നിരോധിത ഉള്ളടക്കം നീക്കിയില്ല; ടെലഗ്രാമിന് വൻ തുക പിഴയിട്ട് റഷ്യൻ കോടതി

മോസ്കോ: നിരോധിത ഉള്ളടക്കം നീക്കിയില്ലെന്ന് കാണിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാമിന് റഷ്യൻ കോടതി ഏഴ് മില്യൻ റൂബിൾ (ഇന്ത്യൻ രൂപ ഏകദേശം 56.73 ലക്ഷം) പിഴ ചുമത്തി. റഷ്യൻ നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലാത്ത ഉള്ളടക്കം പ്ലാറ്റ്ഫോമിലൂടെ പ്രചരിപ്പിച്ചു എന്നാണ് കുറ്റം. എന്നാൽ ഇതിനേക്കുറിച്ച് വിശദവിവരങ്ങൾ പുറത്തുവിടാൻ കോടതി തയാറായിട്ടില്ല. സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞ മാസം നാല് മില്യൻ റൂബിളും പിഴ ചുമത്തിയിരുന്നു.

ആഗോള തലത്തിൽ 900 മില്യൻ ഉപയോക്താക്കളുള്ള ടെലഗ്രാം നിലവിൽ ലോകത്തിലെ ഏറ്റഴും വലിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ്. റഷ്യയിലും വലിയ സൂസർ ബേസാണ് ടെലഗ്രാമിനുള്ളത്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സമീപകാലത്ത് ടെലഗ്രാമിന് സർക്കാർ തലത്തിൽ തിരിച്ചടി നേരിട്ടിരുന്നു. ആഗസ്റ്റിൽ ടെലഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് പാരീസിൽ അറസ്റ്റിലായിരുന്നു. ടെലഗ്രാമിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. തുടർന്ന് പാവേൽ ദുരോവിനെതിരെ അന്വേഷണം നടത്താമെന്ന് ഫ്രഞ്ച് കോടതി ഉത്തരവിടുകയും ചെയ്തു. ദുരോവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഫ്രാൻസ് വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തി.

ഇതോടെ വിവിധ രാജ്യങ്ങളിൽ ടെലഗ്രാം നിരോധിക്കുമെന്ന വാർത്തകളും സജീവമായി. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ ടെലഗ്രാം നിരോധനം ഏർപ്പെടുത്തുമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ സജീവമായി. എന്നാൽ, നിലവിൽ കേന്ദ്രസർക്കാർ ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടില്ലെന്നതാണ് യാഥാർഥ്യം. ടെലഗ്രാമിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേ​ന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പണം തട്ടൽ, ചൂതാട്ടം ഉൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു നിർദേശം.

Tags:    
News Summary - Russian court fines Telegram for not deleting prohibited content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.