ഗൂഗിൾ പിരിച്ചുവിട്ട ജീവനക്കാർ ഒരുമിച്ചു, ഒരു സ്റ്റാർട്ടപ്പിനായി

ലക്ഷങ്ങളും കോടികളും ശമ്പളമുള്ള ഹൈ-പ്രൊഫൈൽ ജോലികൾ ഉപേക്ഷിച്ച് സ്വന്തം പാഷൻ പിന്തുടർന്നും സ്റ്റാർട്ടപ്പുകളിലൂടെയും വലിയ വിജയം കൈവരിച്ചവരെ കുറിച്ചുള്ള കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ മെറ്റാ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ട്വിറ്റർ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പിരിച്ചുവിട്ട മൂന്ന് ലക്ഷത്തിലധികം ടെക് ജീവനക്കാർക്ക് സംരംഭകത്വം എന്നത് അഭിനിവേശത്തേക്കാൾ അതിജീവനമാണ്. പ്രത്യേകിച്ച് സമാന രീതിയിലുള്ള കമ്പനികൾ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുന്ന ഈ കാലത്ത്.

അതായിരിക്കാം, ഒരുപക്ഷേ ഗൂഗിളിലെ മുൻ ജീവനക്കാരനായ ഹെൻറി കിർക്കിനെയും അദ്ദേഹത്തോടൊപ്പം പിരിച്ചുവിട്ട ആറ് സഹപ്രവർത്തകരെയും സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ പ്രേരിപ്പിച്ചത്.

തൊഴിൽ നഷ്ടമായവർക്കുള്ള ധാർമ്മിക പിന്തുണയ്‌ക്കായി സൃഷ്‌ടിച്ച ഒരു ഗ്രൂപ്പ് ചാറ്റിൽ നിന്നാണ് കിർകിന്റെ കീഴിലുള്ള സ്റ്റാർട്ടപ്പ് ജനിച്ചത്. സ്റ്റാർട്ടപ്പുകളെ ഫണ്ട് സുരക്ഷിതമാക്കാൻ സഹായിക്കുന്നതിനും മുൻ ഗൂഗിൾ ജീവനക്കാരടക്കം ജോലി നഷ്ടമായവരെ സഹായിക്കലുമൊക്കെയാണ് ലക്ഷ്യം. കമ്പനികൾക്കായി ഡിസൈൻ ടൂളുകളും ഗവേഷണ സേവനങ്ങളുമാകും കിർക് പുതിയ സംരംഭത്തിലൂടെ നൽകുക. ഗൂഗിളിൽ നിന്നുള്ള അനുഭവപരിചയമുള്ള അദ്ദേഹത്തിന്റെ ടീമും അതിനായി പ്രവർത്തിക്കും. ഇതുവരെ തങ്ങളുടെ സ്റ്റാർട്ടപ്പിനൊരു പേര് അവർ കണ്ടെത്തിയിട്ടില്ല. എന്നാൽ, സ്റ്റാർട്ടപ്പ് സമാരംഭിക്കുന്നതിനുള്ള സമയപരിധിയായി മാർച്ച് അവസാനം നിശ്ചയിച്ചിട്ടുണ്ട്.

എട്ട് വർഷം ജോലി ചെയ്ത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതിന്റെ ഞെട്ടലിലും നിരാശയിലുമാണ് കിർക്. ഒരു സുപ്രഭാതത്തിൽ തന്റെ വർക് ഇ-മെയിലിലേക്കും സിസ്റ്റത്തിലേക്കും പ്രവേശിക്കാൻ കിർകിന് കഴിയാതാവുകയായിരുന്നു.

പിരിച്ചുവിടലുകൾ ഇപ്പോഴും ഗൂഗിളിന്റെ ആഗോള തലത്തിലുള്ള തൊഴിലാളികളെ ബാധിക്കുന്നുണ്ട്. കൂടാതെ 1.5 ലക്ഷം ആളുകളെ പിരിച്ചുവിടണമെന്നാണ് പ്രധാന നിക്ഷേപകനായ ക്രിസ്റ്റഫർ ഹോൺ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Former Google employees come together to launch startup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.