ആഗോള സൈബർ സുരക്ഷാ ഉച്ചകോടി റിട്സ് കാൾട്ടൺ ഹോട്ടലിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽ-സഊദ് ഉദ്ഘാടനം ചെയ്യുന്നു

ആഗോള സൈബർ സുരക്ഷാ ഉച്ചകോടിക്ക് റിയാദിൽ തുടക്കം

റിയാദ്: സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ വിജ്ഞാന വാതിലുകൾ തുറക്കുകയും പരിഹാര വഴികൾ തേടുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന രണ്ടാമത് ആഗോള സൈബർ സുരക്ഷാ ഉച്ചകോടിക്ക് (സൈബർ സെക്യൂരിറ്റി ഫോറം) റിയാദിൽ ഗംഭീര തുടക്കം. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അൽ-സഊദ് ഫോറം റിട്സ് കാൾട്ടൺ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു. ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ സൗദി നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റിയാണ് വിഷയത്തിൽ ആഗോള സഹകരണ അടിത്തറ കെട്ടിപ്പടുക്കാൻ സഹായിക്കുംവിധം 120-ൽ പരം അന്താരാഷ്ട്ര പ്രഭാഷകരെയും 100-ഓളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ദ്വിദിന ഫോറം സംഘടിപ്പിക്കുന്നത്.

 'ആഗോള സൈബർ ക്രമത്തിൽ പുനർ വിചിന്തനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫോറത്തിൽ വിവിധ രാജ്യങ്ങളിലെ തീരുമാനാധികാരമുള്ള ഉന്നത സൈബർ വിദഗ്ധർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ആഗോള കമ്പനികളുടെ മേധാവികൾ, അക്കാദമിക് വിദഗ്ധർ എന്നിവരാണ് പങ്കെടുക്കുന്നത്. സൈബർ മേഖല, ജിയോ സൈബർ വികസനം, സൈബർ ശൃംഖലയുടെ ഭാവി, എല്ലാവർക്കും സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ഫോറത്തിൽ ചർച്ച ചെയ്യുക. ഇതിനായി 30 ലധികം പാനലുകൾ രൂപപ്പെടുത്തിയിട്ടുണ്ട്.

സൈബർ സുരക്ഷാ സംവിധാനങ്ങൾ വളർച്ച പ്രാപിച്ചുകൊണ്ടേയിരിക്കുമെന്നും ഊർജ മേഖലയിലെ സങ്കേതിക സുരക്ഷ വർധിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും പ്രാരംഭ സെഷനെ സംബോധന ചെയ്ത വേൾഡ് ഇക്കണോമിക് ഫോറം മാനേജിങ് ഡയറക്റ്റർ ജെർമി ജൂർഗൻസ് പറഞ്ഞു. ഉൽപാദനം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഊർജ മേഖല. വ്യവസായങ്ങളുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായ സമൃദ്ധിയുടെ ഇന്ധനമെന്ന നിലക്ക് അതിന്റെ സുരക്ഷ പ്രധാനമാണ്. ദേശസുരക്ഷയും മനുഷ്യജീവനുമായി ബന്ധപ്പെട്ടും സൈബർ സംരക്ഷണം അനിവാര്യമാണ്.

 അറിവില്ലായ്മയാണ് സൈബർ സുരക്ഷ നേരിടുന്ന വലിയ പ്രശ്നമാണെന്ന് എ.ബി.ബി സൈബർ സെക്യൂരിറ്റി പ്രോഡക്ട്സ് ഗ്ലോബൽ മാനേജർ റോബർട്ട് പുട്മാൻ പറഞ്ഞു. എന്താണ് അപകട സധ്യതയെന്നോ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അറിയാത്തത് സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. മുൻഗണനാ ക്രമത്തിൽ സൈബർ സെക്യൂരിറ്റി ഉൽപന്നങ്ങൾ ഉപയോഗിച്ച് അപകട സധ്യത മനസ്സിലാക്കി ആഘാതം കുറക്കാനാകുമെന്ന് പുട് മാൻ ചൂണ്ടിക്കാട്ടി.

സൈബറിടങ്ങളിലെ റെഗുലേറ്ററി മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തുകൊണ്ട് സർക്കാരുകൾക്ക് സൈബർ സുരക്ഷാഭീഷണി ചെറുക്കാനാകുമെന്ന് സിസോ ഗ്ലോബൽ സെക്യൂരിറ്റി വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ബ്ലാസിയോ അഭിപ്രായപ്പെട്ടു. ഹരിതവത്കരണ അജണ്ടയുടെ പൂർത്തീകരണത്തിന് സങ്കേതികത അനിവാര്യമായിരിക്കെ മനുഷ്യനും യന്ത്രത്തിനുമിടയിൽ ദൃശ്യപരതയും മികച്ച ആശയവിനിമയവും ഉണ്ടാകേണ്ടതുണ്ട്. അത് വൈകാതെ യാഥാർഥ്യമാകുമെന്ന് ബ്ലാസിയോ പ്രത്യാശിച്ചു.


വ്യാഴാഴ്ചയിലെ രണ്ടാം ദിന സെഷനുകളിൽ ഫോറം സൈബർ സുരക്ഷയിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യവും പരിഹാര നടപടികളും ചർച്ച ചെയ്യും. ഭാവി വെല്ലുവിളികളെ നേരിടുന്നതിൽ ശാക്തീകരണം സധ്യമാക്കുക എന്ന ലക്ഷ്യവും സൈബർ സെക്യൂരിറ്റി അതോറിറ്റി അധികൃതർക്കുണ്ട്.

Tags:    
News Summary - Global Cybersecurity Forum kicks off in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.