അർഷ്ദീപിനെ 'ഖാലിസ്ഥാനി'യാക്കി വിക്കിപീഡിയ; പ്രതികരണവുമായി കേന്ദ്ര സർക്കാർ

ഏഷ്യാ കപ്പ് ട്വന്റി20യിൽ ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിൽ ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടതിനെ തുടർന്ന് ഇന്ത്യൻ താരം അർഷ്ദീപ് സിങ് കനത്ത സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ താരത്തെ ഖാലിസ്ഥാനി എന്ന് വിളിച്ചാണ് അധിക്ഷേപിക്കുന്നത്. അർഷ്ദീപിന്റെ കുടുംബത്തെയും വെറുതെ വിടുന്ന മട്ടില്ല. ചിലർ താരത്തിന്റെ വിക്കിപീഡിയ പേജിൽ കയറിയും ഉപദ്രവം തുടർന്നു. അർഷ്ദീപിന് ഖാലിസ്ഥാൻ ബന്ധമുള്ളതായി ചിത്രീകരിക്കുന്ന രീതിയിൽ പേജിൽ പലതും എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു.

''2018-ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ 'ഖാലിസ്ഥാൻ' സ്ക്വാഡിൽ താരമുണ്ടായിരുന്നെന്നും, 2022 ജൂലൈയിൽ ഖാലിസ്ഥാന് വേണ്ടി അന്തരാഷ്ട്ര അരങ്ങേറ്റം കുറിച്ചെന്നും, ആഗസ്തിൽ ഖാലിസ്ഥാന്റെ ഏഷ്യ കപ്പ് സ്ക്വാഡിൽ ഇടംപിടിച്ചെന്നു'മൊക്കെയാണ് എഴുതി ചേർത്തിരിക്കുന്നത്. താരത്തിന്റെ വിക്കിപീഡിയ പേജിന്റെ എഡിറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ, രജിസ്റ്റർ ചെയ്യാത്ത ഒരു വിക്കിപീഡിയ യൂസർ പേജിൽ "ഇന്ത്യ" എന്ന വാക്കുകൾക്ക് പകരം "ഖാലിസ്ഥാൻ" എന്ന് പ്രൊഫൈലിൽ പലയിടത്തും ചേർത്തു. കൂടാതെ താരത്തിന്റെ പേര് "മേജർ അർഷ്ദീപ് സിംഗ് ബജ്വ" എന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.


പാക്കിസ്ഥാനുമായി ബന്ധമുള്ള അക്കൗണ്ടുകളാണ് തിരുത്തലുകൾ വരുത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അതേസമയം, അർഷ്ദീപ് സിങ്ങിന്റെ പേജിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് വിക്കിപീഡിയക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിട്ടുണ്ട്.

'ഉപയോക്താക്കൾക്ക് ഉപദ്രവമാകുന്ന ഇത്തരം തെറ്റായ വിവരങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റിനെക്കുറിച്ചുള്ള സർക്കാരിന്റെ പ്രതീക്ഷകളെ ലംഘിക്കുന്നതാണിതെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിക്കിപീഡിയ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിക്കിപീഡിയ പേജുകളിൽ തിരുത്തൽ വരുത്തുന്നത് നിർത്താൻ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

രവി ബിഷ്‌ണോയി എറിഞ്ഞ 18-ആം ഓവറിലെ മൂന്നാം പന്തിൽ ആസിഫ് അലിയുടെ നിര്‍ണായകമായ ക്യാച്ച് കൈവിട്ടതിന് പിന്നാലെയായിരുന്നു അർഷ്ദീപിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി, താരങ്ങളായ ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആസിഫ് അലിയുടെ വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കവേ, രവി ബിഷ്‌ണോയിക്കെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാൽ, പറന്നുയർന്ന് പന്ത് എത്തിയത് അര്‍ഷ്ദീപിന്റെ കൈകളിലേക്കായിരുന്നു. അനായാസ ക്യാച്ച് താരത്തിന് കൈയിലൊതുക്കാനായില്ല. മത്സരത്തിന്റെ അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി അര്‍ഷ്‌ദീപ് ഇന്ത്യക്ക് പ്രതീക്ഷ നൽകുകയും മത്സരം 19.5 ഓവറിലേക്ക് നീട്ടുകയും ചെയ്തിരുന്നു. 

Tags:    
News Summary - false info on Arshdeep Singh; Indian govt slams Wikipedia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.