സ്ത്രീകളെ ‘വീട്ടുപകരണ’മെന്നും കറുത്തവരെ ‘കാർഷികോപകരണ’മെന്നും വിശേഷിപ്പിക്കാം; നിയന്ത്രണങ്ങൾ നീക്കി ഫേസ്ബുക്

ക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉള്ളടക്ക നയത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതായി മെറ്റ പ്രഖ്യാപിച്ചത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലുൾപ്പെടെ പോളിസി മാറ്റം പ്രഖ്യാപിച്ച മെറ്റ, തങ്ങളുടെ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തുകയാണെന്ന് അറിയിച്ചിരുന്നു. ഫാക്ട് ചെക്കിങ്ങിന് പകരം കമ്യൂണിറ്റി നോട്സ് പ്രോഗ്രാമാണ് മെറ്റ അവതരിപ്പിച്ചത്. ഇതിനൊപ്പം പതിവായി രാഷ്ട്രീയ സംവാദങ്ങൾക്കിടയാക്കുന്ന കുടിയേറ്റം, ലിംഗസ്വത്വം, ലിംഗഭേദം തുടങ്ങിയ വിഷയങ്ങളിലും മെറ്റ നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

കമ്യൂണിറ്റി മാർഗരേഖ മാറുന്നതോടെ, സ്ത്രീകളെ വീട്ടുപകരണങ്ങളെന്നോ, അടുക്കളച്ചരക്കെന്നോ വിശേഷിപ്പിക്കുന്നതിന് വിലക്കുണ്ടാകില്ല. കറുത്ത വർഗക്കാരെ കാർഷികോപകരണങ്ങളെന്നും ട്രാൻസ്ജെൻഡറുകളെ ‘ഇത്’, ‘അത്’ എന്നും വിശേഷിപ്പിക്കാം. ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവയെ രാഷ്ട്രീയവും മതപരവുമായ കാഴ്ചപ്പാടുകളോടെ സമീപിക്കാം. സാധാരണമെന്ന് കരുതുന്നതിന് പുറത്തുള്ളവയെ ‘മാനസിക രോഗമോ’ ‘വിചിത്ര’മോ ആയി വിശേഷിപ്പിക്കാൻ പുതിയ നയം അനുവദിക്കുന്നു. സ്വവർഗരതിയെക്കുറിച്ചുമുള്ള രാഷ്ട്രീയവും മതപരവുമായ വ്യവഹാരങ്ങളും ഈ രീതിയിൽ കാണാം.

ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ അവരുടെ സംരക്ഷിത സ്വഭാവങ്ങൾ അടിസ്ഥാനമാക്കി ആക്ഷേപിക്കുന്നതിനെ നേരത്തെ മെറ്റ നിയന്ത്രിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥയും ഇപ്പോൾ പിൻവലിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ വ്യവസ്ഥയുടെ അഭാവത്തിൽ ഉപയോക്താക്കൾക്ക് ഇപ്പോൾ കോവിഡ്-19 മഹാമാരിയെ ചൈനക്കാരുമായി ബന്ധപ്പെടുത്താം. സൈനിക നിയമനം, നിയമ നിർവഹണം, അധ്യാപന ജോലികൾ എന്നിവയുടെ ലിംഗാധിഷ്ഠിത പരിമിതികളെക്കുറിച്ച് ഉപയോക്താക്കൾക്ക് വാദിക്കാൻ മെറ്റ പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ, കുടിയേറ്റം, സ്വവർഗരതി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ വിദ്വേഷകരമായ ഭാഷ ഉപയോഗിക്കുന്നതിൽ വിലക്കില്ല. പ്രണയബന്ധം വേർപിരിയുമ്പോൾ പ്രത്യേക ലിംഗഭേദത്തെ കുറ്റപ്പെടുത്തുന്നതിലും തടസമില്ല. വിദ്വേഷം ജനിപ്പിക്കുന്ന കണ്ടന്റുകൾ പാടില്ലെന്ന നയം പോലും മെറ്റ മാറ്റിയതായി റിപ്പോർട്ടുണ്ട്. ടെലിവിഷൻ ചാനലിലും പാർലമെന്റിലും അനുവദനീയമായ കാര്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ മാത്രം നിയന്ത്രിക്കുന്നത് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് മെറ്റ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. പുതുക്കിയ ഉള്ളടക്ക നയം ഏതാനും ആഴ്ചകൾക്കുള്ളിൽ യു.എസിൽ പ്രാബല്യത്തിൽ വരും. മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Tags:    
News Summary - Meta policy allows women to be called "household objects" on Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.