർഷിക മേഖലയോടും പുതുതലമുറ മുഖംതിരിക്കുകയാണെന്നാണ് പൊതുവെയുള്ള പറച്ചിൽ. ആധുനികതയുടെ തള്ളിക്കയറ്റം ഈ പരിഭവം ഒരുപരിധിവരെ ശരിവെക്കുന്നുമുണ്ട്. എന്നാൽ, ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ നിർമാണത്തിൽ പെരുമ തീർക്കുകയാണ് ഒരുകൂട്ടം യുവാക്കൾ.

കാത്തിരിപ്പും ചിട്ടയായ പരിശ്രമവും ഉണ്ടെങ്കിൽ എത്ര വലിയ ലക്ഷ്യവും കൈയെത്തിപ്പിടിക്കാമെന്ന് തെളിയിക്കുകയാണ് ഇവർ. ചേർത്തലക്ക് അടുത്ത പട്ടണക്കാട് ഊടംപറമ്പിൽ പരേതനായ ചന്ദ്രശേഖരൻ-അംബിക ദമ്പതികളുടെ മക്കളായ ദേവനും ദേവികയുമാണ് പുതുതലമുറക്ക് മാതൃകയാകുന്നത്. ഇവരുടെ കരവിരുതിൽ പിറന്ന ഡ്രോണുകൾ കൃഷിയിടങ്ങളിൽ മരുന്ന് തളിക്കാനായി കടൽ കടക്കുകയാണ്. ഇരുവരും ചേർന്ന് തുടക്കമിട്ട ഡ്രോൺ ടെക് സ്റ്റാർട്ടപ്പായ ‘ഫ്യൂസലേജ് ഇന്നവേഷൻസ്’ നിർമിച്ച കാർഷിക ഡ്രോണുകളാണ് കടൽ കടക്കുന്നത്. ബ്രിട്ടനിലെ ഗോതമ്പുപാടങ്ങളിൽ മരുന്ന് തളിക്കാനും കൃഷി പരിചരണത്തിനുമായി ഇനി ഈ മലയാളികളുടെ ഡ്രോണുകൾ മൂളിപ്പറക്കും.

പരാധീനതകളോട് പടവെട്ടിയ തുടക്കം

കർഷക കുടുംബത്തിലായിരുന്നു ഇരുവരുടെയും ജനനം. അതുകൊണ്ടുതന്നെ കൃഷിയും കൃഷിരീതികളും ഇരുവർക്കും മനഃപാഠമാണ്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും ചന്ദ്രശേഖരൻ-അംബിക ദമ്പതികൾ കൃഷിയിറക്കി. മാതാപിതാക്കളോടൊപ്പം തുണയായി പലപ്പോഴും മക്കളും കൃഷിപ്പണികളിൽ ഒപ്പംചേർന്നു. അതുകൊണ്ടുതന്നെ കൃഷിയിലെ ലാഭവും നഷ്ടവുമെല്ലാം ഇരുവർക്കും നന്നായറിയാം. പ്ലസ് ടു വരെ കണ്ടമംഗലം ജി.എച്ച്.എസ്.എസിലായിരുന്നു ദേവന്റെ പഠനം. തുടർന്ന് മൗണ്ട് സിയോൻ കോളജിൽനിന്ന് ബി.ടെക് എയ്റോനോട്ടിക്കൽ എൻജിനീയറിങ് പാസായി. ദേവിക പുന്നപ്ര കേപ് കോളജ് ഓഫ് എൻജിനീയറിങ്ങിലായിരുന്നു ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായത്. 2014ൽ കോഴ്സ് കഴിഞ്ഞ ദേവിക എറണാകുളത്തെ സോളാർ കമ്പനിയിൽ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഇതിനുശേഷം രണ്ടു വർഷത്തോളം സിനിമ മേഖലയിലായിരുന്നു പ്രവർത്തനം. ‘പുഴു’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട് ദേവിക.

സംരംഭം തുടങ്ങാനായി നെട്ടോട്ടം

പഠനകാലയളവിൽ തന്നെ സ്വന്തമായി ഒരു സംരംഭമെന്നതായിരുന്നു ദേവന്റെ സ്വപ്നം. കോഴ്സ് കഴിഞ്ഞതോടെ ഇതിനായുള്ള നെട്ടോട്ടമായി. സാമ്പത്തികമായിരുന്നു പ്രധാന വില്ലൻ. വായ്പ തരപ്പെടുത്താനായി ശ്രമം. ഇതിനായി ബാങ്കുകൾ തോറും കയറിയിറങ്ങി. ​പ്രോജക്ട് മനോഹരമെന്ന് വിധിയെഴുതിയ ബാങ്ക് മാനേജർമാർ പക്ഷേ പണം അനുവദിക്കുന്ന ഘട്ടത്തിൽ കൈമലർത്തി. നിരാശയോടെ പിന്മാറേണ്ടിവരുമോ എന്നാശങ്കപ്പെട്ട ഘട്ടത്തിൽ കുടുംബം പൂർണപിന്തുണയുമായി ഒപ്പം നിന്നു. ഒടുവിൽ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 10 ലക്ഷം അനുവദിച്ചതോടെയാണ് ഈ ഓട്ടത്തിന് താൽക്കാലിക ആശ്വാസമായത്.

