ഇലോൺ മസ്കിനെതിരെ കേസ് കൊടുത്ത് മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാൾ

ജാക് ഡോർസി പദവിയൊഴിഞ്ഞതിനു പിന്നാലെ ട്വിറ്റർ സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യക്കാരനായിരുന്നു പരാഗ് അഗ്രവാൾ. എന്നാൽ, സ്ഥാനമേറ്റെടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ ത​ന്നെ കമ്പനിയുടെ പുതിയ മുതലാളി മുംബൈ സ്വദേശിയായ പരാഗിനെ യാതൊരു മുന്നറിയിപ്പും കൂടാതെ പുറത്താക്കി. ട്വിറ്ററിൽ നിന്ന് മസ്ക് പരാഗിനെ പുറത്താക്കിയ സംഭവം ആഗോളതലത്തിൽ വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ഇലോൺ മസ്കിനെതിരെ രംഗത്തുവന്നിരിക്കുകയാണ് പരാഗ്.

തന്നെ ട്വിറ്റര്‍ മേധാവി സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ കമ്പനി തനിക്കു തരാനുള്ള 128 ദശലക്ഷം ഡോളര്‍ ഇതുവരെ തന്നിട്ടില്ലെന്ന് പരാഗ് അഗ്രവാള്‍ ആരോപിച്ചു. കമ്പനി മേധാവി മസ്‌കിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. മൂന്നു മുന്‍ ട്വിറ്റര്‍ എക്‌സിക്യൂട്ടിവ് മാരും മസ്‌കിനെതിരെ കേസുമായി രംഗത്തെത്തിയിട്ടുണ്ട്.

2022-ൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് തങ്ങളോട് പ്രതികാര മനോഭാവം വെച്ചുപുലർത്തുകയായിരുന്നുവെന്ന് ട്വിറ്ററിലെ മുൻ ഉന്നത ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. തിങ്കളാഴ്ച വടക്കൻ കാലിഫോർണിയയിലെ ഫെഡറൽ കോടതിയിലായിരുന്നു അവർ പരാതി നൽകിയത്. പിരിച്ചുവിട്ടതിന് പിന്നാലെ തങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച 200 ദശലക്ഷം ഡോളർ തടഞ്ഞുവെക്കുമെന്ന് മസ്ക് പ്രതിജ്ഞയെടുത്തതായി അവർ ആരോപിക്കുന്നു.

എക്‌സ് എന്ന് ഇലോൺ മസ്ക് പുനർനാമകരണം ചെയ്ത ട്വിറ്ററിനെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. 2002 അവസാനത്തിലും 2023 ൻ്റെ തുടക്കത്തിലും പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ പരാജയപ്പെട്ടതുൾപ്പെടെ നിരവധി തൊഴിൽ, വർക് പ്ലേസ് ലംഘന ആരോപണങ്ങളാണ് കമ്പനിക്കെതിരെ വന്നത്.

ട്വിറ്റർ ഏറ്റെടുത്തയുടൻ, മസ്‌ക് അഗ്രവാളിനെ കൂടാതെ നിരവധി ഉയർന്ന റാങ്കിലുള്ള എക്‌സിക്യൂട്ടീവുകളെയും പുറത്താക്കിയിരുന്നു. കമ്പനിയുടെ ഉന്നത നിയമ, നയ ഉദ്യോഗസ്ഥനായിരുന്ന വിജയ ഗാഡെ; ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ; ട്വിറ്ററിൻ്റെ ജനറൽ കൗൺസൽ സീൻ എഡ്ജറ്റ് എന്നിവർക്കെല്ലാം ജോലി നഷ്ടമായി.

Tags:    
News Summary - Former Twitter CEO Parag Agarwal and Three Others Sue Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.