പ്രതീകാത്മക ചിത്രം

കമ്പ്യൂട്ടറിലെ ഓരോ നീക്കവും സ്‌ക്രീന്‍ഷോട്ട് അടക്കം തൊഴിലുടമക്ക് നല്‍കും; ടെക്കികള്‍ക്ക് പാരയായി എ.ഐ ടൂൾ

നിര്‍മിതബുദ്ധിയുടെ വരവോടെ പണികിട്ടിയവരും പണിപോയവരും ധാരാളമുണ്ട് നമുക്ക് ചുറ്റും. വീട്ടുജോലി മുതല്‍ ഓഫീസ് ജോലി വരെ ചെയ്ത് തരുമെങ്കിലും ഡീപ് ഫെയ്ക്ക് പോലുള്ള ചീത്തപ്പേരും എ.ഐക്കുണ്ട്. ഇപ്പോഴിതാ ടെക്കികളുടെ ജോലി വിലയിരുത്താനായി അവതരിച്ചിരിക്കുകയാണ് 'ഡിസ്റ്റോപിയന്‍' എന്നൊരു എ.ഐ സോഫ്റ്റ്‍വെയർ. ഒരു റെഡിറ്റ് ഉപയോക്താവാണ് ഡിസ്റ്റോപിയനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കമ്പനി ജീവനക്കാരുടെ ഓരോ നീക്കവും, പ്രവര്‍ത്തനവും കാര്യക്ഷമതയും സൂക്ഷ്മതലത്തില്‍ വിലയിരുത്തി ഓരോരുത്തരുടേയും ‘പ്രൊഡക്ടിവിറ്റി ഗ്രാഫ്’ നിര്‍മിക്കലാണ് ഡിസ്‌റ്റോപ്പിയന്റെ പ്രധാന ജോലി. മോണിറ്ററിങ് മാത്രമല്ല വിലയിരുത്തലില്‍ മോശം പ്രകടനമാണെന്ന് കണ്ടാല്‍ പിരിച്ചുവിടാനുള്ള നിര്‍ദേശവും ഡിസ്റ്റോപിയന്‍ തൊഴിലുടമകള്‍ക്ക് നല്‍കും. മാത്രമല്ല ജീവനക്കാര്‍ക്ക് പകരം എ.ഐ സംവിധാനം സാധ്യമാകുന്ന മേഖലകളും സോഫ്റ്റ്‍വെയർ കണ്ടെത്തി നല്‍കും.

പൂര്‍ണമായ കീലോഗിങ്, മൗസിന്റെ ചലനങ്ങള്‍ ട്രാക്കുചെയ്യല്‍, നിശ്ചിത ഇടവേളകളില്‍ ജീവനക്കാരുടെ ഡെസ്‌ക്ടോപ്പിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കല്‍ എന്നിവയിലൂടെയാണ് ഈ എ.ഐ ടൂള്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തുക. ഇതിനായി ജീവനക്കാരെ ജോലി അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളാക്കി തിരിക്കും. ശേഷം ഉപയോക്താവ് ഒരുദിവസം ഏതൊക്കെ പ്രോഗ്രാം ഉപയോഗിക്കുന്നു, ഏതൊക്കെ ആപ്ലിക്കേഷന്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു, എത്ര ഇടവിട്ട് തുറക്കുന്നു, ബ്രൗസിങ് ഹിസ്റ്ററി, എത്ര വേഗത്തില്‍ ടൈപ്പ് ചെയ്യുന്നു, എത്ര തവണ ബാക്ക് സ്‌പേസ് ഉപയോഗിക്കുന്നു, അയച്ച മെയിലുകളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് സോഫ്റ്റ്‍വെയർ ഒരു പ്രൊഡക്ടിവിറ്റി ഗ്രാഫ് തയ്യാറാക്കും.

ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി താരതമ്യം ചെയ്ത് ഓരോ ഉപയോക്താവിന്റേയും മികവ് വിലയിരുത്തും. നിശ്ചിത കട്ടോഫില്‍ താഴെ വരുന്ന ജീവനക്കാര്‍ക്ക് റെഡ് ഫ്‌ളാഗാണ് യോഗം. ഈ ജീവനക്കാരുടെ വിവരങ്ങള്‍ അതേ ക്ഷണം തൊഴിലുടമകള്‍ക്ക് ലഭ്യമാവുകയും അത് കണക്കിലെടുത്ത് പിരിച്ചുവിടാനും സാധിക്കും. റെഡിറ്റിലെ പോസ്റ്റ് വൈറലായതോടെ ആശങ്കയറിയിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. എന്നാൽ ഇത്തരം കാര്യങ്ങൾ മുമ്പുതന്നെ നിരീക്ഷണവിധേയമാണെന്നും പുതിയ കാര്യമല്ലെന്നും മറ്റുചിലർ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - 'Dystopian' AI Workplace Software That Tracks Every Move Has Employees Worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.