അങ്ങനെ കളമശ്ശേരി മേക്കൽ വില്ലേജിൽ ഫ്യൂസലേജ് ഇന്നവേഷൻസ് എന്ന സ്റ്റാർട്ടപ് സംരംഭത്തിന് 2020 ജൂലൈയിൽ തുടക്കമാവുകയായിരുന്നു. ഇതോടെ, ദേവികയും അനുജനൊപ്പം ചേർന്നു. 10 ലക്ഷം ബാങ്ക് വായ്പയിൽ തുടങ്ങിയ സംരംഭം അങ്ങനെ പോയവർഷം മാത്രം 5.5 കോടി വിറ്റുവരവുണ്ടാക്കി. ഇതുകൂടാതെ ജൈവയോഗ്യമായ പ്ലാസ്റ്റിക് ഉപയോഗിച്ച് ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനിയും ഇവർ നടത്തിവരുന്നുണ്ട്. ഇരുവരുടെയും സുഹൃത്തും ഫ്യൂസലേജ് ഇന്നവേഷൻസ് ചീഫ് ടെക്നിക്കൽ ഓഫിസറുമായ അതുൽ ചന്ദ്രൻ ആണ് ഇതിന്റെ മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത്.

ഡ്രോണുകൾ ജനിക്കുന്നു

കേരളത്തിലെ കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ച സംഭവമായിരുന്നു 2018ലെ പ്രളയം. പ്രളയാനന്തരം വളക്കൂറു നഷ്ടപ്പെട്ട കൃഷിയിടങ്ങളും പുതുതായി വന്നുതുടങ്ങിയ രോഗങ്ങളും മേഖലക്ക് പ്രതിസന്ധിയായി. സാങ്കേതികവിദ്യയുടെ സഹായത്താൽ ഇതിനൊരു പരിഹാരമെന്ന ചിന്തയിൽനിന്നാണ് ‘ഫിയ.ക്യൂ.ഡി-10’ കാർഷിക ഡ്രോണുകളുടെ നിർമാണത്തിലെത്തിയത്. ഇവ വിളകൾക്ക് അവ ആവശ്യപ്പെടുന്ന അളവുകളിൽ മാത്രം വളം നൽകുന്നതോടൊപ്പം ഓരോ ചെടിയുടെയും ആരോഗ്യശേഷി മനസ്സിലാക്കി അനുയോജ്യമായ ജൈവകീടനാശിനികൾ കണ്ടെത്തുകയും ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചതോടെ ഡ്രോൺ വിപണിയിലുമെത്തി. 10 ലക്ഷത്തിനും അതിനുമുകളിലും വില വരുന്ന ഡ്രോണുകൾക്ക് ഇവിടെ 4 മുതൽ 8 ലക്ഷം വരെയാണ് ഈടാക്കുന്നത്.

ആറു മാസം, 160 ഡ്രോണുകൾ

അംഗീകാരം ലഭിച്ച് ആറു മാസംകൊണ്ട് 160 ഡ്രോണുകളാണ് ഇവർ നിർമിച്ചത്. ഇവ കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും വിറ്റഴിഞ്ഞു. ഇതിന് പിന്നാലെയാണ് ബ്രിട്ടനിലെയും കാനഡയിലെയും കർഷകരിൽനിന്നും ഓർഡറെത്തിയത്. 25 ഡ്രോണുകളാണ് നിലവിൽ ഇവർക്കായി നിർമിക്കുന്നത്. ഇവ ഈ മാസം അവസാനത്തോടെ കടൽ കടക്കും. ഡ്രോണിന്റെ കേളി കടൽ കടക്കുന്നതോടെ പ്രവർത്തനവും രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണിവർ. ഇതിന്റെ ഭാഗമായി യു.കെ, കാനഡ, ജർമനി എന്നിവിടങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രണ്ടു പേരും. കാർഷിക ഡ്രോണുകൾക്ക് പുറമെ നിരീക്ഷണ ഡ്രോണുകൾ, എഫ്.പി.വി ഡ്രോണുകൾ, വൂപ് ഡ്രോണുകൾ, ഡെലിവറി ഡ്രോണുകൾ, അഗ്നിശമന ഡ്രോണുകൾ എന്നിവയിലെ സാധ്യതകൾകൂടി പരിശോധിക്കുകയാണ് ഇവർ.

പിന്തുണയുണ്ട്

കഠിന പരിശ്രമത്തിലൂടെ സ്വയം വഴിതെളിച്ച യുവസംരംഭകർക്ക് പിന്തുണയായി കൃഷി-വ്യവസായ വകുപ്പുകളുമെത്തി. വിവിധ പദ്ധതികളുടെ ഭാഗമായി കൃഷി വകുപ്പ് ഇവരിൽനിന്ന് 25 ഡ്രോണുകൾ വാങ്ങിയപ്പോൾ മാർക്കറ്റിങ് അടക്കമുള്ള കാര്യങ്ങളിലാണ് വ്യവസായ വകുപ്പിന്റെ പിന്തുണ. ഇതോടൊപ്പം വിദഗ്ധ ഉപദേശകരായി കേരള കാർഷിക സർവകലാശാല മേധാവിയായ ബെരിൻ പത്രോസ്, സിമെറ്റ് മേധാവി സീമ, സാമ്പത്തിക വിദഗ്ധൻ ഗിരിശങ്കർ ഗണേഷ്, നാനോടെക്നോളജിസ്റ്റ് വിഷ്ണു പിള്ള, ലീഡിങ് അനലിസ്റ്റ് ഹേമന്ത് മാത്തൂർ എന്നിവരും പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്. നിലവിൽ കളമശ്ശേരിയിലെ ഇവരുടെ കമ്പനിയിൽ 35 തൊഴിലാളികളാണുള്ളത്. ഒരു ദിവസം അഞ്ചിലധികം ഡ്രോൺ വരെ നിർമിക്കാവുന്ന സജ്ജീകരണവും ഇവിടെയുണ്ട്.

Tags:    
News Summary - drone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.