കൊച്ചി: പാലക്കാട്ടുള്ള അച്ഛമ്മക്ക് ചെയ്ത ഫോൺകാൾ കിട്ടാത്തതിനു പിന്നാലെ എ.ഐ അവതാറിനെ സൃഷ്ടിച്ചതിന്റെ കഥയാണ് 15കാരൻ ‘ടെക്കി’ ഉദയ് ശങ്കറിന് പറയാനുള്ളത്. തിരക്കുകാരണം ഫോണിൽ കിട്ടാതിരുന്ന അച്ഛമ്മയെ നിര്‍മിതബുദ്ധികൊണ്ട് പുനഃസൃഷ്ടിച്ചുതന്നെ സംസാരിക്കാമെന്ന് ഉദയ് ശങ്കർ തീരുമാനിക്കുന്നിടത്താണ് ജെൻ എ.ഐ കോൺക്ലേവിലെ പ്രദർശനത്തിലുണ്ടായിരുന്ന മൾട്ടിടോക് അവതാറിന്റെ പിറവി.
കൊച്ചി വൈറ്റില സ്വദേശിയായ ഉദയിന്റെ സംരംഭങ്ങളുടെ തുടക്കം ഉറവ് അഡ്വാന്‍സ്ഡ് ലേണിങ് സിസ്റ്റംസ് എന്ന സ്റ്റാര്‍ട്ടപ്പിലൂടെയാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഭാഷിണി എന്ന ആപ്പിനാണ് ഉദയിന് ഇന്ത്യ പേറ്റന്റ് ലഭിച്ചത്.
എട്ടാം ക്ലാസില്‍ പരമ്പരാഗത സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് ഓപണ്‍ സ്കൂള്‍ വിദ്യാഭ്യാസത്തിലേക്കെത്തിയ ഉദയ് വീട്ടിലെ ഓഫിസിലിരുന്ന് സൃഷ്ടിക്കുന്നത് സാങ്കേതികവിദ്യയിലെ അത്ഭുതങ്ങളാണ്. അഡ്വൈസ എന്നുപേരിട്ട മള്ട്ടിടോക് അവതാര്‍ എ.ഐ സ്യൂട്ട് ഉപയോഗിച്ച് ഗൂഗ്ൾ ട്രാൻസലേറ്റ് പിന്തുണക്കുന്ന ഏതു ഭാഷയിലും മറ്റ് ഭാഷക്കാരുമായി സംസാരിക്കാം.
വിമാനത്താവളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങളിലാണ് ഇത് ഏറ്റവും ഗുണകരമാകുന്നതെന്ന് ഉദയ് പറഞ്ഞു. ഏതൊരു ഫോട്ടോയില്‍നിന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് ഡിജിറ്റല്‍ ത്രീഡി രൂപം ഉണ്ടാക്കിയെടുക്കാന്‍ മള്ട്ടിടോക് അവതാറിലൂടെ സാധിക്കും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇഷ്ടമുള്ളയാളുടെ രൂപത്തില്‍ എ.ഐ ടോക്ബോട്ടുമായി സംസാരിക്കാനാകും. ഡോ. രവികുമാറിന്റെയും ശ്രീകുമാരി വിദ്യാധരന്റെയും മകനാണ് ഉദയ് ശങ്കര്‍. കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഉദയിന്റെ സ്റ്റാര്‍ട്ടപ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 15 ആപ്പുകളാണ് ഇതിനകം ഉദയ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.