തെൽ അവീവ്: നേരത്തെ ഇസ്രായേൽ വംശഹത്യക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ യു.എസ് ശതകോടീശ്വരൻ ഇലോൺ മസ്ക് ഇസ്രായേലിലെത്തി. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരെയടക്കം കണ്ട അദ്ദേഹം ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടെന്നും എന്നാൽ, ഇത് തീവ്രവാദമുക്തമാക്കിയ ശേഷമാകണമെന്നും അഭിപ്രായപ്പെട്ടു.
ഒക്ടോബർ ഏഴിന് ഹമാസ് കടന്നുകയറിയ കഫർ അസ കിബ്ബുസിൽ ആക്രമണത്തിനിരയായ ചില വീടുകളിൽ മസ്ക് സന്ദർശനം നടത്തി. മസ്കിന്‍റെ സ്റ്റാർലിങ്ക് കൃത്രിമ ഉപഗ്രഹം ഇസ്രായേൽ അനുമതിയില്ലാതെ ഗസ്സയിലടക്കം പ്രവർത്തിക്കില്ലെന്നതു സംബന്ധിച്ച് കരാറിലെത്തിയതായും ഇസ്രായേൽ വാർത്താവിനിമയ മന്ത്രി ശ്ലോമോ കർഹി പറഞ്ഞു.
ഗസ്സ യുദ്ധത്തിൽ ജൂതവിരുദ്ധ നിലപാടെടുത്തു എന്ന് ആരോപണമുയർത്തി മസ്കിനെതിരെ വ്യാപക വിമർശനം ഇസ്രായേൽ ഭാഗത്തു നിന്ന് നേരത്തെയുണ്ടായിരുന്നു. ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ഭീമൻമാർ എക്സിനുള്ള പരസ്യം പിൻവലിക്കുന്ന സംഭവമുണ്ടായിരുന്നു. എക്സിൽ മറ്റൊരാളുടെ ജൂതവിരുദ്ധ പരാമർശത്തിന് മസ്ക് പിന്തുണ നൽകിയെന്നതും വിവാദമായി. ഇതിനൊക്കെ പരിഹാരമെന്നോണമാണ് മസ്കിന്‍റെ ഇപ്പോഴത്തെ സന്ദർശനമെന്നാണ് വിലയിരുത്തൽ.
എക്സിന്‍റെ (പഴയ ട്വിറ്റർ) പരസ്യവരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക് നൽകുമെന്ന് മസ്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലെ റെഡ് ക്രോസ്, റെഡ് ക്രസന്‍റ് ഏജൻസികൾക്കും ഇസ്രായേലിലെ ആശുപത്രികൾക്കുമാണ് തുക കൈമാറുക. നേരത്തെ, ഗസ്സക്ക് ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് സേവനം മസ്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായിരുന്നില്ല. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഗസ്സയിലെ ചാരിറ്റി സംഘടനകള്‍ക്ക് ഒരുക്കുമെന്നായിരുന്നു മസ്കിന്‍റെ വാഗ്ദാനം. എന്നാൽ, ഇതിനെതിരെ രൂക്ഷ എതിർപ്പുമായി ഇസ്രായേൽ രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.