ആപ്പ് സ്റ്റോറിൽ നിന്ന് തങ്ങളുടെ ആപ്പ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ആപ്പിളിനെ വെല്ലുവിളിച്ച ഗെയിം കമ്പനിയായ 'എപ്പികി'െൻറ നടപടിയെ പിന്തുണച്ച് ടെസ്ല തലവനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ ആപ്പുകൾക്ക് ഇൗടാക്കുന്ന ഭാരിച്ച ഫീസുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ആപ്പിളിന് നൽകേണ്ട 30 ശതമാനം കമ്മീഷൻ ഒഴിവാക്കാനായി എപ്പിക്, അവരുടെ ഫോർട്ട്‌നൈറ്റ് എന്ന ഗെയിമിൽ ഇൻ-ആപ്പ് പേയ്മെൻറ് സിസ്റ്റം അവതരിപ്പിക്കുകയായിരുന്നു. ഇത് ആപ്പിളിെൻറ നിയമങ്ങൾക്ക് വിരുദ്ധമായതിനെ തുടർന്ന് ഗെയിം ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തുകൊണ്ട് ആപ്പിളിനെതിരെ കേസുകൊടുത്ത എപ്പികിെൻറ നടപടിയെയാണ് ഇലോൺ മസ്ക് സ്വാഗതം ചെയ്തത്. ആപ്പിളിെൻറ ആപ്പ് സ്റ്റോർ ഫീസിനെതിരെ അദ്ദേഹം ട്വിറ്ററിലൂടെ തുറന്നടിച്ചു. ഇൻറർനെറ്റിനുമേലുള്ള ആഗോള നികുതിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. "എപ്പിക് ആണ് ശരി... ആപ്പിൾ ആപ്പ് സ്റ്റോർ ഫീസ് ഇൻറർനെറ്റിന് ഏർപ്പെടുത്തുന്ന യഥാർത്ഥ ആഗോള നികുതിയാണ്." മസ്ക് ട്വീറ്റിൽ പറഞ്ഞു.
Apple app store fees are a de facto global tax on the Internet. Epic is right.
— Elon Musk (@elonmusk) July 30, 2021
"യഥാർത്ഥത്തിൽ, ഞാൻ ആപ്പിൾ ഉൽപന്നങ്ങൾ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അവർ ആപ്പ് സ്റ്റോറിൽ നിന്ന് അമിതമായി ഈടാക്കുന്നുണ്ട്. 30% ഫീസ് എന്നത് തികച്ചും യുക്തിരഹിതമാണ്. ആപ്പ് സ്റ്റോർ ഇൗടാക്കുന്നത് ന്യായമായ രീതിയിലുള്ള ഫീസ് ആയിരുന്നെങ്കിൽ, എപ്പിക് അത്തരം നീക്കത്തിലേക്ക് പോകുമായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
ആപ്പിൾ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, കമ്പനി അവരുടെ ആപ്പ് സ്റ്റോർ രീതികൾ കോടതിയിലും നിയമനിർമാതാക്കളുടെ വാദംകേൾക്കലിലും പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.