സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിലൊന്നായ വൺപ്ലസിന്റെ യൂസർമാർക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണി കിട്ടിയിരിക്കുകയാണ്. വൺപ്ലസ് ഫോണുകളുടെ ഓപറേറ്റിങ് സിസ്റ്റമായ ഓക്സിജൻ ഒ.എസിന്റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ചിലരുടെ ഫോണിന്റെ ഡിസ്‍പ്ലേയിൽ പച്ച വരകൾ ദൃശ്യമായി.
സ്‌മാർട്ട്‌ഫോൺ ഡിസ്‌പ്ലേകളിലും മറ്റും പച്ച വരകൾ സാധാരണയായി ദൃശ്യമാകുന്നത് കണക്ടറിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴോ ഉപകരണം തകരാറിലായാലോ ആണ്. അതൊരു ഹാർഡ്‌വെയർ പ്രശ്നമാണ്. എന്നാൽ, സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ അവ ദൃശ്യമായതിന്റെ ഞെട്ടലിലാണ് വൺപ്ലസ് യൂസർമാർ.
ഓക്സിജൻ ഒ.എസ് 13-ലേക്ക് അപ്ഡേറ്റ് ചെയ്ത പല വൺപ്ലസ് ഫോണുകളിലും പച്ച വരകൾ ദൃശ്യമായതായി ട്വിറ്ററിലെ സമീപകാല റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വൺപ്ലസ് 8, വൺപ്ലസ് 8ടി, വൺപ്ലസ് 8 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9ആർ, എന്നീ മോഡലുകൾ അതിൽ ഉൾപ്പെടുന്നു. വൺപ്ലസ് 10 പ്രോ സീരീസ് ഒഴിച്ചുള്ള ഓക്സിജൻ ഒ.എസ് 13 പിന്തുണക്കുന്ന ഏകദേശം എല്ലാ ഫോണുകളിലും ഈ പ്രശ്നം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എത്രയും പെട്ടന്ന് ഫോണുകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ നൽകുന്നതിന് പേരുകേട്ട വൺപ്ലസ്, സമീപകാലത്താണ് അവരുടെ ഒ.എസിൽ മാറ്റം വരുത്തി ഒപ്പോയുടെ കളർ ഒ.എസിന് സമാനമാക്കിയത്. ഏറ്റവും മികച്ച യൂസർ ഇന്റർഫേസ് അനുഭവം നൽകുന്ന ഓക്സിജൻ ഒ.എസിന് ഇതെന്ത് പറ്റിയെന്നാണ് സ്മാർട്ട്ഫോൺ പ്രേമികൾ ചോദിക്കുന്നത്. നേരത്തെ റിയൽമി ഫോണുകളിലും ഈ പ്രശ്നം നേരിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിൽ അപ്ഡേറ്റിന് ശേഷം പച്ചവരകൾ സ്ക്രീനിൽ ദൃശ്യമായ യൂസർമാർ പെട്ടന്ന് തന്നെ സർവീസ് സെന്ററുകളുടെ സഹായം തേടുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.