നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ‘ഹോട് ടോപിക്’. ഓപൺഎഐയുടെ ചാറ്റ്ജിപിടി എന്ന എ.ഐ സെർച് എഞ്ചിന്റെ പിറവിയോടെയാണ് സത്യത്തിൽ അതിന് ചൂട് കൂടിയത്. എന്നാൽ ഇലോൺ മസ്ക് അടക്കമുള്ള പ്രമുഖർ എഐ-യെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾ ആറുമാസത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഭാവിയിലെ വലിയ അപകട സാധ്യതകളിലൊന്നാണ് എഐ എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗോഡ്ഫാദർ തന്നെയാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റൺ ഒരു ദശാബ്ദത്തിലേറെയായി ഗൂഗിളിൽ പ്രവർത്തിച്ചുവരികയായിരുന്നു. അദ്ദേഹം ഗൂഗിളിൽ നിന്ന് രാജിവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 2018-ലെ ട്യൂറിംഗ് അവാർഡ് (Turing Award) നേടിയതിന് ശേഷമാണ് ‘എ.ഐയുടെ ഗോഡ്ഫാദർ' എന്ന് അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്.
ഗൂഗിൾ വിട്ടതിന്റെ കാരണം അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എ.ഐ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാൻ വേണ്ടിയാണ് ഗൂഗിൾ വിട്ടതെന്നും, അങ്ങനെ ചെയ്തത് കൊണ്ട് താൻ പറയുന്ന കാര്യങ്ങൾ ഗൂഗിളിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ എന്ന് ചിന്തിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ ന്യൂയോർക് ടൈംസിൽ ഗൂഗിളിനെ വിമർശിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഗൂഗിൾ വിട്ടതെന്നാണ് കേഡ് മെറ്റ്സ് സൂചിപ്പിക്കുന്നത്. യഥാർത്ഥത്തിൽ, ഗൂഗിളിനെ എങ്ങനെ ബാധിക്കുന്നുവെന്നത് പരിഗണിക്കാതെ AI-യുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. ഗൂഗിൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചത്. -ജെഫ്രി ഹിന്റൺ ട്വീറ്റ് ചെയ്തു. എന്തായാലും എ.ഐയുടെ ഗോഡ്ഫാദറിന്റെ ട്വീറ്റ് നെറ്റിസൺസിനെ ആകുലരാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.