ഒരുകാലത്ത് ചരിത്രമായിരുന്ന കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. നെതർലൻഡ്സുകാരനായ അദ്ദേഹത്തിന് 94 വയസായിരുന്നു. 1960 കളിൽ, ഐൻഹോവൻ കമ്പനിയായ ഫിലിപ്സിന്‍റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന കാലത്തായിരുന്നു ലൂ ഓട്ടൻസ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്. വലിയ റീലുകളിട്ടാൽ പാട്ടുപാടുന്ന പച്ചയും മഞ്ഞയും നിറങ്ങളുള്ള ടേപ്പ് റെക്കോർഡുകൾ ഓട്ടൻസിനെ മടുപ്പിച്ചിരുന്നു. കൂടുതൽ ഉപയോക്തൃ സൗഹൃദവും ചെറുതുമായ പകരക്കാരനെ കണ്ടെത്താനുള്ള ത്വരയാണ് കാസറ്റ് ടേപ്പിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്.
ഒാട്ടൻസിന്‍റെ കണ്ടുപിടിത്തത്തിന് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 1963ൽ വിപണിയിലെത്തിയതിന് ശേഷം 100 ബില്യണിലധികം കാസറ്റുകൾ വിൽക്കപ്പെട്ടു. എന്നാൽ, സി.ഡിയുടെ കണ്ടുപിടിത്തത്തോടെ സംഗീത പ്രേമികൾ കാസറ്റുകൾ ഉപേക്ഷിച്ച് അതിലേക്ക് തിരിഞ്ഞു. ടേപ് റെക്കോർഡറുകൾ സി.ഡി പ്ലെയറുകളുടെ കടന്നുവരവോടെ വീടുകളുടെ മൂലകളിൽ സ്ഥാനം പിടിച്ചു. ചരിത്രമായ സി.ഡി കണ്ടുപിടിത്തത്തിന് പിന്നിലും പ്രവർത്തിച്ചത് ഒാട്ടൻസായിരുന്നു. അദ്ദേഹവും ഒപ്പം ഒരു കൂട്ടം എഞ്ചിനീയർമാരും ചേർന്നായിരുന്നു വമ്പൻ ഹിറ്റായ സി.ഡി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
'താനും സഹപ്രവർത്തകരും 1960കളിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുേമ്പാൾ അത് എത്രത്തോളം പ്രാധാന്യമുള്ളതും ചരിത്രസംഭവവുമാണെന്ന കാര്യത്തിൽ വലിയ ധാരണയുണ്ടായിരുന്നില്ലെന്ന്' ഓട്ടൻസ് പതിറ്റാണ്ടുകൾക്ക് ശേഷം പറഞ്ഞിരുന്നു. 'രസകരമായി കളിച്ചുകൊണ്ടിരിക്കുന്ന ചെറിയ കുട്ടികളുടെ പ്രതീതിയായിരുന്നു അന്ന് ഞങ്ങൾക്ക്. എന്തോ വലിയ കാര്യം ചെയ്യുകയായിരുന്നു എന്ന തോന്നൽ ഒരിക്കൽപോലുമുണ്ടായിരുന്നില്ല. അതെല്ലാം ഒരുതരം കായിക വിനോദം പോലെയായിരുന്നു'. -കേസറ്റ് നിർമാണത്തിന്‍റെ ഓർമകൾ പങ്കുവെക്കവേ ഓട്ടൻസ് പറഞ്ഞു.
അതിന് ശേഷവും തന്‍റെ കണ്ടുപിടുത്തത്തെ കുറിച്ച് അദ്ദേഹം അഭിമാനിച്ചിട്ടില്ല. 'എന്‍റെ അഭിമാനം വളരെ കാലമായി ക്ഷയിച്ചുപോയി. അക്കാലത്ത് അത് ഒരു വലിയ സംഭവമായിരുന്നില്ല. അതിന്‍റെ ഫലമോ, പ്രാധാന്യമമോ ഞങ്ങൾക്ക് മനസിലായിരുന്നില്ല. ഞങ്ങൾ വീണ്ടും ഗവേഷണം തുടരുക മാത്രമാണ് ചെയ്തത്. ജോലി ഒരിക്കലും അവസാനിച്ചില്ല. -ലൂ ഓട്ടൻസ് മൂന്നുവർഷം മുമ്പ് എൻ.ആർ.സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.