ആസ്ട്രസെനെക്ക, ഫൈസർ എന്നിവയുടെ കോവിഡ് 19 വാക്സിനുകൾ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്നതടക്കം വ്യാജ പ്രചാരണം നടത്തിയ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ച് അമേരിക്കൻ ടെക് ഭീമൻ ഫേസ്ബുക്ക്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന റഷ്യൻ ശൃംഖലയുമായി ബന്ധമുള്ള 300 ഒാളം അക്കൗണ്ടുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ, ലാറ്റിനമേരിക്ക, യു.എസ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമായും പ്രചാരണം നടത്തുന്നതെന്നും റിപ്പോർട്ടുണ്ട്.
റഷ്യൻ സംഘം 2020 നവംബർ, ഡിസംബർ മാസങ്ങളിലാണ് ആസൂത്രിതമായി വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. ട്രോളുകളും കമൻറുകളും ഉപയോഗപ്പെടുത്തിയായിരുന്നു അന്നത്തെ പ്രചാരണം. ആസ്ട്രസെനെക്ക വാക്സിൻ മനുഷ്യരെ ചിമ്പാൻസികളാക്കുമെന്നായിരുന്നു അവർ പറഞ്ഞുപരത്തിയത്. ശേഷം അൽപ്പകാലം പ്രചാരണം നിലച്ചിരുന്നു. എന്നാൽ, അഞ്ചു മാസങ്ങൾ കഴിഞ്ഞ് സംഘം വീണ്ടും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളുമായെത്തി.
ടിക്‌ടോക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ജനപ്രിയരും നിരവധി ഫോളോവേഴ്സുള്ളതുമായ അക്കൗണ്ടുകൾ വിലക്കെടുത്തായിരുന്നു വ്യാജ വാർത്തകൾ സംഘം പ്രചരിപ്പിക്കാൻ തുടങ്ങിയത്. റെഡ്ഡിറ്റ്, മീഡിയം, ചേഞ്ച് ഡോട്ട് ഓർഗ്, മെഡപ്ലൈ ഡോട്ട് കോ യുകെ തുടങ്ങിയ പ്ലാറ്ഫോമുകളും അതിനായി ഉപയോഗപ്പെടുത്തി.
വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കാത്തതിന് വലിയ വിമർശനങ്ങൾ നേരിട്ട ഫേസ്ബുക്ക് റഷ്യൻ സംഘത്തിെൻറ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. 65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നടപടിയുടെ ഭാഗമായി നക്കം ചെയ്തു. വിദേശ ഇടപെടലിനെതിരായ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.