ലണ്ടൻ: സാങ്കേതികവിദ്യയിലെ മാറ്റത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണെന്നും അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ നിർമിത ബുദ്ധി മനുഷ്യരുടെ വംശനാശത്തിന് വഴിവെക്കാനുള്ള സാധ്യത 10 മുതൽ 20 ശതമാനം വരെയാണെന്നും പ്രമുഖ ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും നിർമിത ബുദ്ധിയുടെ ‘ഗോഡ്ഫാദർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭയുമായ പ്രഫസർ ജെഫ്രി ഹിന്റൺ.
എ.ഐയിലെ പ്രവർത്തനത്തിന് ഈ വർഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച പ്രൊഫസർ ഹിന്റൺ, സാങ്കേതിക വിദ്യ മനുഷ്യരാശിക്ക് വിനാശകരമായ ഫലമുണ്ടാക്കാൻ 10 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു മുമ്പ് പ്രവചിച്ചിരുന്നത്. എന്നാൽ, ബി.ബി.സി റേഡിയോ 4ന്റെ പ്രോഗ്രാമിൽ, നേരത്തെയുള്ള വിശകലനമനുസരിച്ച് അത് സംഭവിക്കാനുള്ള 10 ശതമാനം സാധ്യതയിൽ മാറ്റമുണ്ടോ എന്ന ചോദ്യത്തിന്, ‘10 ശതമാനം മുതൽ മുതൽ 20 ശതമാനം വരെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇപ്പോഴുള്ള സാഹചര്യം, ഈ മേഖലയിലെ മിക്ക വിദഗ്ധരും ചിന്തിക്കുന്നത് ഒരുപക്ഷേ അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യരേക്കാൾ മിടുക്കരായ എ.ഐകളെ തങ്ങൾക്ക് വികസിപ്പിക്കാനാവുമെന്നാണ്. ഇത് വളരെ ഭയാനകമായ ഒരു ചിന്തയാണ്. വികസനത്തിന്റെ തീവ്രത വളരെ വേഗമേറിയതാണ്. താൻ പ്രതീക്ഷിച്ചതിലും എത്രയോ വേഗത്തിലാണെന്നും ഹിന്റൺ പറഞ്ഞു.
സാങ്കേതികവിദ്യയുടെ മേലുള്ള സർക്കാർ നിയന്ത്രണവും അദ്ദേഹം ആവശ്യപ്പെട്ടു. ‘അദൃശ്യമായ കരങ്ങൾ നമ്മെ സുരക്ഷിതരാക്കുകയില്ല എന്നതാണ് എന്റെ ആശങ്ക. അതിനാൽ വൻകിട കമ്പനികളുടെ ലാഭലക്ഷ്യത്തിന് ഇതിനെ വിടുന്നത് അവരത് സുരക്ഷിതമായി വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ പര്യാപ്തമല്ല. സുരക്ഷയെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ ആ വലിയ കമ്പനികളെ നിർബന്ധിക്കുന്ന ഒരേയൊരു കാര്യം സർക്കാർ നിയന്ത്രണമാണ് -അദ്ദേഹം പറഞ്ഞു.
കൂടുതൽ ബുദ്ധിശക്തിയുള്ളവരെ അത് കുറഞ്ഞവരാൽ നിയന്ത്രിക്കപ്പെടുന്നതിന്റെ എത്ര ഉദാഹരണങ്ങൾ നിങ്ങൾക്കറിയാം? വളരെ കുറച്ച് ഉദാഹരണങ്ങളേയുള്ളൂ. അമ്മയും കുഞ്ഞും ഉണ്ട്. പക്ഷെ, അമ്മയെ നിയന്ത്രിക്കാൻ കുഞ്ഞിനെ അനുവദിക്കുന്നവിധം പരിണാമം വളരെയധികം സംഭവിച്ചു. അതിശക്തമായ എ.ഐ സംവിധാനങ്ങളുടെ ബുദ്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇനി മനുഷ്യർ കൊച്ചുകുട്ടികളെപ്പോലെയായിരിക്കുമെന്ന് ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ കൂടിയായ ഹിന്റൺ പറഞ്ഞു. ‘ഞാൻ ഇതുപോലെ ചിന്തിക്കാൻ താൽപര്യപ്പെടുന്നു. നിങ്ങളെയും ഒരു മൂന്ന് വയസ്സുകാരനെയും സങ്കൽപ്പിക്കുക. നിങ്ങൾ അപ്പോൾ മൂന്ന് വയസ്സുള്ള കുട്ടിയായി മാറും’-അദ്ദേഹം പറഞ്ഞു.
നിയന്ത്രണമില്ലാത്ത എ.ഐയുടെ വികാസം സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ തുറന്ന് സംസാരിക്കുന്നതിനായി ഗൂഗ്ളിലെ ജോലിയിൽ നിന്ന് രാജിവെച്ചതിനു പിന്നാലെ ഹിന്റൺ കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു. ‘മോശം അഭിനേതാക്കൾ’ മറ്റുള്ളവരെ ദ്രോഹിക്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. സാങ്കേതികവിദ്യയെക്കുറിച്ചുള്ള തന്റെ പ്രവർത്തനം ആദ്യമായി ആരംഭിച്ചപ്പോൾ ഭാവിയിൽ ഒരു ഘട്ടത്തിൽ നമ്മൾ ഇവിടെയെത്തുമെന്ന് താൻ കരുതിയിരുന്നതായും ഹിന്റൺ പറഞ്ഞു:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മനുഷ്യരേക്കാൾ സ്മാർട്ടായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നത്, മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് ‘അസ്തിത്വ ഭീഷണി’ ഉയർത്തുന്ന സാങ്കേതികവിദ്യയിലേക്ക് നയിക്കുമെന്നതാണ് എ.ഐ സുരക്ഷാ പ്രചാരകരുടെ പ്രധാന ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.