റബാത്ത്: മനുഷ്യന്റെ സൗന്ദര്യ സങ്കൽപങ്ങളെയും കീഴടക്കി മൊറോക്കോയിൽ നിന്നുള്ള കെൻസ ലെയ്‌ലി ലോകത്തിലെ പ്രഥമ മിസ് എ.ഐ ആയി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ആദ്യ വെർച്വൽ സൗന്ദര്യ മത്സരത്തിൽ, 1500ലധികം കമ്പ്യൂട്ടർ മോഡിഫൈഡ് മോഡലുകളെ പിന്തള്ളിയാണ് ലെയ്‍ലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാർട്ടുകളിൽ ഒന്നാമതെത്തിയത്. മനുഷ്യരെപ്പോലെ വികാരങ്ങളില്ലെങ്കിലും താൻ ആവേശത്തിലാണെന്ന് ലെയ്‌ലി കിരീട നേട്ടത്തെക്കുറിച്ച് പ്രതികരിച്ചു. ഫ്രാൻസിൽനിന്നുള്ള ലാലിന വാലീന രണ്ടാം സ്ഥാനത്തും പോർച്ചുഗീസ് എ.ഐ മോഡൽ ഒലീവിയ മൂന്നാം സ്ഥാനത്തുമെത്തി. ഇന്ത്യയുടെ സറാ ശതാവരി അവസാന പത്തിൽ എത്തി.
എല്ലായ്‌പ്പോഴും മൊറോക്കൻ സംസ്കാരത്തെ അഭിമാനപൂർവം പ്രദർശിപ്പിക്കുക എന്നതാണ് തന്റെ അഭിലാഷമെന്നും ഇന്റർനെറ്റ് സെൻസേഷനായി മാറിയ ലെയ്‍ലി പറയുന്നു. തന്റെ പ്രശസ്തി പശ്ചിമേഷ്യയിലേയും മൊറോക്കോയിലേയും സ്ത്രീശാക്തീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പോസിറ്റിവ് റോബോട്ട് സംസ്കാരത്തെക്കുറിച്ച് അവബോധം വളർത്താനും ഉപയോഗിക്കും. മനുഷ്യരും എ.ഐയും തമ്മിലുള്ള സ്വീകാര്യതയും സഹകരണവും പ്രോത്സാഹിപ്പിക്കാനും താൻ ലക്ഷ്യമിടുന്നതായി മത്സര വിജയി പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ ലെയ്‍ലിയെ 1.97 ലക്ഷം പേർ പിന്തുടരുന്നുണ്ട്. ഭക്ഷണം, സംസ്കാരം, ഫാഷൻ, ട്രാവൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ അടങ്ങിയ കണ്ടന്റുകളാണ് ലെയ്‍ലിയുടെ പേജിൽ പ്രത്യക്ഷപ്പെടുന്നത്. മൊറോക്കോയുടെ സാംസ്കാരികമായ പ്രത്യേകതകളാണ് കെൻസ ലെയ്‌ലി എന്ന വെർച്വൽ കഥാപാത്രം കൂടുതലായി പങ്കുവെക്കുന്നത്. ഏഴ് വ്യത്യസ്ത ഭാഷകളിൽ എ.ഐ മോഡൽ ലഭ്യമാണ്. തന്റെ സ്രഷ്ടാവും ഫീനിക്സ് എ.ഐയുടെ സി.ഇ.ഒയുമായ മെറിയം ബെസ്സക്ക് വേണ്ടി 20,000 ഡോളറാണ് ലെയ്‌ലി സമ്മാനമായി നേടിയത്. മൊറോക്കൻ നഗരമായ കാസബ്ലാങ്കയാണ് ബെസ്സയുടെ സ്വദേശം.
ലോകത്തിലെ ആദ്യത്തെ എ.ഐ സൗന്ദര്യമത്സരമായിരുന്നു മിസ് എ.ഐ സൗന്ദര്യമത്സരം. മത്സരാർഥികളെ അവരുടെ രൂപം, ഓൺലൈനിൽ കമാൻഡ് ചെയ്യാനുള്ള ശേഷി, അവ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യം എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തിയത്. ഫോളോവേഴ്സുമായുള്ള എൻഗേജ്മെന്റ്, പിന്തുടരുന്നവരുടെ എണ്ണത്തിലുള്ള വർധന നിരക്ക്, പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം എന്നിവയും പരിഗണിക്കും. ഏപ്രിലിൽ ഫാൻവ്യൂ എ.ഐ ക്രിയേറ്റർ അവാർഡ് ആണ് പരിപാടി കമീഷൻ ചെയ്തത്. എ.ഐ ക്രിയേറ്റർമാർക്ക് പ്രചോദനം നൽകുന്നതിനും നല്ല ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള മികച്ച സംവിധാനമെന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചതെന്ന് ഫാൻവ്യൂ സഹസ്ഥാപകൻ വിൽ മോനാങ്ങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.