വാഷിങ്ടൺ: ഫലസ്തീനിൽ ഇസ്രയേൽ നടത്തിയ നരനായാട്ടിെൻറ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിന്ന രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായിരുന്നു ഫേസ്ബുക്കും അവരുടെ കീഴിലുള്ള ഇമേജ് ഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാമും. രണ്ട് ആപ്പുകളും ഫലസ്തീനിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി നീക്കം ചെയ്തെന്നും ഫലസ്തീന് അനുകൂലമായ ഹാഷ്ടാഗുകളുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് തടഞ്ഞെന്നുമുള്ള നിരവധി പരാതികളാണ് ഉയർന്നത്.
എന്നാൽ, യൂസർമാർക്ക് പിന്നാലെ, ഇൻസ്റ്റാഗ്രാമിലെ ജീവനക്കാരും അതേ പരാതിയുന്നയിച്ച് രംഗത്തെത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയപ്പോൾ ഫലസ്തീന് അനുകൂലമായ ഉള്ളടക്കം ഇൻസ്റ്റയിൽ കാണിച്ചില്ലെന്നാണ് ജീവനക്കാർ പരാതിപ്പെട്ടത്. അതിന് പിന്നാലെ, ഇൻസ്റ്റാഗ്രാം അതിെൻറ അൽഗൊരിതങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പോവുകയാണെന്നും ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.
ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതായുള്ള പരാതിയുയർന്നതിന് പിന്നാലെ മാതൃകമ്പനിയായ ഫേസ്ബുക്ക് അതിന് വിചിത്രമായ വിശദീകരണമാണ് നൽകിയത്. ഷെയർ ചെയ്ത് വരുന്ന പോസ്റ്റുകളേക്കാൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർ സുഹൃത്തുക്കൾ പങ്കുവെക്കുന്ന ഒറിജിനൽ ഉള്ളടക്കത്തിനോടാണ് കൂടുതൽ താൽപര്യം കാണിച്ചതെന്നും അതുകൊണ്ടാണ് അത്തരം ഒറിജിനൽ പോസ്റ്റുകൾക്ക് പ്രാധാന്യം നൽകി, റീ-പോസ്റ്റഡ് ഉള്ളടക്കങ്ങൾ കാണിക്കാതിരുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു. അൽഗൊരിതങ്ങൾക്ക് മാറ്റം വരുത്തി ഇനി രണ്ട് തരം പോസ്റ്റുകൾക്കും ഒരേ പ്രധാന്യം നൽകുമെന്നും അവർ വ്യക്തമാക്കുന്നു.
പക്ഷപാതപരമായി ഉള്ളടക്കം നീക്കം ചെയ്യുന്നതിന് സോഷ്യൽ നെറ്റ്‌വർക്കിങ് കമ്പനികൾ വിമർശനം നേരിടുന്നത് ഇതാദ്യമല്ല. അമേരിക്കയിൽ നിന്നുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ അടുത്തിടെ ഒരു പലസ്തീൻ എഴുത്തുകാരെൻറ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയിരുന്നു. പ്രതിഷേധമുയർന്നതോടെ തങ്ങൾ, ഒരു "പിശക്" പറ്റിയതാണെന്നാണ് കമ്പനി അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ, ചില ഉപയോക്താക്കൾ പലസ്തീനുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടിരുന്നു. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസെറി പിന്നീട് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.